അടിസ്ഥാന സൗകര്യമില്ലെന്ന് പരാതി ഇനി സെന്‍ട്രല്‍ ലൈബ്രറിയ്ക്ക് പറയേണ്ടി വരില്ല. മുഖം മിനുക്കി ഹൈടെക് ആകാനൊരുങ്ങുകയാണ് ജില്ലാ സെന്‍ട്രല്‍ ലൈബ്രറി. ക്രിസ്ത്യന്‍ കോളജിന് സമീപം സ്കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയ്ക്ക് ആധുനിക കെട്ടിടം പണിയുന്നതിനും അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും എ. പ്രദീപ് കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കെട്ടിടം പണിയുന്നതിനും അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും 1.65 കോടി രൂപ ചെലവഴിക്കാന്‍ ഭരണാനുമതിയായി.
നിലവില്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്ന കിളിയനാട് സ്കൂളില്‍ ആധുനിക സൗകര്യത്തോടെയുള്ള മൂന്ന് നില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന്റെ രൂപരേഖയും ഡിജിറ്റല്‍ മാതൃകയും തയ്യാറായി. ഭരണാനുമതിയും ലഭിച്ചു കഴിഞ്ഞു. റഫറന്‍സ് ലൈബ്രറി, സാംസ്കാരിക സമ്മേളനങ്ങള്‍ നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവയും കെട്ടിടത്തിലുണ്ട്. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡാണ് പ്രവൃത്തി ഏറ്റെടുത്തത്. മാനാഞ്ചിറയില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ ലൈബ്രറി 2004ല്‍ ആണ് സ്കൂള്‍ കെട്ടിടത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ 12 വര്‍ഷമായി സ്കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി അസൗകര്യങ്ങളുടെ നടുവിലാണ്. 60,000ത്തിലേറെ പുസ്തകങ്ങളും ആയിരത്തിലേറെ അംഗങ്ങളും ലൈബ്രറിയ്ക്കുണ്ട്. ഉറൂബ് മ്യൂസിയവും ഇതേ ലൈബ്രറിയിലാണ് പ്രവര്‍ത്തിക്കുന്നതും.