കോര്പ്പറേഷന് കുടുംബശ്രീ യുണിറ്റുകള്‍ക്ക് ധനസഹായം നല്കിയതു സംബന്ധിച്ച അഴിമതി കേസില്‍ വിജിലന്‍സ് ഡിവൈഎസ്പി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി പ്രത്യേക ജഡ്ജി വി. പ്രകാശ് തള്ളി. കേസില്‍ കൃത്യവും ഫലപ്രദവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് കോടതി തള്ളിയത്. കേസില്‍ തുടരന്വേഷണത്തിനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹര്‍ജിക്കാരനും അഴിമതി വിരുദ്ധ ജനകീയ മുന്നണി ജനറല്‍ കണ്‍വീനറുമായ കെ.പി വിജയകുമാര്‍ ഉന്നയിച്ച ആക്ഷേപം മുഖവിലയ്ക്കെടുത്താണ് കോടതി അന്തിമ റിപ്പോര്‍ട്ട് തള്ളിയത്. വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന വി.ജി കുഞ്ഞനാണ് അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന് നിയമോപദേശം നല്കിയ സര്‍ക്കാര്‍ അഭിഭാകന് ഒ. ശശിയുടെ വാദങ്ങളും കോടതി നിരാകരിച്ചു.
നിര്‍ധന സ്ത്രീകള്‍ക്കു തൊഴില്‍ സംരഭം ഏര്‍പ്പെടുത്തി അവരുടെ കുടുംബ ജീവിതം ഭദ്രമാക്കാന്‍ ആവിഷ്കരിച്ച ഡവലപ്മെന്റ് ഓഫ് വുമണ്‍ ആന്റ് ചില്‍ഡ്രണ്‍ അര്‍ബന്‍ ഏരിയ ഇന്‍ കോഴിക്കോട് മുനിസിപ്പല്‍ കോര്പ്പറേഷന് എന്ന പദ്ധതിലാണ് അഴിമതി നടത്തിയതായി കേസ്. 2007-08 കാലത്ത് 1.25 ലക്ഷം വീതം നാല് യൂണിറ്റുകള്‍ക്കായി മൊത്തം അഞ്ച് ലക്ഷം ധനസഹായം നല്‍കാനായിരുന്നു കോര്‍പ്പറേഷന്റെ പദ്ധതി. ആകെയുള്ള നാല് യൂണിറ്റുകളില്‍ രണ്ട് യൂണിറ്റുകള്‍ അന്നത്തെ ഡപ്യൂട്ടി മേയര്‍ പി.ടി അബ്ദുള്‍ ലത്തീഫിന്റെ വാര്‍ഡായ ചക്കരോത്ത് കുളത്ത് തിരഞ്ഞെടുത്തു. ഒരു യൂണിറ്റ് അന്നത്തെ മേയര്‍ എം. ഭാസ്കരന്റെ വാര്‍ഡായ കരുവിശ്ശേരിയിലും ഒരു യൂണിറ്റ് വികസനം സ്ഥിരം സമിതി അധ്യക്ഷനായിരുന്ന മേലടി നാരായണന്റെ വാര്‍ഡിനും ലഭിച്ചു. ആകെയുള്ള 55 വാര്‍ഡില്‍ ഭരണകക്ഷി അംഗങ്ങളുടെ വാര്‍ഡിന് മാത്രമാണ് പദ്ധതിക്ക് പണം അനുവദിച്ചത്.
യൂണിറ്റുകള്‍ ആരംഭിക്കാന്‍ തിരഞ്ഞെടുത്തവര്‍ തൊഴില്‍ സംരഭങ്ങളൊന്നും നടത്തുന്നില്ലെന്നും ഖജനാവിന് അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നും കാണിച്ചാണ് വിജയകുമാര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ആദ്യ അന്വേഷണത്തില്‍ കോര്പ്പറേഷന് ഓഫിസില്‍ നിന്നും ഫയല്‍ ലഭിച്ചിട്ടില്ലെന്നു കാണിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.