Home » നമ്മുടെ കോഴിക്കോട് » തൗര്യത്രികം കഥകളി: കേളികൊണ്ട് ഇന്നുയരും

തൗര്യത്രികം കഥകളി: കേളികൊണ്ട് ഇന്നുയരും

ഇന്നു മുതല്‍ ഇനി മൂന്ന് നാള്‍ കോഴിക്കോടിന് കഥകളി ആസ്വാദനത്തിന്റെ നാളുകളായിരിക്കും. ശാസ്ത്രീയ കലകളുടെ പ്രോത്സാഹനത്തിനും പരിശീലനത്തിനുമായുള്ള സൂര്യസോപാനം കള്‍ച്ചറല്‍ ട്രസ്റ്റിന്റെ വാര്‍ഷിക പരിപാടിയുടെ ഭാഗമായി ഇന്ന് മുതല്‍ തളി പത്മശ്രീ കല്യാണ മണ്ഡപത്തില്‍ തൗര്യത്രികം കഥകളി അരങ്ങേറും. വൈകിട്ട് ആറ് മുതല്‍ നടക്കുന്ന കഥകളിക്ക് പ്രവേശനം സൗജന്യമാണ്. പ്രശസ്ത കഥകളി കലാകാരനായ വൈക്കം പി. രാജശേഖരന്റെ അര്‍ജുന വിഷാദവൃത്തമാണ് ഇന്ന് അവതരിപ്പിക്കുക. കലാമണ്ഡലം രാജശേഖരന്‍, കലാമണ്ഡലം കൃഷ്ണകുമാര്‍, കലാമണ്ഡലം ശ്രീകുമാര്‍, കോട്ടയ്ക്കല്‍ മധു, നെടുമ്പിള്ളി രാം മോഹന്‍ മുതലായവരാണ് പങ്കെടുക്കുക.
കോട്ടയത്തു തമ്പുരാന്റെ പ്രസിദ്ധവും ചിട്ട പ്രധാനവുമായ നിവാത കവച കാലകേയ വധമാണ് നാളെ അരങ്ങേറുക. പരമശിവനില്‍നിന്നു പാശുപതാസ്ത്രം നേടിയ അര്‍ജുനനെ സ്വര്‍ഗത്തിലേക്ക് കൂട്ടി വരാന്‍ പിതാവായ ഇന്ദ്രന്‍ മാതലിയെ നിയോക്കുകയും അര്‍ജുനനെ സമീപിക്കുന്ന മാതലിയുടെ പ്രശംസാ വചനങ്ങളിലുള്ള മറുപടിയായുള്ള ‘സലജോഹം’ എന്ന പദം കഥകളിയുടെ ലാവണ്യം സമ്പൂര്‍ണമായി പ്രദര്‍ശിപ്പിക്കുന്ന ഒന്നാണ്. പതിഞ്ഞ അടന്തതാളത്തില്‍ ക്രമമായി വികസിക്കുന്ന രസാഭിനയത്തിന്റെ സാധ്യതകള്‍ തന്നെയാണ് ഇതിന്റെ സവിശേഷത.
ഇന്ദ്രനോടുള്ള ‘ജനക തവ ദര്‍ശനാല്‍’ എന്ന പദവും ഇന്ദ്രാണിയോടുള്ള ‘വിജയനഹം’ എന്ന പദവും അഷ്ടകലാശവും തുടര്‍ന്നുള്ള സ്വര്‍ഗ വര്‍ണനയും അര്‍ജുനനാകുന്ന നടനു വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കേരള കലാമണ്ഡലം റിട്ട. പ്രിന്‍സിപ്പല്‍ കലാമണ്ഡലം സുബ്രഹ്മണ്യനാണ് അര്‍ജുനനായി അരങ്ങിലെത്തുന്നത്. കലാമണ്ഡലം സാജന്‍, സദനം സുരേഷ്, കലാമണ്ഡലം ബാബു നമ്പൂതിരി, സദനം ജ്യോതിഷ്ബാബു, കലാമണ്ഡലം ബാലസുന്ദരന്‍, കലാമണ്ഡലം രാജനാരായണന്‍ എന്നിവരും പങ്കെടുക്കും. 21നു അശ്വതി തിരുനാളിന്റെ പൂതനാമോക്ഷവും കല്ലേക്കുളങ്ങര രാഘവ പിഷാരടിയുടെ രാവണോത്ഭവുമാണ് നടക്കുന്നത്.
കംസ നിയോഗത്താല്‍ ശ്രീകൃഷ്ണനെ വധിക്കുവാന്‍ അമ്പാടിയിലെത്തുന്ന പൂതന അമ്പാടിയെ കാണുന്നത്, ശ്രീകൃഷ്ണനെ കാണുമ്പോള്‍ പ്രകടിപ്പിക്കുന്ന മാതൃവാല്‍സല്യങ്ങളടക്കമുള്ള ഒട്ടേറെ അഭിനയ മുഹൂര്‍ത്തങ്ങളടങ്ങിയ കഥയാണ് പൂതനാമോക്ഷം. കോട്ടയ്ക്കല്‍ സി.എം. ഉണ്ണിക്കൃഷ്ണനാണ് പൂതനയായി വേഷമിടുന്നത്. കത്തിവേഷത്തിന്റെ ആട്ടത്തിനു പ്രാധാന്യമുള്ള കഥയാണ് രാവണോത്ഭവം.
അമ്മയുടെ മടിയില്‍ കിടന്നുറങ്ങുന്ന കുട്ടിയായ രാവണന്‍ കണ്ണുനീര്‍ ശരീരത്തില്‍ വീണ് ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണരുകയും കാരണം അന്വേഷിച്ചപ്പോള്‍ പിതാവിന്റെ മറ്റൊരു പുത്രനായ വൈശ്രവണന്‍ പുഷ്പക വിമാനത്തിലേറി പോകുന്നത് കണ്ട്, ഒരേ പിതാവിന്റെ രണ്ട് മക്കളുടെ ജീവിത സൗകര്യങ്ങളോര്‍ത്ത് സഹിക്കാനാകാതെ കരഞ്ഞതാണെന്ന് അമ്മ പറയുന്നതു കേട്ട് ബ്രഹ്മാവിനെ തപസ്സ് ചെയ്ത് എല്ലാ കീര്‍ത്തിയും നേടണമെന്നാഗ്രഹിച്ചാണ് അനുജന്‍മാരോടൊപ്പം തപസ്സ് ആരംഭിക്കുന്നത്. രാവണന്റെ മനോവിചാരങ്ങള്‍ അടങ്ങിയ ആട്ടങ്ങള്‍, പതിഞ്ഞ ത്രിപുട താളത്തില്‍ തുടങ്ങി ഓരോ കാലങ്ങളിലായി ക്രമത്തില്‍ മുറുകി വരുന്ന ആവിഷ്‌കാര രീതി രാവണോത്ഭവം എന്ന കഥയെ വേറിട്ടു നിര്‍ത്തുന്ന ഒന്നാണ്. കലാമണ്ഡലം മനോജ് രാവണനായി രംഗത്തെത്തുന്നു.

Leave a Reply