Home » ന്യൂസ് & വ്യൂസ് » സൈബര്‍ പാര്‍ക്ക് ഉദ്ഘാടനത്തിന് ഒരുങ്ങി, എങ്ങുമെത്താതെ ഐടി പാര്‍ക്കും

സൈബര്‍ പാര്‍ക്ക് ഉദ്ഘാടനത്തിന് ഒരുങ്ങി, എങ്ങുമെത്താതെ ഐടി പാര്‍ക്കും

കൊച്ചിക്കും തിരുവനന്തപുരത്തിനും ശേഷം കേരളത്തിന്റെ മറ്റൊരു ഐടി ഹബ്ബാകാന്‍ കോഴിക്കോടിന് ഇനി ദിവസങ്ങള്‍ മാത്രമേ കാത്തിരിക്കേണ്ടതുള്ളു. സഹകരണ രംഗത്തെ തൊഴിലാളി കൂട്ടായ്മയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതുസംരഭമായ ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കാണ് 27ന് രാഷട്രപതി നാടിന് സമര്‍പ്പിക്കുന്നത്. ദേശീയപാതാ ബൈപ്പാസിനോട് ചേര്‍ന്ന് നെല്ലിക്കോട് സഹകരണമേഖലയിലെ ആദ്യ ഐടി പാര്‍ക്ക് നാടിന് സമര്‍പ്പിക്കുമ്പോള്‍ ഗവണ്‍മെന്റ് ഐടി പാര്‍ക്ക് എന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് യാതൊരു മറുപടിയുമില്ല. യുഎല്‍ സൈബര്‍ പാര്‍ക്കിന് സമീപത്ത് തന്നെയാണ് സര്‍ക്കാര്‍ പാര്‍ക്കും പണിതുകൊണ്ടിരിക്കുന്നത്.
20,000 പേര്‍ക്ക് നേരിട്ടും 80,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കാനുള്ള പ്രാപ്തിയാണ് യുഎല്‍ സൈബര്‍ പാര്‍ക്കിനുള്ളത്. വിദേശത്തും സ്വദേശത്തുമുള്ള ആറ് പ്രമുഖ കമ്പനികള്‍ ഇപ്പോള്‍ തന്നെ സൈബര്‍ പാര്‍ക്കിനെ സമീപിച്ചതായി യുഎല്‍ സൈബര്‍പാര്‍ക്ക് ചെയര്‍മാന്‍ രമേശന്‍ പാലേരി പറയുന്നു. 25.11 ഏക്കറില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ രീതിയിലാണ് സൈബര്‍ പാര്‍ക്കിന്റെ നിര്‍മ്മാണം. പത്തുനില കെട്ടിടത്തിന് 270 കോടി രൂപ ചെലവായി. 2011 ജൂണിലായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം തുടങ്ങിയത്. 600 കോടി രൂപയാണ് പാര്‍ക്കിന്റെ അടങ്കല്‍ തുക. ലോകപ്രശസ്ത കമ്പനികളായ ജപ്പാനിലെ നിക്കന്‍ സെക്കൈ മാസ്റ്റര്‍ പ്ലാനിങ്ങിലും സിഎന്‍ആര്‍ വാസ്തുശില്‍പത്തിലും നേതൃത്വം വഹിച്ചു. പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ക്കുള്ള ലീഡ് ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കറ്റ് നേടിയ സംസ്ഥാനത്തെ ഐടി പാര്‍ക്കാണ് യുഎല്‍ സൈബര്‍ പാര്‍ക്ക്. വിശാലമായ ഡ്രൈവ് വേ, നടപ്പാത, താമസ-വിനോദ സൗകര്യം എന്നിവയും യുഎല്‍ സൈബര്‍പാര്‍ക്കിന്റെ പ്രത്യേകതയാണ്. സര്‍ക്കാര്‍ ഐടി പാര്‍ക്ക് എന്ന് ഉദ്ഘാടനത്തിന് സജ്ജമാകുമെന്ന് പറയാറായിട്ടില്ല. തുടക്കത്തില്‍ ടെന്‍ഡറും മറ്റുമായി നിയമപ്രശ്‌നങ്ങളുണ്ടായതായി സിഇഒ അജിത് കുമാര്‍ പറയുന്നു. അതേ സമയം യുഎല്‍ സൈബര്‍ പാര്‍ക്കിനൊപ്പം തന്നെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ച സര്‍ക്കാര്‍ ഐടി പാര്‍ക്കിന്റെ കെട്ടിടങ്ങള്‍ പോലും ഇനിയും പൂര്‍ത്തിയായിട്ടില്ല.
കാല്‍ലക്ഷത്തില്‍പരം പേര്‍ക്ക് തൊഴിലവസരം ലഭിക്കുന്നു പദ്ധതിയാണ് ഐടി പാര്‍ക്ക്. 2010ലാണ് പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങിയത്. രണ്ട് വര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അഞ്ച് വര്‍ഷം പിന്നിട്ടിട്ടും അനിശ്ചിതത്വം നീങ്ങിയിട്ടില്ല. 2007ലാണ് കോഴിക്കോടിനെ ഐടി ഹബ്ബ് ആക്കി മാറ്റുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ കൈകൊള്ളുന്നത്. തൊണ്ടയാട് ബൈപ്പാസില്‍ 43 ഏക്കറില്‍ സൈബര്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് 2010 മെയ് 17ന് തറക്കല്ലിട്ടു. 2010 ഒക്ടോബര്‍ 15ന് മാസ്റ്റര്‍ പ്ലാന്‍ പുറത്തിറക്കി. 2011 മെയ് 27ന് 25 ഏക്കര്‍ പ്രത്യേക സാമ്പത്തിക മേഖലയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആഗസ്ത് 25ന് രണ്ടര ഏക്കര്‍ ഏറ്റെടുത്തു. ഒക്ടോബര്‍ 10ന് റോഡും ചുറ്റുമതിലും നിര്‍മ്മിക്കാന്‍ ആരംഭിച്ചു. 2011 നവംബറില്‍ ഭൂമി ഏറ്റെടക്കല്‍ പൂര്‍ത്തിയായെങ്കിലും പിന്നീടങ്ങോട്ടുള്ള പ്രവര്‍ത്തികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. സ്വകാര്യ ഐടി പാര്‍ക്കായ കാഫിറ്റ് സ്‌ക്വയര്‍ ഒന്നര വര്‍ഷമായി കോഴിക്കോട് പാലാഴിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. സഹകരണ രംഗത്തെ സൈബര്‍ പാര്‍ക്ക് 27ന് രാഷ്ട്രപതി ഉദ്ഘാടനവും ചെയ്യും. സര്‍ക്കാര്‍ ഐടി പാര്‍ക്കും കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ഐടി ഹബ്ബായി കോഴിക്കോട് മാറുകയും ചെയ്യും. എന്നാല്‍ അത് എന്നാണെന്ന കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ഉറപ്പുമില്ല.

Leave a Reply