കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്‍ലൈന്‍ ബാഗേജ് പരിശോധന പുനസ്ഥാപിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനം. ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി നേരിടാന്‍ രാജ്യ വ്യാപകമായി നടപ്പാക്കുന്ന സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. മൂന്നു കോടി രൂപ ചെലവില്‍ ഇറക്കുമതി ചെയ്ത യന്ത്രസംവിധാനമാണ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ സ്ഥാപിക്കുക. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ബാഗേജ് പരിശോധനായന്ത്ര സംവിധാനമാണിത്.
നിരോധിത വസ്തുക്കള്‍ കണ്ടെത്താന്‍ കണ്‍വെയര്‍ ബെല്ട്ടിനോട് ചേര്ത്തുഘടിപ്പിച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍, സ്ഫോടക വസ്തുക്കളുടെ നാനോ അംശം കൂടി കണ്ടെത്താവുന്ന എക്സ്പ്ലോസീവ് ഡിറ്റക്ടര്‍, മയക്കുമരുന്ന് ഡറ്റക്ടര്, അത്യാധുനിക എക്സ്റേ, ത്രീ-ഡീ ഇമേജിംഗ്, എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. ബാഗേജില്‍ ഒളിപ്പിച്ചിരിക്കുന്ന മൈക്രോലഅളവുകളിലുള്ള ഉപകരണങ്ങള്‍ പോലും ഈ നൂതന ഉപകരണങ്ങളുടെ സഹായത്താല്‍ കണ്ടെത്താനാവും. രാജ്യത്തെ വിമാനത്താവളങ്ങള്‍ ഐഎസ് ലക്ഷ്യംവെയ്ക്കുന്നതായുള്ള ഇന്റലിജന്‍സ് മുന്നറിയിപ്പും ഉണ്ടായിരുന്നു. ബാഗേജില്‍ ഒളിപ്പിച്ച് കടത്തിയ ടിന്ബോംബ് ഉപയോഗിച്ചാണ് ഐഎസ് ഭീകരര്‍ ഈജിപ്തില്‍ നിന്നുള്ള റഷ്യന്‍ വിമാനം തകര്‍ത്തത്. ഇത്തരം ഉപകരണങ്ങള്‍ കണ്ടെത്താന്‍ ഒരുപരിധിവരെ ഈ സംവിധാനം ഉപകരിക്കും. മയക്കുമരുന്നു കടത്തു ചെറുക്കാനും ഉപകരണങ്ങളുടെ സെന്‍സറുകള്‍ക്ക് സാധിക്കും.
നിലവില്‍ ടു-ഡി ഇമേജുകളാണ് എക്സ്റേ പരിശോധനയില്‍ ലഭ്യമാവുക. എന്നാല്‍ പുതിയ സംവിധാനത്തില്‍ ത്രി-ഡി ഇമേജുകള്‍ ലഭ്യമാകും. ബാഗേജുകള്‍ കൈകൊണ്ട് തുറന്ന് പരിശോധിക്കുന്ന രീതിയും ഇതോടെ അവസാനിപ്പിക്കാനാവും. നിയമപ്രകാരമല്ലാത്ത വസ്തുക്കള്‍ ഉണ്ടെങ്കില്‍ മാത്രമേ ബാഗേജുകള്‍ തുറന്ന് പരിശോധിക്കേണ്ട അവശ്യമുള്ളു.