കൊയിലാണ്ടി ക്ഷേത്രക്കുളത്തില്‍ ദളിതന് കുളിച്ചതിന് ശുദ്ധികര്‍മങ്ങള്‍ ചെയ്ത് പുണ്യാഹം തളിച്ചതായി ആരോപണം. കൊയിലാണ്ടി കൊണ്ടംവള്ളി അയ്യപ്പക്ഷേത്രക്കുളത്തിലാണ് ദളിതന് കുളിച്ച ക്ഷേത്രക്കുളത്തില്‍ ശുദ്ധികര്‍മ്മങ്ങള്‍ ചെയ്യിച്ച് പുണ്യാഹം തളിച്ചതെന്ന് കൊയിലാണ്ടിയിലെ ദളിത് സംഘടനകള്‍ ആരോപിച്ചു.
ക്ഷേത്രം നവീകരിക്കാന്‍ ക്ഷേത്ര ഭരണാധികാരികളായ അയ്യപ്പസേവാ സമിതിക്കാരുടെ സഹകരണത്തോടെ നവീകരണകമ്മിറ്റി രൂപവത്കരിക്കുകയും കമ്മിറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത് ദളിതനെയുമായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു. നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കവെ ഒന്നാം ഘട്ട പ്രവൃത്തി കഴിഞ്ഞെന്നു പറഞ്ഞു ദളിതനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റുകയും പിന്നീട് പ്രവൃത്തി പൂര്‍ത്തിയാക്കി 2015 ഒക്ടോബര്‍ 17ന് ക്ഷേത്രക്കുള സമര്‍പ്പണം നടത്തുകയും ചെയ്തു. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലായിരുന്നു സമര്‍പ്പണ പരിപാടി. അഞ്ചു ബ്രാഹ്മണര്‍ മുഴുവന്‍ പൂജാകര്‍മ്മങ്ങളും നടത്തിയായിരുന്നു സമര്‍പ്പണം. സമര്‍പ്പണ സമയത്ത് ക്ഷേത്രം തന്ത്രിക്ക് ദക്ഷിണ നല്കിയതും ആദ്യ സ്നാനം നടത്തിയതും നേരത്തെ പ്രസിഡന്റായിരുന്ന ദളിതനായിരുന്നു.
ഇതില്‍ അതൃപ്തിയുള്ളവര്‍ ചേര്‍ന്നാണ് ജനുവരി 26ന് ശുദ്ധികര്‍മ്മം നടത്തിയതെന്ന് സംഘടനകള്‍ ആരോപിക്കുന്നു. ക്ഷേത്രകമ്മിറ്റിയുടെയോ തന്ത്രിയുടെയോ അറിവില്ലാതെയാണ് കര്‍മ്മം നടത്തിയത്. ആദ്യ സ്നാനം സവര്‍ണനെക്കൊണ്ട് നടത്തിക്കുകയും ചെയ്തെന്നാണ് സംഘടനാ നേതാക്കളുടെ ആരോപണം. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ വികൃതമാക്കിയ ഈ സംഭവം ചാതുല്വര്ണ്യ വ്യവസ്ഥിതി വീണ്ടും കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇവര്‍ ആരോപിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ള കരുണാകരനാണ് പുനസമര്‍പ്പണം നടത്തിയതെന്നാണ് ഇവര്‍ പറയുന്നത്. മുന്‍ എം.എല്‍.എ പി. വിശ്വനും ചടങ്ങില്‍ പങ്കെടുത്തതായി ദളിത് സംഘടനാ നേതാക്കള്‍ അറിയിച്ചു.