നാദാപുരത്ത് വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ കയറ്റിയ സഹപാഠിക്ക് നേരെ സാദാചാര പോലീസ് ചമഞ്ഞ് അക്രമം. കല്ലാച്ചി പാരലല്‍ കോളജ് വിദ്യാര്‍ഥി ഇരിങ്ങണ്ണൂര്‍ സ്വദേശി ശ്രീസാഗറി(19)നെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കൂടെ പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ സഹോദരിയുടെ വിവാഹത്തിന് ചെക്യാട്ടെ വിവാഹവീട്ടിലെത്തിയതായിരുന്നു ശ്രീസാഗര്‍. വിവാഹശേഷം സഹപാഠിയായ വിദ്യാര്‍ഥിനിയെ പെട്ടെന്ന് വീട്ടിലെത്തേണ്ടതിനാല്‍ ബൈക്കില്‍ പാറക്കടവ് ടാക്സിസ്റ്റാന്‍ഡില്‍ എത്തിച്ചു.
പെണ്‍കുട്ടിയെ സ്റ്റാന്‍ഡില്‍ ഇറക്കിയ ഉടനെ ബൈക്കിലെത്തിയ ഒരു സംഘം ശ്രീസാഗറിനെ തൊട്ടടുത്ത പറമ്പിലേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മര്‍ദ്ദിച്ച് അവശനാക്കുകയുമായും ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം കണ്ട്രോള് റൂമില്‍ നിന്ന് പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ശ്രീസാഗറിനെ തലശേരി ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.