Home » ആരോഗ്യം » ജീവിക്കാം ഹൃദയപൂര്‍വ്വം ; ഹൃദയത്തെ കുറിച്ച് അറിയേണ്ടതെല്ലാം

ജീവിക്കാം ഹൃദയപൂര്‍വ്വം ; ഹൃദയത്തെ കുറിച്ച് അറിയേണ്ടതെല്ലാം

മെട്രോ ഇന്‍റര്‍നാഷല്‍ കാര്‍ഡിയാക് സെന്‍റര്‍ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. പി പി മുഹമ്മദ് മുസ്തഫയുടെ കുറിപ്പ്

 

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ശ്വാസകോശത്തിലേക്കും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും വിശ്രമമില്ലാതെ രക്തം പമ്പ് ചെയ്യുക എന്ന ശ്രമകരമായ ജോലിയാണ് ഹൃദയത്തിന്‍റേത്. ഹൃദയം ഒരു ദിവസം 800 ലിറ്റര്‍ രക്തം പമ്പ് ചെയ്യുന്നു. ലക്ഷംതവണ സ്പന്ദിക്കുന്നു. ശിശു അമ്മയുടെ ഉദരത്തില്‍ രൂപം കൊള്ളുന്നതു മുതല്‍ ഹൃദയം മരണം വരെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നു.  ഈ പമ്പിങ്ങിന് തടസ്സമുണ്ടാവുമ്പോഴാണ് ഹൃദ്രോഗമുണ്ടാകുന്നത്. സമ്പന്നരുടെ രോഗം എന്നറിയപ്പെട്ടിരുന്ന ഹൃദ്രോഗം സാധാരണക്കാരുടെ രോഗമായി മാറിയത് വളരെ പെട്ടെന്നാണ്. കണക്കുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് ആഗോളതലത്തില്‍ ഹൃദ്രോഗത്തിന്‍റെ തലസ്ഥാനം എന്ന ഖ്യാതിയിലേക്ക് ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും ക‍ൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാനം കേരളമാണെന്നതും വസ്തുതയാണ്. കേരളത്തില്‍ ഹൃദ്രോഗവുമായി വരുന്നവരില്‍ ഏകദേശം 25 ശതമാനം ചെറുപ്പക്കാരാണ്. ഇതിന് പ്രധാന കാരണം നമ്മില്‍ പെട്ടെന്ന് വേരുപിടിച്ച ഫാസ്റ്റ്ഫുഡ് സംസ്കാരവും നാം പിന്തുടരുന്ന അനാരോഗ്യമായ ജീവിതരീതികളുമാണ്. പുകയിലയുടെ ഉപയോഗം, നിയന്ത്രണമില്ലാത്ത ഭക്ഷണം, വ്യായാമമില്ലാത്ത് ജീവിതചര്യ, അമിത മാനസിക സമ്മര്‍ദം, രക്തത്തിലെ കൊളസ്ട്രോളിന്‍റെ ആധിക്യം, അമിതവണ്ണം എന്നിവയെല്ലാം ഹൃദയത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് വിഘാതമായ ഘടകങ്ങളാണ്.

ഹൃദ്രോഗത്തെക്കുറിച്ച് കണക്കുകള്‍ സൂചിപ്പിക്കുന്ന വര്‍ധനവ് ആശങ്കാജനകമാണെങ്കിലും ഈ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുമെന്ന് വസ്തുത പലരും ഗൗരവമായി എടുക്കുന്നില്ല. രക്തസമ്മര്‍ദം, കൊളസ്ട്രോളിന്‍റെ ആധിക്യം, രക്തത്തിലെ പഞ്ചസാരയുടെ വര്‍‌ധനവ് എന്നിവയെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ ജീവിക്കുന്നവരാണ് രോഗം പിടിപെടുന്നവരില്‍ ഭൂരി‌ഭാഗവും. പലപ്പോഴും രോഗം വന്നതിനു ശേഷമാണ് പലരും പ്രതിരോധത്തെ കുറിച്ച് ചിന്തിക്കുന്നത്.

ഹൃദ്രോഗം പലപ്പോഴും അറിയാതെ പോകുന്നത് അജ്ഞത കൊണ്ടാണ്. നെഞ്ചെരിച്ചിലോ വേദനയോ വന്നാല്‍ വെറും ഗ്യാസിന്‍റെ പ്രശ്നമാണെന്ന് പറഞ്ഞ് ഗുളിക കഴിക്കുകയാണ് പലരും. ഹൃദ്രോഗത്തെ പ്രതിരോധിക്കണമെങ്കില്‍ അതുണ്ടാകാനുള്ള സാഹചര്യത്തെയും കാരണങ്ങളെയും കുറിച്ച് അറിവ് അത്യന്താപേക്ഷികമാണ്. കൂടാതെ സി. റിയാക്ടീവ് പ്രോട്ടീന്‍, ഹോമോസിസ്റ്റില്‍, ഫൈബ്രിണോജന്‍, ലിപ്പോ പ്രോട്ടീന്‍ തുടങ്ങിയവയും ഹൃദ്രോഗത്തിന് കാരണമാകുന്നു എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

