ബസ് കാത്ത് നിന്നും ബസ്സിനായി ഓട്ടമത്സരം നടത്തിയും ഇനി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടേണ്ടതില്ല. കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സവാരിഗിരി ഗിരിയാണ്. ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാന്യവും സുഖകരവുമായ യാത്ര ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കിയ ഓപ്പറേഷന് സവാരിഗിരി ഗിരി പദ്ധതിയി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ 200 സ്കൂളുകളിലെ കുട്ടികളെ ഇതിനകം പദ്ധതിയ്ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 250 ബസ്സുകള്‍ രജിസ്ട്രേഷനും അനുബന്ധ നടപടികളും പൂര്‍ത്തിയാക്കി. 3000 കുട്ടികള്‍ക്കാണ് ഒന്നാംഘട്ടത്തില്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്തത്. കണ്ടക്ടര്‍മാര്‍ക്കുള്ള വീല്‍സ്കാര്‍ഡ് വിതരണവും ഉദ്ഘാടനത്തോടനുബന്ധിച്ച് വിതരണം ചെയ്തു. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും കണ്സെഷന് നല്കുന്നതുമൂലം മിനിമം ചാര്‍ജിലുണ്ടാവുന്ന ആറുരൂപ നഷ്ടം റൂട്ടിലെ ബസ്സുകള്‍ക്കിടയില്‍ തുല്യമായി വീതംവെക്കപ്പെടുന്നതിനാല് കൂടുതല്‍ കുട്ടികളെ കയറ്റിയവര്‍ക്ക് കൂടുതല്‍ നഷ്ടമുണ്ടാകുന്ന അവസ്ഥയ്ക്ക് പരിഹാരമാകും. 30 ലക്ഷം രൂപ ചെലവില്‍ ഫെഡറല്‍ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലഭ്യമാക്കിയ പ്രീപെയ്ഡ് സ്മാര്‍ട്ട് കാര്‍ഡ് വഴിയാണ് കണ്സെഷന് തുക ഈടാക്കുക.
ബസ്സില്‍ കയറാന്‍ അനുവദിക്കാതിരിക്കുക, മോശവും വിവേചനപരവുമായ പെരുമാറ്റങ്ങള്‍ സഹിക്കേണ്ടിവരിക, തുടങ്ങിയ പ്രയാസങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെയും അന്തസ്സോടെയും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടപ്പിലാക്കിയ ശേഷം സ്മാര്‍ട്ട് കാര്‍ഡ് വഴി ടിക്കറ്റെടുക്കുന്ന രീതി മുതിര്‍ന്നവരിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ആലോചന. ബസ് ഉടമകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.