ഭാസി മലാപ്പറമ്പ്
(കളിയെഴുത്തുകാരന്)
കാഴ്ചയുടെ സൗന്ദര്യവും ആവേശവുംകൊണ്ടാണ് സെവന്‍സ് കാണികളെ പിടിച്ചിരുത്തുന്നത്. എന്നാല്‍ ഫുട്ബോളിനെ സംബന്ധിച്ച് സ്റ്റാന്റേര്‍ഡ് ഗെയിം ലെവന്‍സ് തന്നെയാണ്. മത്സരത്തിന്റെ പൂര്‍ണത ലഭിക്കണമെങ്കില്‍, ശരീരത്തിനൊപ്പം അത് മനസിനെ കൂടി സ്പര്ശിക്കണമെങ്കില് 11 പേര് വീതം കളം നിറഞ്ഞ് പരസ്പരം ഏറ്റുമുട്ടുക തന്നെ വേണം. പോരായ്മകള്‍ തിരുത്തി എല്ലാവര്‍ഷവും തുടര്‍ച്ചയായി നടത്തുകയാണെങ്കില്‍ നാഗ്ജിയടക്കം ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തിയ ടൂര്‍ണമെന്റുകള്‍ക്കും ആരാധകരുണ്ടാകും.
മത്സരത്തില്‍ മികച്ച ടീമുകളെ എത്തിക്കേണ്ടത് സംഘാടകരുടെ ബാധ്യതയാണ്. അതോടെ ഗാലറി നിറച്ച് കാണികളുണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇപ്പോഴുള്ളത് ആവേറേജ് ടീമുകളാണെന്ന കാര്യം കാണികള്‍ക്ക് അറിയാം. പ്രധാന ടീമുകളെല്ലാം മറ്റ് പല ടൂര്ണമെന്റുകളിലായതിനാലാണ് മികച്ച ടീമുകളെ നാഗ്ജിയ്ക്കായി ലഭിക്കാതെ പോയത്. സെപ്തംബര്‍ മുതല്‍ ജൂണ്‍ വരെ യൂറോപ്പില്‍ ഫുട്ബോള്‍ സീസണ് ആണ്. അതിനിടയില്‍ ജനുവരിയില്‍ ഒരു ഇടവേളയാണ് അത് ഫെബ്രുവരിയിലേക്ക് മാറ്റിയാവാം വിദേശ ടീമുകള്‍ ഇവിടെയെത്തിയിട്ടുണ്ടാവുക. നാഗ്ജി പോലുള്ള ടൂര്‍ണമെന്റുകള്‍ക്ക് ഇന്ത്യന്‍ ഫുട്ബോളിന് സംഭാവനകളൊന്നും നല്‍കാനാകില്ലെങ്കിലും കാണികളില്‍ ഫുട്ബോള്‍ ആവേശം നിറയ്ക്കാനാകും.
നാഗ്ജിയുടെ തുടക്കത്തില്‍ കാണികള്‍ കുറയാനുള്ള പ്രധാന കാരണം മത്സരം അതിന്റെ ആവേശത്തിലായിട്ടില്ലെന്ന് ഫുട്ബോള്‍ പ്രേമികള്‍ക്ക് തികഞ്ഞ ധാരണയുള്ളതിനാലാണ്. ഫുട്ബോളിനെ കുറിച്ച് നല്ല അറിവും ധാരണയുമുള്ളവരാണ് മലബാറുകാര്‍. സെവന്‍സിലും ഫൈവ്സിലും അതത് പ്രദേശത്തെ സ്വന്തം കളിക്കാര്‍ കളത്തിലിറങ്ങുന്നു എന്ന പ്രത്യേകതയുണ്ട്. ഒരു പ്രദേശത്തിലുള്ള കളിക്കാര്‍ മത്സരത്തില്‍ ഏറ്റുമുട്ടുന്നു. അപ്പോള്‍ പ്രാദേശികമായ താത്പര്യം കളിയില്‍ കാണികള്‍ക്കുണ്ടാകും. നാഗ്ജി ടൂര്‍ണമെന്റില്‍ ഒരു ഇന്ത്യന്‍ ടീമോ കേരളാ ടീമോ ഉണ്ടായിരുന്നെങ്കില്‍ കാണികളില്‍ കുറച്ചുകൂടി ആവേശമുണ്ടായേനെ. ഇവിടെ നടക്കുന്ന സെവന്‍സ് മത്സരങ്ങളില്‍ മലബാറില്‍ നിന്നുള്ള കളിക്കാര്‍ തന്നെയാണ് എന്നതിനാല്‍ സെവന്‍സ് മത്സരം സ്വന്തം മത്സരം എന്ന പ്രതീതിയുണ്ടാകും. സെവന്‍സ് കാരണം നാഗ്ജി പോലുള്ള ടൂര്‍ണമെന്റുകള്‍ക്ക് കാണികള്‍ കുറയുന്നു എന്ന് പറയുന്നത് വെറുതെയാണ്. അപ്രശസ്തരായ ടീമും കളിക്കാരുമാണെന്നതാണ് നാഗ്ജിയുടെ ശോഭ കെടുത്തുന്നത്. ഓരോ കളിക്കാരെ കുറിച്ചും കണികള്‍ക്ക് നല്ല ധാരണയുണ്ട്. ലോകകപ്പ് അടക്കം നിരവധി മത്സരങ്ങള്‍ നേരില്‍ കണ്ടിട്ടുള്ളതിനാല്‍ നാഗ്ജി ടൂര്‍ണമെന്റുകള്‍ ശരാശരിയ്ക്കും താഴെയാണെന്നാണ് എന്റെ വിലയിരുത്തല്‍.