കൊച്ചിയിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുമെന്ന് വിശ്വസിക്കുന്ന മെട്രോ റെയില്‍ പരീക്ഷണ പറക്കല്‍ തുടങ്ങി. എന്നാല്‍ കോഴിക്കോട്ടെ ഗതാഗത പ്രശ്നത്തിന് പരിഹാരം എന്ന നിലയില്‍ മുന്നോട്ടുവച്ച ലൈറ്റ് മെട്രോയുടെ കാര്യമോ. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ ലൈറ്റ് മെട്രോയ്ക്ക് ഡിഎംആര്‍സി ധാരണാ പത്രം ഒപ്പിട്ടുവെങ്കിലും അത് ഒന്നിന്റെയും തുടക്കമല്ല. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് മുതല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് വരെയുള്ള പദ്ധതിയായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കില്‍ പിന്നീടത് വെട്ടിച്ചുരുക്കി. ആദ്യഘട്ടമെന്ന നിലയ്ക്ക് മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്തവരെയുള്ള പദ്ധതിയാണിത്.
കോഴിക്കോട് 13.33 കിലോ മീറ്റര്‍ പദ്ധതിക്ക് 2509 കോടി രൂപയാണ് കണക്കാക്കിയിരുന്നതെങ്കില്‍ തിരുവനന്തപുരത്ത് ഇതിന്റെ നേര് ഇരട്ടി 21.82 കിലോമീറ്റര്‍ ലൈറ്റ് മെട്രോയ്ക്ക് 4219 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നേരത്തെ ഉദ്ദേശിച്ചിരുന്നതില്‍ നിന്ന് ദീര്ഘിപ്പിച്ച പദ്ധതിയാണ് നടപ്പിലാക്കുന്നത്. എന്നാല്‍ കോഴിക്കോട്ട പദ്ധതി നേരത്തെ തീരുമാനിച്ചിരുന്നതില്‍ നിന്ന് വെട്ടിച്ചുരുക്കി രണ്ട ഘട്ടം കൊണ്ട് പൂര്‍ത്തിയാക്കുക എന്ന തീരുമാനത്തിലാണ്. ഇങ്ങനെ കൃത്യമായി പരിശോധിച്ചാല്‍ കോഴിക്കോടിന് ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ അവഗണന മാത്രമാണ് ബാക്കി.
കോഴിക്കോടും, തിരുവനന്തപുരത്തും ആരംഭിക്കേണ്ട ലൈറ്റ് മെട്രോയ്ക്ക് കോച്ചുകളുടെ രൂപഘടന നിശ്ചയിക്കാന്‍ നിര്‍മ്മാതാക്കളായ രാജ്യാന്താര കമ്പനികളെ ക്ഷണിച്ചിരിക്കുകയാണ്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി കമ്പനികളുമായി ചര്‍ച്ച നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തികളുടെ ഉദ്ഘാടനത്തിന് മുമ്പ് തന്നെ കോച്ചുകളുടെ രൂപഘടന നിശ്ചയിക്കും. മാര്‍ച്ച് നാലിന് കോഴിക്കോടും ഒമ്പതിന് തിരുവനന്തപുരത്തും പ്രാരംഭ ജോലികള്‍ തുടങ്ങും. 18 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമുള്ള കോച്ചുകളാണ് രണ്ട് ജില്ലകളിലും ലൈറ്റ് മെട്രോകള്‍ക്കായി ഉപയോഗിക്കുക. ഡല്‍ഹിയിലും കൊച്ചിയിലുമുള്ള മെട്രോ ട്രെയിനുകളെക്കാളും ചെറുതാണ് ഇത്. ലൈറ്റ് മെട്രോയുടെ ഒരു കോച്ചില്‍ 200 ഓളം യാത്രക്കാരെ ഉള്‍ക്കൊള്ളും. തുടക്കത്തില്‍ തിരുവനന്തപുരത്ത് മൂന്ന് കോച്ചുകളും കോഴിക്കോട് രണ്ട് കോച്ചുകളും. യാത്രക്കാരുടെ തിരക്കനുസരിച്ച് പിന്നീട് കോച്ച് വര്‍ദ്ധിപ്പിക്കും. ലൈറ്റ് മെട്രോയുടെ വിശദ പഠന റിപ്പോര്‍ട്ട് കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതിനുള്ള അന്തിമ അംഗീകാരം മൂന്ന് മാസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് ഇ. ശ്രീധരന് കഴിഞ്ഞ ദിവസം അറിയിച്ചത്. അംഗീകാരം ലഭിച്ചശേഷം മാത്രമേ പണി പൂര്‍ത്തികരിക്കേണ്ട കണ്‍സള്‍ട്ടന്‍സിയെ തീരുമാനിക്കുകയുള്ളു.
