ഒരു വര്‍ഷത്തിനിടയില്‍ ആയിരത്തിയൊരുന്നൂറിലധികം സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ന്യൂറോസര്‍ജറി വിഭാഗം ചരിത്രനേട്ടം സ്വന്തമാക്കി. 700-നും 800-നും ഇടയില്‍ ശസ്ത്രക്രിയകള്‍ ചെയ്തിടത്താണ് വകുപ്പ് 2015-ല്‍ 1100 സങ്കീര്‍ണ്ണ ശസ്ത്രക്രിയകളോടൊപ്പം നാനൂറിലധികം മൈനര്‍ ശസ്ത്രക്രിയകളും പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ചരിത്രത്തിലിടം നേചിയിരിക്കുന്നത്.
മരുന്നുകൊണ്ട് ഭേദമാകാത്ത അപസ്മാരത്തിന് ശസ്ത്രക്രിയവഴി ചികിത്സ, സുഷുമ്നനാഡിക്കുള്ള ശസ്ത്രക്രിയ, തലച്ചോറിനുള്ളിലെ ഏതു മുഴക്കും അതിനെ മാത്രം ലക്ഷ്യമാക്കി മറ്റു ഭാഗങ്ങള്‍ക്കൊന്നും ക്ഷതം വരാതെ താക്കോല്‍ദ്വാര ശസ്ത്രക്രിയ തുടങ്ങിയ അപൂര്‍വ്വങ്ങളായ ചികിത്സാരീതികളും ഈ നേട്ടത്തിനു പിന്നില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ ലക്ഷക്കണക്കിന് രൂപ ചെലവു വരുന്ന വലിയ ശസ്ത്രക്രിയകളാണ് ഇന്‍ഷൂറന്‍സ് മുഖേന സൗജന്യമായും അല്ലാത്തവര്‍ക്ക് തുച്ഛമായ ചെലവിലും ഇവിടെ ചെയ്ത് കൊടുക്കുന്നത്. മലബാറില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രമുള്ള കീ ഹോള്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ന്യൂറോ നാവിഗേഷന്‍ കൊണ്ട് തലച്ചോറിനുള്ളിലെ ഏത് ഭാഗത്തു നിന്നും ഞെരമ്പുകള്‍ക്ക് ക്ഷതമേല്‍ക്കാതെ ട്യൂമറുകള്‍ നീക്കം ചെയ്യാന്‍ കഴിയുന്നു. അമ്പതില്‍പ്പരം ശസ്ത്രക്രിയകള്‍ ഇത്തരത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത് നേട്ടത്തിന്റെ മറ്റൊരു പ്രത്യേകതകൂടിയാണ്.
തലച്ചോറിലെ ട്യൂമറുകളില്‍ നിന്ന് സിസിടിവി സ്കാനറിന്റെ സഹായത്തോടെ സൂചികൊണ്ട് കീഹോളിലൂടെ ബയോപ്സി എടുക്കുന്ന സ്റ്റീരിയോടാക്സി സംവിധാനവും ന്യൂറോസര്‍ജറി വിഭാഗത്തിന്റെ പ്രത്യേകതകളിലൊന്നാണ്. തലച്ചോറിലെ രക്തക്കുഴലുകള്‍ വീര്‍ത്ത് ബലൂണ്‍ പോലെ ആയി പൊട്ടുന്നതിനുള്ള അന്യൂറിസം ക്ലിപ്പിങ് ശസ്ത്രക്രിയയും അമ്പതില്പ്പരവും, പിറ്റ്യൂട്ടറി ഗ്രന്ഥികളില്‍ കാണുന്ന ട്യൂമറുകള്‍ക്ക് മൂക്കില്‍ക്കൂടി എന്‍ഡോസ്കോപ്പി വഴി ചെയ്യുന്ന ശസ്ത്രക്രിയയും അറുപതെണ്ണവും ഇവിടെ നടന്നു കഴിഞ്ഞു.
കഴുത്തില്‍ നിന്ന് കൈകളിലേക്കുള്ള ഞരമ്പുകള്‍ വിട്ടു പോകുന്നതിനുള്ള ഞരമ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ എട്ടെണ്ണവും പൂര്‍ത്തിയാക്കിയത് അപൂര്വ്വനേട്ടങ്ങളില്പ്പെടുന്നു. ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യുന്ന കേരളത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി. ചുരുക്കം ചില സ്വകാര്യ ആശുപത്രികളില്‍ അഞ്ചു മുതല്‍ പത്ത് ലക്ഷം രൂപ വരെ ഈടാക്കുന്നതാണ് ഈ ശസ്ത്രക്രിയ. പ്രൊഫ. എം പി രാജീവിന്റെ നേതൃത്വത്തിലുള്ള എട്ടോളം ന്യൂറോ സര്ജര്മാരാണ് വകുപ്പിന്റെ നേട്ടം. അനസ്തേഷ്യാ വിഭാഗത്തിലെ ഡോ.രാമദാസിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരും ശസ്ത്രക്രിയയില്‍ മുഖ്യപങ്ക് വഹിക്കുന്നു.