മലയാള സിനിമയുടെ ബാല്യം മുതലിങ്ങോട്ട് ന്യൂ ജനറേഷന് എന്ന് സ്വയം വിശേഷിക്കപ്പെടുന്ന ഇന്നത്തെ തലമുറയിലേക്ക് സിനിമ രംഗം എത്തി നില്ക്കുമ്പോള് സിനിമയുടെ ശൈശവത്തെ പരിപോഷിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച, ഒരു ജീവിതം മുഴുവന്‍ അഭിനയത്തിനുവേണ്ടി മാറ്റിവെച്ച അനശ്വരകലാകാരന് – സത്യന്. സിനിമക്കുവേണ്ടി ജീവിതമര്‍പ്പിച്ച ഭാവനടന് ഓര്‍മ്മയായിട്ട് നാല്പത് വര്‍ഷം പിന്നിടുകയാണ്.
സ്കൂള്‍ അധ്യാപകന്, വക്കീല്‍ഗുമസ്തന്‍, പോലീസ് എന്നീ രംഗങ്ങളില്‍ ജീവിതമനുഷ്ഠിച്ച സത്യന് പിന്നീട് സിനിമയിലേക്ക് പ്രവേശിക്കുകയായിരുന്നു. ആദ്യ സിനിമയായ ത്യാഗസീമ വെളിച്ചം കണ്ടില്ലെങ്കിലും പിന്മാറാതെ സിനിമയില്‍തന്നെ നിന്നു. പിന്നീട് ആത്മസഖിയിലൂടെ നായകവേഷത്തിലേക്ക് പ്രവേശിച്ച് നീലക്കുയില്‍, തച്ചോളി ഒതേനന്, മുടിയനായ പുത്രന്, ഭാര്യ, പഴശ്ശിരാജ, യക്ഷി, അടിമകള്‍, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒരു പെണ്ണിന്റെ കഥ, കടല്‍പ്പാലം തുടങ്ങി നൂറില്‍പ്പരം സിനിമകളില്‍ അഭിനയിച്ചുകൊണ്ട് മലയാളിയുടെ ശ്രദ്ധപിടിച്ചുപറ്റി.
1954 ല്‍ അഭിനയിച്ച നീലക്കുയില്‍ സത്യന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായി മാറുകയായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ രജതകമലം അവാര്‍ഡിലേക്ക് വഴിതെളിച്ച അഭിനയമാഹാത്മ്യം മലയാള സിനിമാചരിത്രത്തിന്റെ അഭിമാനമുഹൂര്ത്തങ്ങളിലൊന്നാണ്.
ശരീരപ്രകൃതിയോ സൗന്ദര്യമോ ഒന്നുമല്ല അഭിനയത്തിനാധാരമെന്ന് തെളിയിച്ച ഈ പ്രതിഭ അഭിനവവൈഭവം കൊണ്ട് മലയാളിമനസ്സില്‍ ഇടംനേടി. കഥയും കഥാപാത്രങ്ങളെയും വളരെയധികം മനസ്സിലാക്കിയതിനു ശേഷം മാത്രം സിനിമയെ സമീപിക്കാറുണ്ടായിരുന്ന സത്യന് നായകകഥാപാത്രം തന്നെ വേണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നില്ല.
നാലു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഈ അഭിനയപ്രതിഭ ജനമനസ്സില്‍ ഇന്നും ജീവിച്ചുകൊണ്ടിരിക്കുകയാണ്. സത്യനോടുള്ള ആരാധന ഇന്നും മലയാളി മനസ്സില്‍ സൂക്ഷിക്കുന്നു.