ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ, ജെന്‍എന്‍യു വിദ്യാര്‍ത്ഥി കനയ്യ കുമാറിന്റെ അറസ്റ്റ് എന്നിവയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികള്‍ പ്രതിഷേധത്തിലായിട്ട് ദിവസങ്ങളായി. രണ്ട് യൂണിവേഴ്സിറ്റിളിലെയും സംഭവങ്ങള്‍ രാജ്യത്തെ മറ്റ് യൂണിവേഴ്സിറ്റികളിലും ആവര്‍ത്തിക്കപ്പെട്ടേക്കാം എന്ന സംശയം അനുകൂലമായി നിലപാട് സ്വീകരിക്കുന്ന എല്ലാവര്‍ക്കമുണ്ട്. ഇത്തരം സംഭവങ്ങളോട് ശക്തമായ ഭാഷയില്‍ പ്രതികരിക്കാതിരുന്നാല്‍ സമാന സംഭവങ്ങള്‍ മറ്റ് യൂണിവേഴ്സിറ്റികളിലും ആവര്‍ത്തിക്കപ്പെട്ടേക്കാം എന്ന ഭീതിയും വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥി സംഘടനകള്ക്കമുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ വിദ്യാലയങ്ങളിലും യൂണിവേഴ്സിറ്റികളിലുമായി സംഭവങ്ങള്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുമുണ്ട്. ഹൈദരാബാദ് യൂണിവേഴ്സിറ്റി, ജെഎന്‍യു സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 17ാം തീയതി ബറോഡയിലെ മഹാരാജാ സായാജിറാവു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സംഘടിപ്പിച്ച ഓപണ്‍ ഫോറം അവസാനിച്ചത് എബിവിപിയുടെ അക്രമത്തോടെയാണ്. ജെഎന്‍യു, ഹൈദരാബാദ് വിഷയവുമായി ബന്ധപ്പെട്ട് ആധികാരികമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് 17ന് ഉച്ചയോടെ ഓപണ്‍ ഫോറം ആരംഭിച്ചത്. എന്നാല്‍ രാത്രി എട്ട് മണിയോടെ ക്യാമ്പസിനകത്തേക്ക് പ്രവേശിച്ച എബിവിപി ഗുണ്ടകള്‍ വിദ്യാര്‍ത്ഥികളെ ഭീക്ഷണിപ്പെടുത്തുകയും പരിപാടി തടസ്സപ്പെടുത്തുകയും ചെയ്തു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പിറ്റേന്ന് ക്യാമ്പസിനകത്തെ സുരക്ഷാ ഉദ്യാഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. എബിവിപി, വിഎച്ച്പി പ്രവര്‍ത്തകര്‍ ക്യാമ്പസിന് പുറത്ത് തമ്പടിക്കുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് ശേഷം 30ാളം ചെറുപ്പക്കാരും ഒരു സ്ത്രീയും എബിവിപിയുടെ പതാകയുമായി ക്യാമ്പസിനകത്തേക്ക് പ്രവേശിക്കുകയും ആല്മരച്ചുവട്ടില് കുത്തിയിരുന്ന് മുദ്രാവാക്യം മഴക്കുകയും ചെയ്തു. ദേശദ്രോഹികളെ ഞങ്ങള്‍ കണ്ടോളാം, ഇടതുപക്ഷ വിശ്വാസികളെ കണ്ടോളാം, അഫ്സലുമാരെ വീട്ടില്‍ നിന്നും വലിച്ച് പുറത്തിടുകയും കൊല്ലുകയും ചെയ്യുമെന്നും അവര്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പിന്നീട് ക്യാമ്പസിനകത്ത് മുഴുവന്‍ മാര്‍ച്ച് സംഘടിപ്പിക്കുയും ചെയ്തു. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച അവര്‍ രാജ്യത്തിനു വേണ്ടിയും രാമനു വേണ്ടിയും കൃഷ്ണനുവേണ്ടിയും ജയ് വിളിക്കാത്തവരെ രാജ്യത്തിന് പുറത്തേക്ക് തള്ളുമെന്ന് ഭീഷണിയും മുഴക്കി. 17ാം തിയ്യതിയിലെ ഓപ്പണ്‍ ഫോറത്തോടുള്ള തങ്ങളുടെ ചെറിയ പ്രതിഷേധം മാത്രമാണ് ഇതെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അധ്യാപകരും വിദ്യാര്‍ത്ഥികളുമായി 40,000ത്തോളം പേര് പഠിക്കുന്ന യൂണവേഴ്സിറ്റിയില്‍ ജെഎന്‍യുവിന് സമാനമായ പ്രശ്നങ്ങളുടെ വിത്ത് പാകി കഴിഞ്ഞു. ഇനി പ്രശ്നങ്ങള്‍ ഏതെല്ലാം രീതിയിലേക്കാണ് വളരുക എന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും.