മലബാറിന്റെ ഐടി മേഖലയിലെ വികസനത്തിന് പുതിയ അധ്യായം കുറിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സൈബര്‍ പാര്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തെന്ന് സി.പി.ഐ.എം ആരോപിച്ചു. യു.എല്‍ പാര്‍ക്കിന്റെ ഉദ്ഘാടന വേദിയില്‍ സര്‍ക്കാര്‍ പദ്ധതിയെന്ന തരത്തിലാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത് എന്നാണ് സി.പി.ഐ.എമ്മിന്റെ ആരോപണം.
തൊഴിലാളി കൂട്ടായ്മയില്‍ തുടക്കമിട്ട ഈ സൈബര്‍ പാര്‍ക്കിന്റെ നിര്‍മാണത്തില്‍ ഒരു ഘട്ടത്തില്‍ പോലും സര്‍ക്കാര്‍ സഹായം ഉണ്ടായിട്ടില്ല. ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്നും 300 കോടി രൂപ വായ്പയെടുത്തും യു.എല്‍.സി.സിയുടെ ഫണ്ടും ഉപയോഗിച്ചാണ് സൈബര്‍ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നതെന്നും സി.പി.ഐ.എം നേതാവ് എളമരം കരീം എം.എല്‍.എ ചൂണ്ടിക്കാട്ടി.
ഉദ്ഘാടനത്തിനു രാഷ്ട്രപതിയെ എത്തിക്കുന്നതിനുവേണ്ടി മാത്രമാണ് യു.എല്‍.സി.സി സര്‍ക്കാറിന്റെ സഹായം തേടിയത്. എന്നാല്‍ ഉദ്ഘാടനവേദിയില്‍ യു.എല്‍ സൈബര്‍ പാര്‍ക്ക് സര്‍ക്കാര്‍ പദ്ധതിയെന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് ചെയ്തതെന്നും ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും സി.പി.ഐ.എം ആരോപിക്കുന്നു.
ദേശീയപാതാ ബൈപ്പാസിനോട് ചേര്‍ന്ന് നെല്ലിക്കോടാണ് സൈബര്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 2011ല്‍ നിര്‍മാണം തുടങ്ങിയ പാര്‍ക്ക് കഴിഞ്ഞ 27 ശനിയാഴ്ചയാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാടിന് സമര്‍പ്പിച്ചത്. യു.എല്‍ സൈബര്‍ പാര്‍ക്ക് നിര്‍മാണമാരംഭിക്കുന്നതിന് മുമ്പുതന്നെ ഇതിന് സമീപത്തായി സര്‍ക്കാര്‍ തുടക്കമിട്ട പല പദ്ധതികളും ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്ന് സി.പി.ഐ.എം ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇക്കാര്യത്തില്‍ യു.എല്‍.സി.സി ഇതുവരെ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല.