അഡ്വ. പി.ടി.എ റഹീം എം.എല്‍.എ
– 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി നിയോജകമണ്ഡലത്തില്‍ നിന്നും കെ. മുരളീധരനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി.
– 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എയായിരുന്ന യു.സി രാമനെ 3269 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി കുന്ദമംഗലത്ത് നിന്നും വിജയിച്ചു.
പി ടി എ റഹിം എം എല്‍ എ അവകാശപ്പെടുന്ന വികസന നേട്ടങ്ങള്‍
ഹയര്‍ സെക്കന്ററി സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ ‘രാഗാസ്’
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ഹയര്‍സെക്കന്ററി സ്കൂളുകള്‍ അന്താരാഷ്ട്ര നിവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് എന്‍.ഐ.ടി വിദഗ്ധരുടെ സഹകരണത്തോടെ തയ്യാറാക്കിയ പദ്ധതിയാണ് ‘രാഗാസ്'(REGIONAL ACADEMIC AUGMENTATION OF GOVERNMENT AND AIDED SCHOOLS). സ്കൂളുകളിലെ ഭൗതിക സാഹചര്യങ്ങളോടൊപ്പം അക്കാദമിക രംഗങ്ങളിലും പാഠ്യേതര രംഗങ്ങളിലും കലാകായിക മേഖലകളിലും മികവുണ്ടാക്കി കുട്ടികളുടെ കഴിവുകള്‍ ഉത്തേചിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നിലവില്‍ സ്കൂളുകള്‍ക്ക് ലഭിക്കുന്ന എസ്.എസ്.എ, ആര്.എം.എസ്.എ, എം.എല്‍.എ, എം.പി, മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ ഫണ്ടുകള്‍ ഏകോപിപ്പിച്ച് ആസൂത്രിതമായ പദ്ധതിയൊരുക്കുകയാണ്. ആദ്യ ഘട്ടം എന്ന നിലയില്‍ മണ്ഡലത്തിലെ ഏഴ് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ക്കും എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും ഒരു കോടി രൂപ വീതം അനുവദിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഗവ. കോളജ്:
കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ സര്‍ക്കാര്‍ മേഖലയിലോ എയ്ഡഡ് മേഖലയിലോ കോളജ് ഉണ്ടായിരുന്നില്ല. അഞ്ച് ഏക്കര്‍ സ്ഥലം സൗജന്യമായി ലഭ്യമാക്കുക, താല്‍ക്കാലികമായി ക്ലാസ് നടത്തുന്നതിന് കെട്ടിടവും ഫര്‍ണിച്ചര്‍ സൗകര്യവും ഏര്‍പ്പെടുത്തുക, സ്ഥിരം കെട്ടിടം നിര്‍മ്മിക്കുന്നതിന് എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക അനുവദിക്കുക എന്നീ മൂന്ന് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ സര്‍ക്കാര്‍ കോളജ് അനുവദിക്കാമെന്ന അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളുടെയും യോഗം വിളിച്ചുകൂട്ടി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വെള്ളന്നൂരില്‍ സര്‍ക്കാറില്‍ നിന്ന് പ്രത്യേകാനുമതി വാങ്ങി അഞ്ച് ഏക്കര്‍ പത്ത് സെന്റ് സ്ഥലം വിലകൊടുത്ത് വാങ്ങുകയും കോളജിന് വേണ്ടി വിട്ടുനല്‍കുകയും ചെയ്തു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ച് ആര്.ഇ.സി സ്കൂളിന് വേണ്ടി നിര്‍മ്മിച്ച മൂന്ന് നില കെട്ടിടത്തില്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനുള്ള സൗകര്യമൊരുക്കുകയും എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് സ്ഥിരം കെട്ടിടം നിര്‍മ്മിക്കാന്‍ 3.25 കോടി രൂപ അനുവദിക്കുകയും ചെയ്തു.
ബികോം വിത് ഫിനാന്‍സ്, ബി.എ ഡെവലപ്മെന്റ് ഇകണോമിക്സ് വിത് ഫണ്ടമെന്റല്‍സ് ഓഫ് ഫോറിന് ട്രേഡ് ആന്റ് ബേസിക് ഇകണോമിക് മെതേഡ്സ്, ബി.എ ഇംഗ്ലീഷ് വിത് ജേണലിസം ആന്റ് പബ്ലിക് റിലേഷന്‍ എന്നീ കോഴ്സുകളാണ് കോളജില്‍ നിലവിലുള്ളത്. കോളജില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ ആറ് അദ്ധ്യാപക തസ്തികകളും പതിമൂന്ന് അനദ്ധ്യാപക തസ്തികകളും അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. കോളജിന് വേണ്ടി വെള്ളന്നൂര്‍ കോട്ടോല്‍കുന്നില്‍ നിര്‍മ്മിക്കുന്ന സ്ഥിരം കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് 2016 ജനുവരി 31 ന് നിര്‍വ്വഹിച്ചു.
കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന് :
കേരളത്തിലെ ഏക സബ്താലൂക്ക് ആസ്ഥാനവും നാഷനല്‍ ഹൈവേ 212 ലെ സുപ്രധാന ജംഗ്ഷനും ദേശീയ അന്തര്‍ദേശീയ പ്രാധാന്യമുള്ള നിരവധി സ്ഥാപനങ്ങളുടെ കേന്ദ്രവുമായ കുന്ദമംഗലത്ത് ഒരു മിനിസിവില്‍ സ്റ്റേഷന് ഇല്ലാത്തത് വലിയ പോരായ്മയായിരുന്നു. എം.എല്‍.എയുടെ അഭ്യര്‍ഥന പ്രകാരം ബ്ലോക്ക്പഞ്ചായത്ത് ഭരണസമിതി സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനമെടുത്തു. തുടര്‍ന്ന് മിനി സിവില്‍ സ്റ്റേഷന് നിര്‍മ്മിക്കുന്നതിനായി 50 സെന്റ് സ്ഥലം വിട്ടു നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവു ലഭിച്ചു. നിര്‍മ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് 715 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുകയും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ചെയ്തു. 2016 ജനുവരി 11 ന് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പ്രവൃത്തിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. പൊതുമേഖലാ സ്ഥാപനമായ സില്‍ക്ക് ആണ് പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.
സബ് ട്രഷറി :
കേരളത്തിലെ ഏക സബ്താലൂക്കും നിരവധി സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും പ്രവൃത്തിക്കുന്ന കുന്ദമംഗലത്ത് ഒരു സബ്ട്രഷറി ആരംഭിക്കണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കുകയും കുന്ദമംഗലത്ത് ഒരു സബ്ട്രഷറി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. മിനിസിവില്‍ സ്റ്റേഷന് പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ താഴെ നിലയില്‍ സബ് ട്രഷറി പ്രവര്‍ത്തനമാരംഭിക്കും.
ബോട്ടാണിക്കല്‍ ഗാര്ഡന് :
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ബോട്ടാണിക്കല്‍ ഗാര്ഡന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴിലുള്ള ഗവേഷണ സ്ഥാപനമാക്കി ഉയര്‍ത്തി.
ബി.കെ കനാല്‍ :
ഉള്‍നാടന്‍ ജലഗതാഗത്തിനും ടൂറിസത്തിനും പ്രയോജനപ്പെടുത്തുന്നതിന് ഒളവണ്ണ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ബേപ്പൂര്‍ കല്ലായ് കനാല്‍ (ബി.കെ കനാല്‍) പരിഷ്കരണത്തിന് 12.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി.
കൂളിമാട്കടവ് പാലം സ്ഥലമെടുപ്പ്, മാമ്പുഴ സംരക്ഷണത്തിനുള്ള നടപടികള്‍ ഈഗ്ള്‍ പ്ലാന്റേഷന് കോളനി പട്ടയം വിതരണം തുടങ്ങി
കുന്ദമംഗലം കാരന്തൂര്‍ ടൗണ്‍ സൗന്ദര്യവല്‍ക്കരണം :
ദേശീയപാത 212 ല്‍ കാരന്തൂര്‍ ജംഗ്ഷന്, കുന്ദമംഗലം ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന് എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് 113.1 ലക്ഷം രൂപ ചെവഴിച്ചു. സൗന്ദര്യ വത്സകരണത്തിന് അത്യാവശ്യമായിരുന്ന രണ്ട് സെന്റ് സ്ഥലം സ്വകാര്യ വ്യക്തിയില്‍ നിന്ന് ലഭ്യമാക്കുകയും മുക്കം റോഡ് ജംഗ്ഷന് വീതി കൂട്ടി സൗകര്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി കുന്ദമംഗലം കാരന്തൂര്‍ ടൗണുകളിലെ ഡ്രൈനേജുകള്‍ പുതുക്കിപ്പണിത് ഇന്റര്‍ ലോക്ക് ടൈലുകള്‍ പാകി. നടപ്പാത നിര്‍മ്മിച്ച് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കൈവരികള്‍ സ്ഥാപിച്ചു. ടൗണിലെ ലഭ്യമായ സ്ഥലങ്ങള്‍ വീതികൂട്ടി ടാര്‍ ചെയ്ത് ട്രാഫിക് മീഡിയനുകളായി സ്പ്രിംഗ് പോസ്റ്റുകള്‍ സ്ഥാപിച്ചു. അപ്രോച്ച് റോഡില്ലാത്തതിനാല്‍ പ്രയോജനരഹിതമാക്കിടന്ന മൊയോട്ടക്കടവ്പാലം, കമ്മാണ്ടിക്കടവ്പാലം, കടുപ്പിനിപാലം, പാറക്കടവ് പാലം എന്നിവ ഗതാഗത യോഗ്യമാക്കി.
മണ്ഡലത്തിലെ സര്‍ക്കാര്‍ ഭൂമികള്‍ ഉപയോഗപ്രദമാക്കാന്‍ നടപടികള്‍ സ്വീകരിച്ചു.
ഭരണാനുമതി ലഭിച്ച പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡുകള്‍, തീരദേശ റോഡുകള്‍, ഗ്രാമീണ റോഡുകള്‍, പട്ടികജാതി കോളനി റോഡുകള്‍ തുടങ്ങിയ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കി എന്ന് പി ടി എ റഹീം എം എല്‍ എ അവകാശപ്പെടുന്നു. ഫണ്ട് പരമാവധി ഉപയോഗപ്പെടുത്തി സമഗ്ര വികസനം കാഴ്ചവെച്ചു.
യു സി രാമന് (പ്രതിപക്ഷം)- കുന്ദമംഗലം നിയോജക മണ്ഡലം
2001-2006 ല്‍ യു ഡി എഫ് എം എല്‍ എയായിരുന്നു.
എം എല്‍ എ എന്ന നിലയില്‍ പി ടി എ റഹീം വട്ടപൂജ്യം
എം എല്‍ എ ഫണ്ട് ഐക്യജനാധിപത്യ മുന്നണിയാണ് കൊണ്ടുവന്നത്.2001 ല്‍ 25000 രൂപയുള്ളത് ഇപ്പോള്‍ ഒരു കോടിയായി. ആസ്തി വികസന ഫണ്ട് 5 കോടിയും ഉണ്ട്. ഈ തുക വിനിയോഗിക്കാന്‍ പി എ മാത്രം മതി. മണ്ഡലത്തിന്റെ വികസനം കാര്യക്ഷമമായി നടന്നില്ല. മണ്ഡലത്തിലെ വിരുന്നുകാരനായിരുന്നു എം എല്‍ എ. 2001,2006 ല്‍ ഞാന്‍ എം എല്‍ എയായിരുന്നു. 2006ല്‍ എല്‍ ഡി എഫ് ഭരിക്കുമ്പോള്‍ ജില്ലയിലെ ഏക യുഡിഎഫ് എം എല്‍ എയായ എനിക്ക് യാതൊരു ഗ്രാമ,ബ്ലോക്ക്, പഞ്ചായത്തുകളില്‍ നിന്നും പിന്തുണയും ലഭിച്ചില്ല. പി ടി എ റഹീമിന് ഐക്യജനാധിപത്യമുന്നണി സര്‍ക്കാരും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളും പൂര്‍ണ പിന്തുണ നല്കി. കുന്ദമംഗലത്തെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കുന്ദമംഗലത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മുന്‍പ് ഞാന്‍ എംഎല് എ ആയപ്പോള്‍ സമാന്തര ബൈപ്പാസ് എന്നൊരു പ്രോജക്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് ഇടത് സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ല. പക്ഷേ യുഡിഎഫ് സര്‍ക്കാര്‍ ഇടതെന്നോ വലതെന്നോ നോക്കാതെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കുകയാണ്. പക്ഷേ അപ്പോഴും പിടിഎ റഹീമിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മാവൂര്‍ ഗോളിയോര്‍ റയോണ്‍സ് അടഞ്ഞു കിടക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളില്ലാതെ സമാന്തര വ്യവസായം തുടങ്ങാനുള്ള ശ്രമങ്ങള്‍ക്ക് എംഎല് എ ഒന്നു ചെയ്തില്ല. പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തിയ പ്രവൃത്തികള്‍ മാത്രമേ എംഎല്‍എക്ക് അവകാശപ്പെടാനുള്ളൂ. പാറക്കടവ് പാലം ഞാന്‍ തുടങ്ങിവെച്ചതാണ് അത് പൂര്‍ത്തീകരിച്ചില്ല. മുഖ്യമന്ത്രി ഇടപെട്ടാണ് ഇപ്പോള്‍ പുനരാരംഭിച്ചത്. കൂളിമാട് പാലം ഭൂമി ഏറ്റെടുക്കാന്‍ മുന്‍പ് ഫണ്ട് അനുവദിച്ചതാണ് തുടര്‍ നടപടികളുണ്ടായില്ല.