Home » കലാസാഹിതി » പാട്ടുപെട്ടി » മുല്ലപ്പൂമാലയുമായെത്തിയ വാനമ്പാടി

മുല്ലപ്പൂമാലയുമായെത്തിയ വാനമ്പാടി

കലാ സാസ്‌കാരിക രംഗത്ത് കഴിവുതെളിയിച്ച കോഴിക്കോട്ടുകാരുടെ പട്ടിക തയ്യാറാക്കാന്‍ ശ്രമിച്ചാല്‍ അതൊരു ശ്രമകരമായ ജോലി തന്നെയായിരിക്കും. കാരണം എണ്ണിയാലൊടുങ്ങാത്തത്ര പേരാണ് വിവിധ മേഖലകളിലായി കോഴിക്കോടിന്റെ ഖ്യാതി ഉയര്‍ത്തിയത്. സിനിമാ പിന്നണിഗാന രംഗത്ത് കോഴിക്കോടന്‍ സാന്നിദ്ധ്യമായിമാറിയ നിരവധി പേരുണ്ടെങ്കില്‍ അതില്‍ നിന്നും മാറ്റി നിര്‍ത്താനാവാത്ത സ്ത്രീ സാന്നിദ്ധ്യമാണ് പ്രേമയുടേത്. അമ്പതാണ്ടുകള്‍ക്ക് മുമ്പ് യേശുദാസിനും പി. ജയചന്ദ്രനുമൊപ്പം മലയാളികളുടെ കാതുകളെ കുളിരണിയിച്ച സ്ത്രീശബ്ദം. 1965ല്‍ റിലീസ് ചെയ്ത കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിലെ മുല്ലപ്പൂ മാലയുമായി എന്ന ഗാനത്തില്‍ പി. ജയചന്ദ്രനൊപ്പവും ചേട്ടത്തി എന്ന ചിത്രത്തിലെ പതിനാറു വയസ്സുകഴിഞ്ഞാല്‍ എന്ന ഗാനത്തില്‍ യേശുദാസിനൊപ്പവും പാടിയ അനുഗ്രഹീത ഗായിക. വെറും പത്തൊമ്പത് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് മലയാളത്തിന്റെ ഭാവഗായകനൊപ്പവും ഗാനഗന്ധര്‍വ്വനൊപ്പവും പ്രേമ പിന്നണി രംഗത്ത് ശ്രദ്ധേയയായത്. യേശുദാസും ജയചന്ദ്രനും മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയെങ്കിലും പ്രേമയെ മലയാളികള്‍ മറന്നു തുടങ്ങിയത് പെട്ടെന്നായിരുന്നു. അന്നത്തെ 19കാരിയ്ക്ക് ഇന്ന് എഴുപത് തികഞ്ഞെങ്കിലും സംഗീതത്തോടുള്ള പ്രണയത്തിന് ഇന്നും മധുര പതിനാറ് തന്നെ. ഒരിക്കലും മായാത്ത ശബ്ദമാധുരിയും ആലാപന ശുദ്ധിയുമാണ് പ്രേമയെന്ന ഗായികയെ വ്യത്യസ്തയാക്കുന്നത്.

 

കോഴിക്കോട് തുന്നല്‍ക്കട നടത്തിയിരുന്ന കുഞ്ഞിരാമന്‍ മേസ്ത്രിയുടെ മകളായ പ്രേമ അമ്മയുടെ പാത പിന്തുടര്‍ന്നാണ് സംഗീതത്തിലേക്ക് എത്തിച്ചേര്‍ന്നത്. 13ാം വയസ്സില്‍ കോഴിക്കോട് ടൗണ്‍ഹാളിലായിരുന്നു പ്രേമയുടെ അരങ്ങേറ്റം. നഗരശതാബ്ദിയാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങില്‍ പാടാനുള്ള അവസരം നല്‍കിയത് സി.എ അബൂബക്കറാണ്. ലതാ മങ്കേഷ്‌കര്‍ പാടിയ ഓ സജ്‌നാ എന്നഗാനം  അന്ന് പ്രേമയുടെ ശബ്ദത്തിലൂടെ നഗരം ആസ്വദിച്ചു. കോഴിക്കോടിന്റെ പല സായാഹ്നങ്ങളും പിന്നീട് പ്രേയുടെ സുന്ദരഗാനങ്ങളാല്‍ കൂടുതല്‍ മധുരിതമായി. അബൂബക്കറിന്റെ പിതാവ് എസ്.എം കോയാക്കയാണ് മദ്രാസിലെ എച്ച്.എം.വിയില്‍ കൊണ്ടുപോയി പ്രേമയെ ആദയമായി പാടിക്കുന്നത്. പിന്നീട് സിനിമയിലേക്കുള്ള വഴി തുറന്നു.

