കോഴിക്കോട്: നാദാപുരത്തും തിരുവനന്തപുരം ആറ്റിങ്ങല്‍ വക്കം മോഡല്‍ കൊലപാതക ശ്രമം. സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കാന്‍ വിളിച്ചു വരുത്തി അശ്റഫ് എന്ന യുവാവിനെ കയറുകൊണ്ട് കെട്ടി ഇരുമ്പുവടികൊണ്ട് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഷ്റഫിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാദാപുരം ഷാലിമാര്‍ ജ്വല്ലറിയുടെ ഉടമകളിലൊരാളായിരുന്നു മരുതേരി അഷ്റഫ്. സഹ ഉടമയായ കക്കട്ടില്‍ സ്വദേശി കാസിമും സുഹൃത്തുക്കളുമാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന് അഷ്റഫ് പറയുന്നു. അഷ്റഫിന്റെ സമ്മതം കൂടാതെ കാസിം ഷാലിമാര്‍ ജ്വല്ലറി അടച്ചുപൂട്ടിയിരുന്നു. ഈ സമയം ആറുകിലോ സ്വര്‍ണം ജ്വല്ലറിയിലുണ്ടായിരുന്നു. ഇതിന്റെ മൂല്യമായി 75 ലക്ഷം രൂപ കാസിം അഷ്റഫിന് നല്‍കേണ്ടതുമായിരുന്നു. ഇത് നല്കാന് മൂന്ന് തവണ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയെങ്കിലും പണം നല്‍കിയില്ല. ഈ പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് അഷ്റഫിനെ മര്‍ദ്ദിച്ചതെന്നാണ് പരാതി. സംഭവത്തില്‍ അഷ്റഫിന്റെ താടിയെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്ത് നിരവധിപ്പേരുണ്ടായിരുന്നെങ്കിലും ആരും തന്നെ രക്ഷിക്കാനോ അക്രമണം തടയാനോ എത്തിയില്ലെന്നും അഷ്റഫ് പറയുന്നു.