പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാനുമായ അക്ബർ കക്കട്ടിൽ അന്തരിച്ചു. 62 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പുലര്‍ച്ചയോടെയായിരുന്നു മരണം.
കോഴിക്കോട് ടൗൺ ഹാളിൽ രാവിലെ ഒമ്പത് മുതൽ 11.30 മണി വരെ പൊതുദർശനത്തിന് വെക്കും. തുടർന്ന് കക്കട്ടിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരത്തിൽ മൂന്നു മുതൽ അഞ്ചു മണിവരെ ആദരാഞ്ജലി അർപ്പിക്കാം. വൈകീട്ട് അഞ്ച് മണിക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ കണ്ടോത്ത്കുനി ജുമാഅത്ത് മസ്ജിദിൽ ഖബറടക്കും.
മലായാളത്തില് അദ്ധ്യാപക കഥകള്‍ എന്നൊരു പ്രസ്ഥാനത്തിനു തന്നെ രൂപം നല്കുന്നതില് മുഖ്യപങ്കു വഹിച്ച അക്ബര്‍ 1954 ജൂലൈ ഏഴിന് പി അബ്ദുള്ളയുടേയും സികെ കുഞ്ഞാമിനയുടേയും മകനായാണ് ജനിച്ചത്.
ഫറൂഖ് കോളേജ്, മടപ്പള്ളി ഗവ. കോളേജ്, തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട് അക്ബര്‍. ശമീല ഫഹ്മി, അദ്ധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011ലെ ആണ്‍കുട്ടി, ഇപ്പോള്‍ ഉണ്ടാകുന്നത്, തിരഞ്ഞെടുത്ത കഥകള്‍, പതിനൊന്ന് നോവലൈറ്റുകള്‍, മൃത്യുയോഗം, സ്ത്രൈണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂള്‍ ഡയറി, സര്‍ഗസമീക്ഷ, വരൂ, അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് പ്രധാന കതികള്‍.
രണ്ടുതവണ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1998ല്‍ മികച്ച നോവലിന് (സ്ത്രൈണം) ജോസഫ് മുണ്ടശ്ശേരി അവാര്‍ഡും 2000 ല്‍ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചു. 1992ല്‍ സാഹിത്യത്തിനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ ഫെലോഷിപ്പ് ലഭിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ സൗത്ത്സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേണിംഗ് ബോഡികള്‍, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷന്‍ ജൂറി, സിനിമാ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോര്‍ഡ്, പ്രഥമ എഡ്യൂക്കേഷണല്‍ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയ’ത്തിന്റെ പര്‍മനന്റ് ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് മലയാളം പബ്ലിക്കേഷന്‍സിന്റെയും ഒലീവ് പബ്ലിക്കേഷന്‍സിന്റെയും ഓണററി എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗം കണ്‍വീനറുമായിരുന്നു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം.
നോവലും ചെറുകഥകളും ഉപന്യാസങ്ങളും ഉൾപ്പെടെ 54 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നർമ്മവും ലാളിത്യവും നിറഞ്ഞതായിരുന്നു അക്ബർ കക്കട്ടിലിന്റെ രചനകൾ.