 

ആറു വര്‍ഷംകൊണ്ട് മികച്ച സംഗീതസംവിധായകരുടെ കീഴില്‍ 15ഓളം ഗാനങ്ങള്‍ പ്രേമ ആലപിച്ചു. ഗായകനും സംഗീത സംവിധായകനുമായ കെ.ആര്‍ ബാലകൃഷ്ണനെ പരിചയപ്പെട്ടതാണ് പ്രേമയുടെ കലാജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവ്. പ്രേമയുടെ സഹോദരി ഭര്‍ത്താവ് കൂടിയായ ബാലകൃഷ്ണന്‍ ചേട്ടത്തി എന്ന സിനിമയില്‍ പ്രേമയ്ക്ക് അവസരം നല്‍കി. പാട്ട് ഹിറ്റായതോടെ പൂച്ചക്കണ്ണി എന്ന ചിത്രത്തില്‍ രണ്ട് ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരം പ്രേമയ്ക്ക് ലഭിച്ചു. യേശുദാസ്, ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം പിന്നണിഗാന രംഗത്ത് തുടക്കം. ചിദംബരനാഥിന്റെ ഈണത്തില്‍ വിദ്യാര്‍ത്ഥി എന്ന ചിത്രത്തില്‍ പി ലീലയ്‌ക്കൊപ്പവും, കണ്ണൂര്‍ രാജന്റെ ആദ്യ ചിത്രമായ മിസ്റ്റര്‍ സുന്ദരിയിലും പ്രേമ പാടി. പിന്നീട് നാടകങ്ങളിലും സ്റ്റേജ് പരിപാടികളിലും പ്രേമ നിത്യ സാന്നിദ്ധ്യമായി. 1973ല്‍ അമ്മയുടെ മരണത്തോടെ നാട്ടിലേക്ക് മടങ്ങി. ഇതാണ കരിയറിന് ബ്രേക്കാവാനുള്ള കാരണം. റെക്കോര്‍ഡിനും മറ്റും കൂട്ടുപോകാന്‍ ആളില്ലാതായതോടെ പിന്നണി ഗാനരംഗത്തെ പ്രേമയുടെ സാന്നിദ്ധ്യം അപ്രത്യക്ഷമായി തുടങ്ങി.

 

പ്രശസ്തിയുടെ സൗഭാഗ്യത്തിന്റെ വേലിയേറ്റം പെട്ടന്ന് അവസാനിച്ചു. പിന്നണിഗാന രംഗത്തു നിന്നും പ്രേമ അപ്രത്യക്ഷയായി. പ്രേമയുടെ ശബ്ദത്തില്‍ സംഗീതപ്രേമികള്‍ നെഞ്ചേറ്റിയ ഗാനങ്ങള്‍ മറ്റുള്ളവരുടെ പേരില്‍ അറിയപ്പെടാനും തുടങ്ങിയതോടെ വീഴ്ചയുടെ ആഘാതം വര്‍ദ്ധിച്ചു. കോഴിക്കോട് കുണ്ടുപറമ്പിലെ വാടക വീട്ടിലിരുന്ന് സംഗീത സുരഭിലമായ നല്ല നാളുകള്‍ ഓര്‍ത്തെടുക്കുകയാണ് പ്രേമ. 2014ല്‍ മുല്ലപ്പുമാലയുമായി എന്ന ഗാനം കോഴിക്കോടിന്റെ മണ്ണില്‍വെച്ച് ജയചന്ദ്രനൊപ്പം വീണ്ടുമാലപിക്കാനുള്ള ഭാഗ്യം പ്രേമയ്ക്കുണ്ടായി. മാതൃഭൂമിയുടെ പിറന്നാളാഘോഷ വേദിയിലായിരുന്നു അത്. ഇനിയൊരിക്കലും സിനിമയില്‍ പാടിയില്ലെങ്കിലും വീണ്ടുമൊരിക്കലെങ്കിലും വേദിയില്‍ നിറഞ്ഞ സദസ്സിനു മുമ്പില്‍ പാടണമെന്ന് മാത്രമാണ് പ്രേമയുടെ ആഗ്രഹം.

Leave a Reply