കോഴിക്കോടിന്റെ സൗഹൃദക്കൂട്ടായ്മകളിലും, സാംസ്കാരിക സായന്തനങ്ങളിലും നിറസാനിദ്ധ്യമായിരുന്ന കഥാകൃത്ത് അക്ബര്‍ കക്കട്ടിലിന് കോഴിക്കോട് വിടചൊല്ലി. സരസവും നര്‍മ്മം കലര്‍ന്നതുമായ തന്റെ ശൈലിയിലൂടെ വായനക്കാരില്‍ പുതിയ അനുഭവം സൃഷ്ടിച്ച കഥാകാരനെ കാണാന്‍ നൂറുകണക്കിന് പേരാണ് കോഴിക്കോട് ടൗണ്‍ഹാളില്‍ എത്തിച്ചേര്‍ന്നത്.
കോഴിക്കോടിന്റെയും, കടത്തനാടിന്റെയും ഭാഷയും ജീവിതവും തന്റെ കഥകളില്‍ ആവാഹിച്ച അക്ബര്‍ കക്കട്ടില്‍ മലയാള സാഹിത്യത്തില്‍ നര്‍മ്മം കൈകാര്യം ചെയ്യുന്ന അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളായി മാറുകയായിരുന്നു. അധ്യാപകന് എന്ന നിലയിലുള്ള തന്റെ അനുഭവങ്ങള്‍ കഥകളായി മാറിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും എല്ലാം അത് പുതിയൊരു അനുഭവമായി മാറി. എം ടിയുടെയും ബഷീറിന്റെയും സ്നേഹം ഏറെ അനുഭവിക്കാന്‍ കഴിഞ്ഞ ഈ കഥാകാരന് നാട്ടിലെ സാധാരണക്കാരുമായി പോലും ഊഷ്മളമായ ബന്ധം പുലര്‍ത്തിയിരുന്നു.
തന്റെ നാട് ഉള്‍പ്പെടുന്ന നാദാപുരത്തിന്റെ കലാപത്തെക്കുറിച്ചും, ആക്രമങ്ങളെക്കുറിച്ചും സദാ വ്യാകുലപ്പെട്ട ഇദ്ദേഹം ‘നാദാപുരം’ എന്ന തന്റെ കഥയില്‍ നിഷ്കളങ്കരായ ആ നാട്ടുംപുറത്തുകാരുടെ കഥയാണ് പറഞ്ഞുവെച്ചത്. ഒരുമിച്ച് ഒന്നായി കഴിയുന്ന ഒരു ജനത ആരുടെയോ പ്രേരണയാല്‍ പെട്ടെന്ന് ആക്രമങ്ങള്‍ക്ക് അടിമപ്പെട്ട് പരസ്പരം പോരടിക്കുന്ന ചിത്രം ആ നാടിന്റെ നേര് ചിത്രമായിരുന്നു.
തങ്ങളുടെ പോസ്റ്റര്‍ നശിപ്പിക്കുന്ന വ്യക്തികളെ കണ്ടെത്താന്‍ ഒന്നിച്ചിറങ്ങിയ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് മുന്നില്‍ ആട് പോസ്റ്റര്‍ തിന്നുന്ന കഥ പറഞ്ഞതിലൂടെ അക്രമരാഷ്ട്രീയത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടപ്പെടുകയായിരുന്നു. അവസാന നാളുകളില്‍ ചിന്ത പബ്ലിക്കേഷന്‍സ് പുറത്തിറക്കി കെ ഇ എന്‍ അവതാരിക എഴുതിയ പുസ്തകത്തിലും കലാപ രാഷ്ട്രീയവും, അതില്‍ ദുരന്തമനുഭവിക്കുന്ന സ്ത്രീകളെയുമാണ് മാഷ് എടുത്തുകാട്ടിയത്.
ലാളിത്യവും, നര്‍മ്മവും, നാട്ടു നന്മകളും ചേര്‍ത്തൊരുക്കുന്ന കഥാപരിസരങ്ങളാണ് മാഷിന്റെ നിര്യാണത്തിലൂടെ മലയാളിക്ക് നഷ്ടമാവുന്നത്.