കൊച്ചി മെട്രോയ്ക്കൊപ്പമാണ് കോഴിക്കോട്ടും തിരുവനന്തപുരത്തും മെട്രോ എന്ന ആശയം വരുന്നതെങ്കിലും പിന്നീട് സാമ്പത്തികമായി സംസ്ഥാന സര്‍ക്കാരിന് വന്‍ ബാധ്യതയാവുമെന്നതിനാല്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റെയില്‍ പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സാധ്യതാ പഠനമടക്കമുള്ളവ കഴിഞ്ഞപ്പോള്‍ മോണോ റെയിലിന്റെ കോച്ചിനായി ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഇത് മെട്രോ റെയിലിനെക്കാള്‍ സാമ്പത്തികമായി ബാധ്യതവരുമെന്നതിനാല് ഉപേക്ഷിച്ചു. കോഴിക്കോട്ടുകാരെ നിരാശ്ശരാക്കേണ്ടെന്ന് കരുതിയാവണം ലൈറ്റ് മെട്രോ എന്ന ആശയം ഡിഎംആര്‍സിയുടെ മുന്‍ തലവന്‍ ഇ ശ്രീധരന് തന്നെ മുന്നോട്ട് വെച്ചതും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തത്.
മൂന്നു വര്‍ഷം മുമ്പ് തുടങ്ങുമെന്ന് പറഞ്ഞ കോഴിക്കോട്ടെ മെട്രോയുടെ സാധ്യതാപഠനത്തെ തന്നെ അടുത്ത ഒരു വര്‍ഷത്തിനുള്ളിലേ പൂര്‍ത്തിയാകുകയുള്ളൂ. എന്നാല്‍ കോഴിക്കോടിന്റെ ഒപ്പം പ്രഖ്യാപിച്ച കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം പരീക്ഷണ ഓട്ടം തുടങ്ങി. അടുത്ത ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ മെട്രോയുടെ പ്രവര്‍ത്തനം പൂര്‍ണായി തുടങ്ങുകയും ചെയ്യും.
ജവഹര്‍ലാല്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോ സ്റ്റേഡിയം വഴി കാക്കനാട് വരെ നീട്ടാനും ഇപ്പോള്‍ മന്ത്രിസഭ തീരുമാനിച്ചു. 11 കിലോമിറ്റര്‍ നീട്ടുന്നതിനായി 2024 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കോഴിക്കോട്ടെ ലൈറ്റ് മെട്രോയ്ക്ക് 2509 കോടിയാണ് ഒന്നാംഘട്ടത്തില്‍ ആകെ അനുവദിച്ചിരിക്കുന്നത്. കൂടാതെ തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂര്‍ വരെ സബര്‍ബന്‍ ട്രെയിന്‍ തുടങ്ങുന്നതിനും റെയില്‍വേയുമായി സംയുക്ത പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിക്കുവാന്‍ പോകുകയാണ്. കോഴിക്കോടെ റോഡ് വികസനം പോലും അപൂര്‍ണവും ഇങ്ങനെ ഗതാഗത രംഗത്ത് ഏറെ പദ്ധതികള്‍ തലസ്ഥാനത്ത് തുടക്കം കുറിക്കുമ്പോളും കോഴിക്കോട് ലൈറ്റ് മെട്രോ മാത്രമാണ് നടപ്പിലാക്കാനുള്ളത്.