മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ രത്നഗിരി ഗ്യാസ് ആന്‍ഡ് പവര്‍ പ്രവൈറ്റ് ലിമിറ്റഡ് വൈദ്യുതി പ്ലാന്റില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റുമരിച്ച സിഐഎസ്എഫ് ജവാന് ചാലിക്കരയിലെ മായഞ്ചേരിപൊയില്‍ പഴേടത്തില്‍ റെനീഷിന്റെ(28) മൃതദേഹം സംസ്കരിച്ചു. ഇന്നലെ വൈകിട്ട് 5.30 ന് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ഉച്ചക്കു ശേഷം മൂന്നരയോടെ സിഐഎസ്എഫ് ജവാന്മാരുടെ നേതൃത്വത്തില്‍ എത്തിച്ച മൃതദേഹം മായഞ്ചേരിപൊയിലില് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ വിവിധ തുറയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കെ. കുഞ്ഞമ്മദ് എംഎല്‍എ, അഡ്വ മുഹമ്മദ് ഇഖ്ബാല്‍, പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി, കൊയിലാണ്ടി തഹസില്‍ദാര്‍ ടി. സോമനാഥന്, നാദാപുരം എഎസ്പി കറപ്പസ്വാമി, മുല്ലപ്പള്ളി രാമചന്ദ്രന് എംപിയ്ക്ക് വേണ്ടി പിഎ കെ. പ്രദീപ് കുമാര്‍ എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചു.
കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ഇന്‍സ്പെക്ടര്‍ വി.കെ അജിത്ത്. എസ്ഐഎസ്. മാനുവല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്കി. സംസ്കാര ചടങ്ങുകള്‍ക്കു ശേഷം നടന്ന അനുശോചന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എം. കുഞ്ഞികണ്ണന്‍ അധ്യക്ഷത വഹിച്ചു.