അസഹിഷ്ണുതയും വര്‍ഗ്ഗീയതയും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ മതസൗഹാര്‍ദ്ദത്തിന്റെ മാതൃക കാണിച്ചുകൊണ്ട് മലപ്പുറത്തെ വലിയങ്ങാടി ജുമാമസ്ജിദ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് രക്തസാക്ഷിത്വം വഹിച്ച കുഞ്ഞേലു എന്ന ഹിന്ദുവിന്റെ സ്മരണ മുടക്കം കൂടാതെ വര്‍ഷാവര്‍ഷം പുതുക്കിയാണ് ഈ പള്ളി സഹിഷ്ണുതയുടെ പര്യായമാകുന്നത്.
290 വര്‍ഷങ്ങള്‍ക്കു മുമ്പ് സാമൂതിരിയുമായി നടന്ന യുദ്ധത്തില്‍ മുസ്ലീം പടയാളികള്‍ക്കൊപ്പം വീരചരമം പ്രാപിച്ച രക്തസാക്ഷിയാണ് തട്ടാൻ സമുദായക്കാരനായ കുഞ്ഞേലു.
കേരളത്തില്‍ വരയ്ക്കല്‍ പാറ നമ്പിയുടെ നേതൃത്വത്തില്‍ ഭൂപ്രമാണിമാര്‍ ആക്രമണം അഴിച്ചുവിട്ട കാലത്ത് മലപ്പുറത്തും പള്ളിക്കുനേരെയും ആക്രമണമുണ്ടായി. മുസ്ലീങ്ങളുടെ ഭാഗത്താണ് ന്യായം എന്നു മനസിലാക്കിയ കുഞ്ഞേലു, അക്രമങ്ങളെ ചെറുക്കാന്‍ മുന്നിട്ടിറങ്ങി വാളും പരിചയുമെടുത്തു പൊരുതുകയും വീരചരമം പ്രാപിക്കുകയുമായിരുന്നു.
കൂഞ്ഞേലുവിന്റെ രക്തസാക്ഷിത്വം ഇന്നും മലപ്പുറത്തുകാര്‍ വീരാരാധനയോടെ ഓര്‍ക്കുന്നു.പള്ളിയില്‍ വര്‍ഷാവര്‍ഷം നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ അദ്ദേഹത്തിന്റെ പിന്മുറക്കാരെയും ക്ഷണിക്കാറുണ്ട്.
ഹിന്ദു മുസ്ലിം ഐക്യവും സൗഹൃദവുമാണ് ഇതു തെളിയിക്കുന്നതെന്ന് മലപ്പുറം ഖാസി സയ്യിദ് മുത്തുക്കോയ തങ്ങള്‍ പറയുന്നു. മുസ്ലീം സമുദായത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച ഹിന്ദു സഹോദരന്റെ സ്മരണ പുതുക്കുന്നതിലൂടെ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശമാണ് പകരുന്നതെന്നു പറയുന്നു പള്ളിക്കമ്മറ്റി.