മുത്തശ്ശിയില്‍ നിന്നും സ്വത്ത് കൈക്കലാക്കിയ ശേഷം മുത്തശ്ശിയെ വീട്ടില്‍ നിന്നിറക്കിവിട്ട കേസില്‍ ആധാരം റദ്ദ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിന്റെ ഉത്തരവ്. കോടഞ്ചേരി ആറാംതോട് നിരപ്പേല്‍ റോസമ്മ തന്റെ ചെറുമകനായ സാന്റോ മാത്യു നിരപ്പേലിനെതിരെ വയോജന നിയമപ്രകാരം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2012ലാണ് തന്റെ സ്വത്തില്‍ നിന്ന് 20 സെന്റ് സ്ഥലം റോസമ്മ പൗത്രന് നല്‍കിയത്.
റോസമ്മയുടെ പരാതി ശരിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ദിവസത്തിനകം സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ താമശേരി തഹസില്‍ദാര്‍ക്കും 14 ദിവസത്തിനകം ആധാരം തിരികെ രജിസ്റ്റര്‍ ചെയ്യാന്‍ കോടഞ്ചേരി സബ് രജിസ്ട്രാര്‍ക്കും കളക്ടര്‍ ഉത്തരവിട്ടു.
മരണം വരെ സംരക്ഷിക്കാമെന്ന ഉറപ്പിലാണ് സ്വത്ത് കൈമാറ്റം ചെയ്തത്. എന്നാല്‍ ആധാരം രജിസ്റ്റര്‍ ചെയ്ത ശേഷം മകനും കുടുംബവും റോസമ്മയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. 78കാരിയായ റോസമ്മ തന്റെ പരേതനായ മറ്റൊരു മകന്റെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്.