വൈകുന്നേരത്തെ ചായയ്ക്കൊപ്പം കിട്ടുന്ന പലഹാരത്തെ മലബാറുകാര്‍ വിളിക്കുക കടി എന്നാണ്. ചായയും കടിയും ഇല്ലാതെ വൈകുന്നേരങ്ങളെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകാത്തവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. നഗരത്തിലെ ബേക്കറികളിലെ ഉഗ്രന്‍ പലഹാരങ്ങള്‍ കാണുമ്പോള്‍ വായില്‍ കൊതിയൂറുന്ന നമ്മള് ഇതൊന്നും ലഭിക്കാത്തവരെ കുറിച്ച് ചിന്തിക്കാറുമില്ല. എന്നാല്‍ കോഴിക്കോട്ടെ ബേക്കറി അസോസിയഷന് അത്തരത്തില്‍ ചിലരെ കുറിച്ച് കാര്യമായി തന്നെ ചിന്തിച്ചു കഴിഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളെ കുറിച്ചാണ് ബേക്കറി അസോസിയേഷന് ഭാരവാഹികള്‍ ചിന്തിച്ചത്. അതോടെ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം ചായയ്ക്കൊപ്പം കടി നല്‍കാനുള്ള തീരുമാനത്തിലും എത്തിച്ചേര്‍ന്നു.
അസോസിയേഷന് തീരുമാനം ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചപ്പോള്‍ സന്തോഷത്തോടെ സമ്മതം അറിയിച്ചതായും അസോസിയേഷന് പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ഒരു വര്‍ഷം പദ്ധതി തടസ്സമില്ലാതെ മുന്നോട്ടു പോകാനുള്ള കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞു. ആഴ്ചയില്‍ മൂന്ന് ദിവസം എന്നത് എല്ലാ ദിവസവും ആക്കുന്നതിനെ കുറിച്ച് ആലോചിച്ചു വരികയാണെന്നും അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു.