കൊയിലാണ്ടി: ക്ഷേത്രക്കുളത്തില്‍ ദളിതന് കുളിച്ചതിന്റെ പേരില്‍ കുളത്തില്‍ പുണ്യാഹം നടത്തിയ സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തി. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് തെളിവെടുപ്പ് നടത്തിയത്. മേലൂര്‍ കൊണ്ടംവള്ളി കുളത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുണ്യാഹം നടത്തിയതായി ദളിത് സംഘടനകള്‍ ആരോപിക്കുകയായിരുന്നു.ആര്‍ഡിഒ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് രഘുരാജ്, യുഡിസി അശോകന് മങ്കര, അഡീഷണല്‍ തഹസില്‍ദാര്‍ മോഹന്‍ദാസ്, സി.കെ. രവി, വില്ലേജ് ഓഫീസര്‍ വിജയന് തുടങ്ങിയവരാണ് തെളിവെടുപ്പിനെത്തിയത്. അന്വേഷണം സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദളിതന് കുളിച്ചു എന്ന് ആരോപിച്ച് ക്ഷേത്രക്കുളം എംഎല്‍എയുടെ നേതൃത്വത്തില്‍ ശുദ്ധികര്മകള് ചെയ്ത് പുണ്യാഹം തളിച്ചു എന്നായിരുന്നു ആരോപണം. കൊയിലാണ്ടി കൊണ്ടംവള്ളി അയ്യപ്പക്ഷേത്രക്കുളത്തിലാണ് ശുദ്ധികര്മ്മകള് ചെയ്യിച്ച് പുണ്യാഹം തളിച്ചത്. അനേക കാലമായി കാടുംപടലവും പിടിച്ച് നശിച്ചു കിടന്നിരുന്ന കൊണ്ടംവള്ളി അയ്യപ്പക്ഷേത്രക്കുളം നവീകരിക്കാനായി അയ്യപ്പസേവാ സമിതിക്കാരുടെ സഹകരണത്തോടെ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.ഈ കമ്മിറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത് ഒരു ദളിതനെ ആയിരുന്നു. നവീകരണ പ്രവൃത്തികള്‍ നടന്നുവരവെ ഒന്നാംഘട്ട പ്രവൃത്തി കഴിഞ്ഞുവെന്ന കാരണം പറഞ്ഞ് ദളിതനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി. പീന്നീട് പ്രവൃത്തി പൂര്‍ത്തിയാകുകയും 2015 ഒക്റ്റോബര്‍ 17ന് ക്ഷേത്രം ഭാരവാഹികളുടെയും, കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ക്ഷേത്രക്കുളം സമര്‍പ്പണം നടത്തി.
ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അഞ്ചു ബ്രാഹ്മണര്‍ മുഴുവന്‍ പൂജാദി കര്‍മ്മങ്ങളും ശുദ്ധികര്‍മ്മങ്ങളും നടത്തിയായിരുന്നു സമര്‍പ്പണം. ക്ഷേത്രം തന്ത്രിക്ക് ദക്ഷിണ നല്കിയതും ആദ്യ സ്നാനം നടത്തിയതും നേരത്തെ പ്രസിഡന്റായിരുന്ന ദളിതനായിരുന്നു. ഇതില്‍ അസംതൃപ്തരായ കുറെപേര് സംഘടിച്ച് ജനുവരി 26ന് ക്ഷേത്രം കമ്മിറ്റിയും, തന്ത്രിയും അറിയാതെ ക്ഷേത്രം മുന്‍ശാന്തിക്കാരനെ കൊണ്ട് ശുദ്ധി ക്രിയകള്‍ ചെയ്യിപ്പിച്ച് പുണ്യാഹം തളിച്ച് കുളം പുനര്‍സമര്‍പ്പണം നടത്തുകയും ആദ്യസ്നാനം സവര്‍ണരെക്കൊണ്ട് നടത്തിക്കുകയും ചെയ്തെന്നാണ് ആരോപണം.