 

 

രക്തസമ്മര്‍ദം

അമിത രക്തസമ്മര്‍ദമുള്ളവരില്‍ ഹൃദ്രോഗമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കൂടുന്നതിനനുസരിച്ച് ഹൃദയത്തിലേക്കുള്ള രക്തചംക്രമണ കുഴലുകളില്‍ സമ്മര്‍ദം വരികയും ഹൃദയത്തിലേക്കെത്തുന്ന രക്തത്തിന്‍റെ അളവില്‍ കുറവ് വന്ന് ഹൃദയാഘാതത്തിന് കാരണമാവും. രക്ത സമ്മര്‍ദം സാധാരണനിലയിലാക്കുക എന്നതാണ് ഹൃദയാഘാതത്തെ അകറ്റിനിര്‍ത്താനുള്ള മാര്‍ഗങ്ങളില്‍ പ്രധാനം. രക്ത സമ്മര്‍ദം പൂര്‍ണ്ണമായി ചികിത്സിച്ച് മാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും മരുന്നുകളിലൂടെ തടയാനും നിയന്ത്രിക്കാനും സാധിക്കും.

പുകയിലയുടെ ഉപയോഗം

ഹൃദ്രോഗം മൂലം മരിക്കുന്നവരില്‍ ഭൂരിഭാഗവും പുകയില ഉപയോഗിക്കുന്നവരാണ്. പുകയില ഹൃദയധമനികളെ കേടുവരുത്തുകയും രക്തത്തിലെ പൂരിത കൊഴുപ്പിനെ കുറക്കുകയും ചെയ്യുന്നു. തന്മൂലം രക്തക്കുഴലുകളില്‍ തടസ്സങ്ങള്‍ രൂപപ്പെട്ട് ഹൃദയാഘാതത്തിന് ഇടയാക്കുന്നു. മദ്യത്തിന്‍റെ മിത ഉപയോഗം രക്തത്തിലെ നല്ല കൊഴുപ്പായ എച്ച്. ഡി. എല്‍ കൊളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമിത മദ്യപാനം ഹൃദയത്തിനും ശരീരത്തിലെ മറ്റു പ്രധാന അവയവങ്ങള്‍ക്കും രോഗങ്ങള്‍ കാരണമാകുന്നുണ്ട്.രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യും.

കൊളസ്ട്രോളിന്‍റെ ആധിക്യം

ശരീരത്തിന് വളരെ പ്രയോജനമുള്ള കൊഴുപ്പാണ് കൊളസ്ട്രോള്‍. എന്നാല്‍, ശരീരം സ്വാഭാവികമായി ഉല്‍പ്പാദിപ്പിക്കുന്ന കൊളസ്ട്രോളിനൊപ്പം ക്രമീകൃതമല്ലാത്ത ഭക്ഷണരീതിയിലുള്ള ആവശ്യത്തിലധികം കൊഴുപ്പ് ശരീരത്തില്‍ എത്തിച്ചേരും. ഇതോടെ കൊളസ്ട്രോള്‍ പ്രശ്നക്കാരനായി മാറും. രക്തത്തിലെ കൊളസ്ട്രോളിന്‍റെ ആധിക്യമാണ് ഏറ്റവുമധികമായി ഹൃദയസ്തംഭനങ്ങള്‍ക്കും ഹൃദയധമനികളിലെ കേടുപാടുകള്‍ക്കും കാരണമാകുന്നത്. ചിട്ടയായ ജീവിതരീതിയിലൂടെയും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളും മറ്റു ചികിത്സകളും കൃത്യമായി പിന്തുടരുന്നതിലൂടെയും ഈ അപകടാവസ്ഥ തരണം ചെയ്യാന്‍ സാധിക്കും.

മാനസിക സമ്മര്‍ദം

സ്ഥിരമായി അനുഭവിക്കുന്ന മാനസിക സമ്മര്‍ദം ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. മാനസിക സമ്മര്‍ദം ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം കുറക്കുകയും ഹൃദയത്തിന്‍‌റെ പ്രവര്‍ത്തനക്ഷമതയില്‍ ഗണ്യമായ വ്യതിയാനം വരുത്തുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദമുള്ളവരില്‍ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത് ഹൃദ്രോഗത്തിന് കാരണമാകുന്നു. അമിത ജോലിഭാരം, നിരാശ, ദേഷ്യം, ക്ഷമയില്ലായ്മ എന്നിവയെല്ലാം സ്ഥിരമായി അനുഭവിക്കുന്നത് ഹൃദയത്തിന് ഹാനികരമാണ്. ധ്യാനം, യോഗ, സംഗിതം, വായന എന്നിവ മാനസിക പിരിമുറുക്കത്തിന് അയവ് വരുത്തും.

