കോഴിക്കോട് ബൈപാസ് നാലുവരിയാക്കാനുള്ള വിശദമായ പദ്ധതിരേഖ തയ്യാറാക്കാനുള്ള ഏജന്‍സിയെ കണ്ടെത്തി. ചെന്നൈ ആസ്ഥാനമായുള്ള സ്റ്റുപ് കണ്‍സള്‍ട്ടന്‍സിയെയാണ് പൊതുമരാമത്ത് ദേശീയ വിഭാഗം തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്നു തവണ കരാര്‍ ക്ഷണിച്ച ശേഷമാണ് സ്റ്റുപ് കണ്‍സള്‍ട്ടന്‍സിയ്ക്ക് കരാര്‍ ലഭിച്ചത്. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ കണ്‍സള്‍ട്ടന്‍സിയ്ക്ക് വര്‍ക്ക് ഓര്‍ഡര്‍ കൈമാറാനാകും. തുടര്‍ന്ന് രണ്ടുമാസത്തിനുള്ളില്‍ ഡിപിആര്‍ തയ്യാറാക്കി സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ സെപ്തംബറില്‍ കേരളത്തിലെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കോഴിക്കോട് ബൈപാസ് നിലുവരിയാക്കി വികസിപ്പിക്കാന്‍ 400 കോടി രൂപ വാഗ്ദാനം ചെയ്തതോടെയാണ് പദ്ധതിയ്ക്ക് പുതുജീവന്‍ ലഭിച്ചത്. തുടര്‍ന്ന് ഡിപിആര്സ് തയ്യാറാക്കാനുള്ള കരാര്‍ ക്ഷണിക്കുകയും ചെയ്തെങ്കിലും കിറ്റ്കോ മാത്രമാണ് കരാര്‍ ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നത്. മൂന്നാമതും കരാര്‍ വിളിച്ചപ്പോഴാണ് ഒന്നിലധികം കമ്പനികല് രംഗത്ത് വന്നത്.
രാമനാട്ടുകരയിലെ ഇടമുറിക്കല്‍ മുതല്‍ വെങ്ങളം വരെ 28.1 കിലോമീറ്റര്‍ എന്‍എച്ച് 66 ബൈപാസാണു നാലുവരിയാക്കുന്നത്. നിലവില്‍ 10 മീറ്റര്‍ വീതിയില്‍ രണ്ടുവരിയായാണു ബൈപാസ് നിര്‍മ്മിച്ചിരിക്കുന്നത്. കോഴിക്കോട് ബൈപാസ് നാലുവരിയില്‍ നിര്‍മ്മിക്കാനാണ് 45 മീറ്റര്‍ വീതിയില്‍ 25 വര്‍ഷം മുമ്പേ സ്ഥലം ഏറ്റെടുത്തത്. എന്നാല്‍ എന്‍എച്ച് 66ന്റെ വെങ്ങളം മുതല്‍ കുറ്റിപ്പുറം വരെയുള്ള ഒറ്റഘട്ടം ആയി പരിഗണിക്കുന്ന ദേശീയപാത അതോറിറ്റി കുറ്റിപ്പും- ചേളാരി സ്ഥലം ഏറ്റെടുക്കല്‍ നടക്കാത്തതിനാല്‍ പദ്ധതി ഏറ്റെടുത്തിരുന്നില്ല. പിന്നീട് ജനപ്രതിനിധികളുടെ ഇടപെടലിനെ തുടര്‍ന്നാണ് രണ്ടുവരിയില്‍ ബൈപാസ് പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. ഉദ്ഘാടനം ചെയ്ത യുഎല്‍ സൈബര്‍പാര്‍ക്കും, നിര്‍മ്മാണം പുരോഗമിക്കുന്ന സര്‍ക്കാര്‍ ഐടി പാര്‍ക്കും സ്ഥിതി ചെയ്യുന്ന ബൈപാസ് നാലുവരിയാക്കിയാല്‍ കോഴിക്കോടിന്റെ വികസന പദ്ധതികള്‍ക്ക് ഊര്‍ജ്ജം ലഭിക്കും.