കോഴിക്കോട് പയ്യോളിയില്‍ ഭാര്യയേയും മകനേയും കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച ഇസ്മയില്‍ മരണപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഭാര്യ നസീമ, മകന് നാസിം എന്നിവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു.
ഭാര്യയേയും മകനേയും കൊലപ്പെടുത്തുന്ന ശബ്ദംകേട്ട് ഉണര്‍ന്ന ഇസ്മയിലിന്റെ ഉമ്മ ഫാത്തിമ നിലവിളിച്ചതോടെ ഇവരെയും മറ്റൊരു മകനായ നബീലിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ, പ്ലസ്ടു വിദ്യാര്‍ഥിനിയായ മകള്‍ നസിയ വാതില്‍ തുറന്ന് ഉറക്കെ കരഞ്ഞതോടെ അടുക്കളയോട് ചേര്‍ന്ന മുറിയില്‍ തയാറാക്കിയ കുരുക്കില്‍ ജീവനൊടുക്കാന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഓടിയെത്തിയ സഹോദരന്റെ മക്കളും അയല്‍വാസികളും ചേര്‍ന്നാണ് ഇസ്മയിലിനെ ആശുപത്രിയില്‍ എത്തിച്ചത്.