Home » ഇൻ ഫോക്കസ് » ഇങ്ങളെന്താണ് ബാബുവേട്ടാ…ഹരീഷ് പെരുമണ്ണയുടെ വിശേഷങ്ങള്‍

ഇങ്ങളെന്താണ് ബാബുവേട്ടാ…ഹരീഷ് പെരുമണ്ണയുടെ വിശേഷങ്ങള്‍

കേരളം മുഴുവന്‍  ഇപ്പോള്‍ കോഴിക്കോടന്‍ സ്‌റ്റെലില്‍ ചോദിക്കുന്ന ഡയലോഗാണ് ഇങ്ങളെന്താണ് ബാബ്വേട്ടാ എന്ന്. എന്നെങ്കിലുമൊരിക്കല്‍ സിനിമാ നടനാകണം എന്ന ആഗ്രഹവുമായി കോഴിക്കോടിന്റെ തെരുവുകളിലൂടെ നേരമ്പോക്കുമായി നടന്ന ഹരീഷ് പെരുമണ്ണ ഒടുവില്‍ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെകൊണ്ട് പോലും ആ ഡയലോഗ് പറയിച്ചു. അച്ഛാദിന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം കോമ്പിനേഷന്‍ സീന്‍ ചെയ്യാനെത്തിയതായിരുന്നു ഹരീഷ്. മുഖവുരയൊന്നും കൂടാതെ തന്നെ എന്തൊക്കെയുണ്ട് ബാബുവേട്ടാ എന്ന് ചോദിച്ചാണ് മമ്മൂട്ടി ഹരീഷിനെ സ്വാഗതം ചെയ്തത്.
സ്വാഭാവിക അഭിനയത്തിലൂടെ നിലവാരമുള്ള ഹാസ്യത്തിന്റെ സാധ്യതതകളെ തിരിച്ചറിഞ്ഞതാണ് ഹരീഷ് പെരുമണ്ണ അടക്കം കാലിക്കറ്റ് വി ഫോര്‍ യു എന്ന ടീം അംഗങ്ങളുടെ വിജയം. തനി കോഴിക്കോടന്‍ ശൈലിയിലുള്ള സംഭാഷണങ്ങളും നാടന്‍ കഥാപാത്രങ്ങളുടെ അവതരണവുമാണ് ജാലിയന്‍ കണാരനായും ബാബവേട്ടനായും തിളങ്ങിയ ഹരീഷിനെ സ്റ്റേജ് ഷോകളില്‍ നിന്നും ബിഗ്‌സ്‌ക്രീനിലേക്കെത്തിച്ചത്. ചുരുങ്ങിയ നാളുകള്‍കൊണ്ട് ഒരുപാട് സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്യാന്‍ ഹരീഷിന് സാധിച്ചതും സ്വതസിദ്ധമായി നര്‍മ്മം ചെയ്യാനുള്ള കഴിവു തന്നെ. ഉല്‍സാഹ കമ്മിറ്റി, സപത്മശ്രീ തസ്‌കരാഹ, നീന, ഒരു സെക്കന്റ് ക്ലാസ് യാത്ര, എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ, അച്ഛാദിന്‍, കുഞ്ഞിരാമായണം, 2 കണ്‍ട്രീസ്, രാജമ്മ @ യാഹു, സാള്‍ട്ട് മാഗോ ട്രീ, മുദ്ദുഗൗ, കിഗ്ലയര്‍, ഡാര്‍വ്വിന്റെ പരിണാമം, തുടങ്ങി നിരവധി ചിത്രങ്ങളാണ് ഹരീഷിനെ തേടിയെത്തിയത്.
കോഴിക്കോടിന്റെ കലാപാരമ്പര്യം മാത്രം കൈമുതലായ ഹരീഷിന് പറയാനുള്ളത് ഊതിക്കാച്ചിയ ജീവിതാനുഭവങ്ങളാണ്. രണ്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മയുടെ മരണം. പിന്നീട് അമ്മാവന്റെ സംരക്ഷണയില്‍. ഗണപത് ഹൈസ്‌ക്കൂളിലെ പഠനകാലത്താണ് മിമിക്രി കലാകാരനായ ദേവരാജന്‍ സഹാപാഠിയായി എത്തുന്നത്. സാഹിത്യ സമാജം പിരിയഡില്‍ ദേവരാജനും ഹരീഷും സഹപാഠികളെ ചിരിപ്പിച്ചുകൊണ്ട് മിമിക്രി രംഗത്ത് ചുവടുറപ്പിച്ച് തുടങ്ങി. ജയപ്രകാശ് കുളൂരിന്റെ നാറ്റം എന്ന നാടകം അരങ്ങിലവതരിപ്പിക്കാനായതോടെ അഭിനയത്തെ ഗൗരവമായി കണ്ടുതുടങ്ങി.