പ്രമേഹം

പ്രമേഹമുള്ളവര്‍ക്ക് ഹൃദ്രോഗ സാധ്യത മൂന്നിരട്ടിയാണ്. പക്ഷേ, പ്രമേഹത്തെ നന്നായി നിയന്ത്രിക്കാനായാല്‍ അത് അപകടകാരിയേ അല്ല. പ്രമേഹ രോഗികളിലെത്തുന്ന ഗ്ലൂക്കോസ് വിഘടിപ്പിക്കാതെ പോവുന്നു. ഈ ഗ്ലൂക്കോസ് കൊഴുപ്പായി രൂപാന്തരപ്പെടുകയും അത് ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. പ്രമേഹരോഗികള്‍ക്ക് ഈ രോഗം പലപ്പോഴും നിശബ്ദ കൊലയാളിയാണ്. കാരണം, പ്രമേഹ രോഗികളില്‍ വേദനയില്ലാതെയാണ് ഹൃദയാഘാതമുണ്ടാവുക. അതിനാല്‍, ചിട്ടയായ ജീവിത ക്രമത്തിലൂടെ പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുന്നത് അത്യാവശ്യമാണ്.

ഹൃദയസംബന്ധമായ അസുഖങ്ങളുടെ വര്‍ധന ആശങ്കാജനകമാണെങ്കിലും ഹൃദ്രോഗ ചികിത്സാരംഗത്തെ പുരോഗതി ആശാവഹമാണ്. ഇലക്ട്രോഫിസിയോളജി, റോട്ടോ അബ്ലേറ്റര്‍, പിന്‍ഹോള്‍ ശസ്ത്രക്രിയ തുടങ്ങിയവ ഹൃദ്രോഗത്തെ കണ്ടെത്താനും ഫലപ്രദമായി ചികിത്സിക്കാനും സഹായിക്കുന്നു.

ഇലക്ട്രോഫിസിയോളജി

ഹൃദയമിടിപ്പിലെ അപാകതകള്‍ കണ്ടെത്താനും രോഗനിര്‍ണ്ണയം നടത്താനുമുള്ള പഠനവിഭാഗമാണ് ഇലക്ട്രോഫിസിയോളജി. ഹൃദയത്തിന്‍റെ ഏത് ഭാഗത്തെ പ്രശ്നമാണ് ക്രമരഹിത ഹൃദയമിടിപ്പിന് കാരണമെന്ന് മനസ്സിലാക്കാനും ഇതുമൂലം സാധിക്കും. കാര്‍ഡിയാക് അബ്ലേഷന്‍ ചികിത്സയിലൂടെ ഹൃദയമിടിപ്പിലെ ന്യൂനത പരിഹരിക്കുകയും ചെയ്യാം.

റോട്ടോ അബ്ലേറ്റര്‍

ഹൃദയധമനികളില്‍ വളരെ കാഠിന്യമുള്ള കാത്സ്യം അടിഞ്ഞുകൂടുന്നതിന്‍റെ ഫലമായി രൂപപ്പെടുന്ന തടസ്സങ്ങളെ സാധാരണ ആന്‍ജിയോപ്ലാസ്റ്റിയിലൂടെ നീക്കം ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. ഇങ്ങനെയുള്ള അവസ്ഥകളില്‍ തടസ്സങ്ങളെ റോട്ടോ അബ്ലേറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ച് പൊടിച്ചു കളഞ്ഞ ശേഷം ആന്‍ജിയോപ്ലാസ്റ്റിയിലൂടെ ഹൃദയധമനികളില്‍ അടിഞ്ഞു കൂടിയ കാത്സ്യത്തെ ചെറിയ കത്തീറ്ററിന്‍റെ സഹായത്തോടെ അതിവേഗം കറക്കി (മിനിറ്റില്‍ 200,000) പൊടിച്ചു ചെറിയ കഷ്ണങ്ങളാക്കി രക്തത്തിലൂടെ പുറന്തളളുന്നു.

ഹൃദ്രോഗം മനുഷ്യന് ‌ഭീഷണിയായ കാലം മുതല്‍ അനവധി പഠന റിപ്പോര്‍ട്ടുകളും നടന്നിട്ടുണ്ടെങ്കിലും രോഗാതുരമായ അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്കും മുന്‍കരുതലുകള്‍ക്കും നാം വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല.

ചിട്ടയായ വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തിയും ഹൃദ്രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും.

Leave a Reply