പ്ലാസ്റ്റിക് മാലിന്യങ്ങളില്ലാത്ത കോഴിക്കോടെന്ന സ്വപ്നം ഇനിയൊരുപക്ഷെ യാഥാര്‍ത്ഥ്യമായേക്കാം കാരണം ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് യൂണിറ്റ് പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. പൂവാട്ടുപറമ്പില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഇതിനായി യന്ത്രസാമഗ്രികള്‍ സ്ഥാപിച്ച് പരീക്ഷണ പ്രവര്‍ത്തനം നടത്തിക്കഴിഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി അടുത്തമാസത്തോടെ പ്രവര്‍ത്തന സജ്ജമാകും. യന്ത്രസാമഗ്രികളും മറ്റ് സാധന സാമഗ്രികളും ജില്ലാപഞ്ചായത്ത് നല്‍കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിനാണ് മാലിന്യ സംസ്കരണ പ്ലാന്റിന്റെ നടത്തിപ്പ് ചുമതല.
കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ വീടുകള്‍, സ്കൂളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പ്ലാസ്റ്റിക് കവറുകള്‍ ശേഖരിച്ച് വൃത്തിയാക്കി റീ സൈക്ലിംഗ് യൂണിറ്റിലെത്തിക്കും. ഇവിടെ നിന്നും റീസൈക്ലിംഗിലൂടെ പ്രത്യേകം പ്ലാസ്റ്റിക്ക് കട്ടകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇവിടെ നിന്നും ഇത് മറ്റ് സംസ്കരണ യൂണിറ്റിലേക്ക് അയക്കും. ഇവ പിന്നീട് മറ്റ് പ്ലാസ്റ്റിക് വസ്തുക്കളുണ്ടാക്കാനായി ഉപയോഗിക്കാനാവും. വീടുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനായി 1500 പൈപ്പ് കംപോസ്റ്റുകളും പെരുവയല്‍ പഞ്ചായത്ത് സ്ഥാപിക്കുന്നത്. ഗുണഭോക്താക്കളില്‍ നിന്നും പത്തു ശതമാനം മാത്രമാണ് ഈടാക്കുന്നത്. ബാക്കി തുക ജില്ലാപഞ്ചായത്തും ജില്ലാ ശുചിത്വ മിഷനും പെരുവയല്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നല്‍കും. റീസൈക്ലിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം കൂടി ആരംഭിക്കുന്നതോടെ പെരുവയല്‍ പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യ സംസ്കരണ പഞ്ചായത്തായി മാറും.