പത്താംക്ലാസ് കഴിഞ്ഞതോടെ വിദ്യാഭ്യാസത്തിന് താത്കാലിക അവധി നല്‍കി. പിന്നീട് മിമിക്രിയും അഭിനയവുമായി മുന്നോട്ട്. ഇതിനിടെ ജീവിക്കാനുള്ള തത്രപാടിന്റെ ഭാഗമായി പെയിന്റിംഗ് തൊഴിലാളിയായും ഓട്ടോ ഡ്രൈവറായും ജീവിതത്തിലും വേഷമിട്ട് തുടങ്ങി. അപ്പോഴും ഗുരുവായുരപ്പന്‍ കോളജില്‍ പഠിക്കുന്ന ദേവരാജനുമായുള്ള സൗഹൃദം നിലനിര്‍ത്തി. പിന്നീട് പരിപാടി അവതരിപ്പിക്കാനായി ഒരു ട്രൂപ്പുണ്ടാക്കുന്നതിനെ കുറിച്ചുള്ള അലോചന തുടങ്ങിയതോടെ നിര്‍മല്‍ പാലാഴിയും വിനോദ കോവൂരും പ്രദീപും കബീറുംമെല്ലാം ദേവരാജനും ഹരീഷിനുമൊപ്പമെത്തി. അങ്ങനെ വി ഫോര്‍ കാലിക്കറ്റ് എന്ന ടീം ഉണ്ടായി. മിമിക്രിയ്‌ക്കൊപ്പം തന്നെ ഒരു ബ്രോക്കര്‍ ഓഫീസില്‍ ജോലി ഉണ്ടായിരുന്നെങ്കിലും പരിപാടിയ്ക്ക് പോകാന്‍ കഴിയാതായതോടെ വീണ്ടും പെയിന്റിംഗ് പണിക്കിറങ്ങി. അതിനിടെ ചാനലില്‍ കോമഡി പരിപാടി അവതരിപ്പിക്കുന്നതിനെ കുറിച്ചായി ടീമിന്റെ ചിന്ത. ഒടുവില്‍ വി ഫോര്‍ കാലിക്കറ്റ് മിനിസ്‌ക്രീനില്‍ മിന്നിത്തിളങ്ങി. വിനോദ് കോവൂര്‍ തിരക്കിലായതിനാലാണ് സ്‌റ്റേജ് പരിപാടിയില്‍ വിനോദ് അവതരിപ്പിച്ചിരുന്ന ജാലിയന്‍ കണാരന്‍ ഹരീഷ് അവതരിപ്പിച്ച് തുടങ്ങിയത്. അത് ഹിറ്റായതോടെ ഹരീഷിനെ സംവിധായകരും ശ്രദ്ധിച്ചു തുടങ്ങി.
ജാലിയന്‍ കണാരനെ അവതരിപ്പിച്ച് ഫലിപ്പിച്ചതിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ടെലിവിഷന്‍ ഹാസ്യ താരത്തിനുള്ള അവാര്‍ഡ് ലഭിച്ചു. അതിനു പിന്നാലെ സിനിമയിലേക്കുള്ള വാതിലും തുറക്കപ്പെട്ടു. ഉത്സാഹക്കമ്മിറ്റിയില്‍ ജാലിയന്‍ കണാരനായി തന്നെ വേഷമിട്ടു. പിന്നീട് ഹരീഷിന്റെ സമയം തെളിഞ്ഞു. ഗായിക കൂടിയായ ഭാര്യ സന്ധ്യയും ഏക മകന്‍ ധ്യാന്‍ ഹരിയും അടങ്ങുന്ന കൊച്ചു കുടുംബം. സംഗീതാധ്യാപികയായ സന്ധ്യയെ ട്യൂട്ടോറിയല്‍ ക്ലാസിലെ പഠനകാലത്താണ് ഹരീഷ് പരിചയപ്പെടുന്നത്. പ്രണയം ഒടുവില്‍ വിവാഹത്തില്‍ കലാശിച്ചു. സിനിമാ മേഖലയെ പറ്റി ഹരീഷിന് നല്ലത് മാത്രമേ പറയാനുള്ളു. പരിചയപ്പെട്ടവരെല്ലാം സ്‌നേഹത്തോടെയാണ് ഇടപെട്ടത്. ഒരു പക്ഷെ ജാലിയന്‍ കണാരനോടോ ബാബുവേട്ടനോടോ ഉള്ള ഇഷ്ടമായിരിക്കാം അതെന്ന് ഹരീഷ് തന്നെ പറയുന്നു. കുടുംബത്തിന്റെ പിന്തുണയാണ് പ്രതിസന്ധികള്‍ക്കിടയിലൂടെ ഇതുവരെ എത്താന്‍ സഹായിച്ചതെന്ന് ഹരീഷ്.

Leave a Reply