ലോകസഞ്ചാരികൾക്കുതന്നെ പ്രിയങ്കരങ്ങളാണ് കേരള കടൽത്തീരങ്ങൾ. അസ്തമയക്കാഴ്ചയുടെ അഭൗമസൗന്ദര്യമൊരുക്കുന്ന അഞ്ച് കേരള കടൽത്തീരങ്ങൾ ഇതാ.
കാപ്പാട്
കോഴിക്കോട് നഗരത്തില്‍ നിന്നും വെറും 16 കിലോ മീറ്റര്‍ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന കാപ്പാട് ബീച്ച് സഞ്ചാരികളുടെ പറുദീസയെന്നാണ് അറിയപ്പെടുന്നത്. ചരിത്ര പ്രാധാന്യം ഏറെയുള്ള ഈ ബീച്ചിന് കാപ്പാക്കടവെന്നും വിളിക്കാറുണ്ട്. 1498 ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്ഗോഡഗാമ ആദ്യമായി ഇന്ത്യയില്‍ കാലുകുത്തിയത് കാപ്പാടിനടുത്താണ്. ദിനംപ്രതി നിരവധി ആളുകള്‍ എത്തുന്ന ഈ കടല്‍ത്തീരം മലബാറിന്റെ പ്രധാനസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കടല്‍ത്തീരത്തെ സുന്ദരമാക്കുന്ന പാറക്കെട്ടുകളും, അതിനോടു ചേര്‍ന്നുള്ള ക്ഷേത്രവും കാഴ്ചക്കാരന് അവിസ്മരണീയമാകും. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 23 കി.മീറ്റര്‍ ദൂരമേ കാപ്പാടേക്കുള്ളു.
മുഴപ്പിലങ്ങാട്
കേരളത്തിലെ ഏക ഡ്രൈവിങ്ങ് ബീച്ചാണ് കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാടി ബീച്ച്. വിശാലമായ കടല്ത്തീരത്തോടുകൂടിയ ഈ ബീച്ചിലെ അസ്തമയക്കാഴ്ചയുടെ സൗന്ദര്യം മറ്റൊരു ബീച്ചിനും അവകാശപ്പെടാനില്ലാത്തതാണ്. ഡ്രൈവിങ്ങ് ബീച്ചായതുകൊണ്ടുതന്നെ ദിവസേന ആളുകളുടെ പ്രവാഹമാണ് ഈ ബീച്ചില്‍. തലശ്ശേരിയില്‍ നിന്നും 8 കിലോ മീറ്റര്‍ അകലത്തിലാണ് മുഴപ്പിലങ്ങാടി ബീച്ച് സ്ഥിതി ചെയ്യുന്നത്.
മാരാരി
ലോക ടൂറിസം ഭൂപടങ്ങളില്‍ ഇടംനേടിയ വിനോദ വിശ്രമകേന്ദ്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം. ആയിരത്തോളം തെങ്ങുകളും ഫലവൃക്ഷങ്ങളും പച്ചക്കറിത്തോട്ടവും ഔഷധമരങ്ങളും തുടങ്ങി കാഴ്ചയെ ഹരിതാഭമണിയിക്കുന്ന ഒട്ടനവധി കാഴ്ചകള്‍ ഇവിടത്തെ സ്വന്തമാണ്. കേരളത്തിന്റെ ഹരിതഭംഗി ആസ്വദിക്കാനായി വിദേശിയരുള്‍പ്പെടെ നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്.
വര്‍ക്കല
തിരുവനന്തപുരം നഗരത്തില്‍ നിന്നും 51 കി.മീറ്റര്‍ അകലെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന വര്‍ക്കല കേരളത്തിലെ മറ്റൊരു വിനോദ സഞ്ചാരകേന്ദ്രം കൂടിയാണ്. ഇന്ത്യയിലെ പ്രധാനക്ഷേത്രങ്ങളിലൊന്നായ ജനാര്‍ദ്ദന ക്ഷേത്രവും നാരായണഗുരുവിന്റെ സമാധിയായ ശിവഗിരിയും ഇവിടത്തെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളാണ്.
കോവളം
കേരളത്തിലെ ബീച്ചുകളുടെ നിരയില്‍ ഏറ്റവും ആദ്യം ഉച്ചരിക്കുന്നത് കോവളം തന്നെ എന്നതില്‍ സംശയമില്ല. തെക്കിന്റെ പറുദീസ എന്ന് സഞ്ചാരികള്‍ വിശേഷിപ്പിക്കുന്ന കോവളത്ത് എത്താത്തവര്‍ ചുരുക്കമായിരിക്കും. വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട കോവളത്തിന് കാഴ്ചകളേറെയാണ്. സൂര്യസ്നാനം, ആയുര്‍വേദ മസാജിങ്, നീന്തല്‍, കലാപരിപാടികള്‍ തുടങ്ങി ഒട്ടനവധിയാണ് കോവളത്തിന്റെ സ്പെഷ്യല്‍. കേരളത്തിന്റെ തലസ്ഥാന നഗരത്തുനിന്നും ഏകദേശം 16 കിലോ മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഈ സ്വപ്നതീരത്തേക്ക് ദിവസേന എത്തുന്നത് ആയിരക്കണക്കിനാളുകളാണ്. അവധിക്കാലങ്ങള്‍ കോവളത്തോടൊപ്പം ആഘോഷിക്കാനായി കേരളത്തിനകത്തും പുറത്തുമായി എത്തുന്നവര്‍ നിരവധിയാണ്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 16 കിലോ മീറ്ററും, എയര്‍പോട്ടില്‍ നിന്ന് 10 കിലോ മീറ്ററും ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന കോവളത്തേക്ക് എത്തിപ്പെടാന്‍ യാത്രസൗകര്യങ്ങളേറെയാണ്.