വികസനം സ്വപ്നം കാണുന്ന കോഴിക്കോടിന് വര്‍ഷാദ്യത്തില്‍ തന്നെ വികസന കുതിപ്പിലേക്കുള്ള ചിറക് മുളച്ചിരിക്കുന്നുവെന്ന് പറയാം. കാരണം 2016ന്റെ ആദ്യ മാസങ്ങളില്‍ തന്നെ കോഴിക്കോടിന് രാജ്യാന്തര തലത്തില്‍ ശ്രദ്ധലഭിക്കുന്ന പദ്ധികളാണ് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള സാഹിത്യകാരന്മാര് പങ്കെടുത്ത ലിറ്റററി ഫെസ്റ്റും, പ്രധാനമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം ചെയ്ത ആയുര്‍വേദ ഫെസ്റ്റുമൊക്കെ അതില്‍ ചിലത് മാത്രം. ഫെബ്രുവരി 27ന് രാഷ്ട്രപതി നേരിട്ടെത്തി യുഎല്‍ സൈബര്‍പാര്‍ക്കും ജന്ഡര്പാര്ക്കും ഉദ്ഘാടനം ചെയ്യുന്നതോടെ നഗരത്തിന്റെ വികസന കുതിപ്പ് പുതിയ മാനം കൈവരും. രാജ്യത്തെ തന്നെ ആദ്യത്തെ ജന്‍ഡര്‍ പാര്‍ക്കാണ് കോഴിക്കോട് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. വികസന മണ്ഡലത്തില്‍ നിലനില്‍ക്കുന്ന ആണ്- പെണ് അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജന്‍ഡര്‍ പാര്ക്കിന് തുടക്കം കുറിക്കുന്നത്. സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സ്വയംഭരണ സ്ഥാപനമായ ജന്‍ഡര്‍ പാര്‍ക്കില്‍ സ്ത്രീപക്ഷ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം, ഗവേഷണം, സാംസ്കാരിക കലാ മാധ്യമ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തും.
ഔദ്യോഗിക വിഞ്ജാപനം വന്നില്ലെങ്കിലും നിര്‍മ്മാണ പൂര്‍ത്തിയായ യുഎല്‍ സൈബര്‍പാര്‍ക്കും ഈ മാസം 27ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്യത്തിന് സമര്‍പ്പിക്കും എന്ന കാര്യം ഉറപ്പായി. ഇതോടെ തിരുവനന്തപുരത്തിനും കൊച്ചിക്കും ശേഷം കേരളത്തിന്റെ മൂന്നാമത്തെ ഐടി ഹബ്ബായി കോഴിക്കോടും മാറും. 270 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ 10 നില കെട്ടിടത്തിലാണ് യുഎല്‍ സൈബര്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിക്കു കീഴില്‍ 2011ല്‍ നാര്മ്മാണമാരംഭിച്ച യുഎല്‍ സൈബര്‍ പാര്‍ക്കിന്റെ കെട്ടിടം 2014ലാണ് പൂര്‍ത്തിയായത്. ആകെ 4.82 ലക്ഷെ ചതുരശ്ര അടി വിസ്തീര്‍ണത്തിലെ കെട്ടിടത്തില്‍ പാര്‍ക്കിങ്ങിനായി നീക്കിവച്ച മൂന്നു നിലകളൊഴികെ ഏഴു നിലകളിലായി 3.37 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കമ്പനികള്‍ക്ക് ആവശ്യമായ സ്ഥല സൗകര്യം ലഭ്യമാക്കുക. പരിസ്ഥിതി -സൗഹൃദ കെട്ടിടങ്ങള്‍ പണിയുന്നതിലെ ആഗോള റേറ്റിംഗ് സംവിധാനമായ ലീഡിന്റെ(ലീഡര്‍ഷിപ്പ് ഇന്‍ എന്്രജി ആന്‍ഡ് എന്വിയോണ്മെന്റല് ഡിസൈന്‍) അംഗീകാരത്തോടെ നിര്‍മ്മിച്ചതാണ് യുഎല്‍ സൈബര്‍ പാര്‍ക്കിലെ 10 നില കെട്ടിടം. ഐടി, ഐടി അധിഷ്ഠിത സേവനങ്ങള്‍ക്കുള്ള പ്രത്യേക സാമ്പത്തിക മേഖലയാണ് ഈ പാര്‍ക്ക്. സുസ്ഥിര വികസനത്തിന്റെ ചിറകൊച്ചകളാണ് കോഴിക്കോടിന്റെ മണ്ണില്‍ ഉണരേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലിംഗ സമത്വം ഉറപ്പാക്കി ലിംഗ വിവേചനം ഒഴിവാക്കികൊണ്ട് എല്ലാവരെയും സമൂഹത്തില്‍ തുല്യരായി കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുന്ന ഡന്ഡര് പാര്‍ക്കും. മലബാര്‍ മേഖലയിലെ ഐടി വിദഗ്ദര്‍ക്കും വ്യവസായങ്ങള്‍ക്കും പുതിയ ഉണര്‍വ്വേകുന്ന സൈബര്‍ പാര്‍ക്കും വികസനത്തിലേക്കുള്ള കുതിച്ചു ചാട്ടത്തിന് വഴിതുറക്കും.