പ്രമുഖ ചലച്ചിത്രതാരം കലാഭവന്‍ മണി (45) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിലായിന്നു അന്ത്യം. കരള്‍ രോഗ ബാധയെത്തുടര്‍ന്നാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണകാരണം ശരീരത്തില്‍ വിഷാംശം ചെന്നെന്ന് സംശയം. മണിയുടെ സംസ്കാരം വൈകിട്ട് അഞ്ചിന് ചാലക്കുടിയിലെ വീട്ടുവളപ്പിൽ നടക്കും. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഭൗതികശരീരം തൃശൂരിലും ചാലക്കുടിയിലും പൊതുദർശനത്തിന് വെക്കും.
കലാഭവന്‍ മണിക്ക് ഗുരുതര കരള്‍ രോഗമായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍ തീര്‍ത്തും തകരാറിലായിരുന്നു. ശരീരത്തിലുണ്ടായിരുന്ന മറ്റ് രാസവസ്തുക്കള്‍ മരുന്നുകളുടെ സാന്നിധ്യം മൂലമുണ്ടായതെന്നാണ് സൂചന. മണിയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചു. മെഥനോള്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നോ എന്ന കാര്യം രാസപരിശോധനയ്ക്കു ശേഷം സ്ഥിരീകരിക്കും.
തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് മണിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. മണിയുടെ മരണം അസ്വഭാവിക മരണമാണെന്ന് കാണിച്ച് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മണിയെ അവശനിലയില്‍ കണ്ടെത്തിയ ഔട്ട് ഹൌസില്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഔട്ട് ഹൗസ് പൊലീസ് സീല്‍ ചെയ്തു.സഹോദരന്റെ പരാതിയില്‍ ചാലക്കുടി ചേരനെല്ലൂര്‍ പോലീസാണ് കേസെടുത്തത്. മരണകാരണം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നതിനാലാണ് കേസെന്ന് പോലീസ് അറിയിച്ചു. റൂറല്‍ എസ്പി കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ഔട്ട് ഹൌസില്‍ പരിശോധനനടത്തി. ആത്മഹത്യയാണെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ ഇത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് എസ്പി പറഞ്ഞു. ഇന്ന് വൈകുന്നേരം 5 മണിയോടെ വീട്ടുവളപ്പിലാകും മണിയുടെ സംസ്കാരം നടക്കുക.
രാവിലെ 11.30 മുതൽ 12.00വരെ തൃശൂർ സംഗീത നാടക അക്കാദമി ഹാളിലും 12.30 മുതൽ 3.30 വരെ ചാലക്കുടി മുനിസിപ്പൽ ഒാഫീസിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. തുടർന്ന് വസതിയിലേക്ക് കൊണ്ടു പോകുന്ന മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. രാവിലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പൊലീസ് ഇൻക്വസ്റ്റ് തയാറാക്കിയിരുന്നു. മണിയോടുള്ള ആദരസൂചകമായി ചാലക്കുടിയിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.
ചാലക്കുടി സ്വദേശിയായ മണി നാടന്‍ പാട്ടിലൂടെയും, മിമിക്രിയിലൂടെയും മലയാളികളുടെ മനസില്‍ ഇടംനേടി, അക്ഷരം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. നിരവധി തമാശവേഷങ്ങളിലൂടെ മലയാളിയുടെ സ്വന്തം താരമായി മണി മാറി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ രാമുവിലൂടെ, ദേശീയ-സംസ്ഥാന തലത്തില്‍ പ്രത്യേക ജൂറി അവാര്‍ഡും മണി നേടി.
നാടന്‍പാട്ടുകളെ വീണ്ടും മലയാളികളിലേക്കെത്തിച്ചതില് മണിയോളം പരിശ്രമിച്ച മറ്റൊരാളില്ല. നാടന്‍പാട്ട് ക്യാസറ്റുകളും ഉത്സവ പറമ്പുകളും മണിക്ക് സ്വന്തമായി. ചാലക്കുടി ചന്തയ്ക്ക് പോകുമ്പോഴും, കണ്ണിമാങ്ങാ പ്രായത്തിലുമെല്ലാം മലയാളമുള്ള കാലത്തോളം മറക്കാത്തവണ്ണം മനസിലുറപ്പിച്ചത് മണിയാണ്. സിനിമയില്‍ നൂറോളം പാട്ടുകള്‍ പാടുകയും രണ്ട് സിനിമകള്‍ക്ക് സംഗീതം നല്‍കുകയും ചെയ്തിരുന്നു. 20 ഓളം സിനിമകളില്‍ പാടുകയും ചെയ്തിരുന്നു. എംഎല്‍എ മണിയെന്ന സിനിമയ്ക്ക കഥയുമെഴുതി.
മണിയുടെ ചിരിയുടെ രീതി പോലും മലയാളിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലുമായി നൂറോളം സിനിമകളിലും വേഷമിട്ട മണി, തെന്നിന്ത്യയിലെ പ്രധാനപ്പെട്ട വില്ലന്‍ വേഷങ്ങളിലാണ് തിളങ്ങിയത്. അവസാന കാലത്ത് തമിഴ് സിനിമകളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.
മലയാളിക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച്, ഇനിയൊരുപാട് കഥാപാത്രങ്ങളെ ബാക്കിവെച്ചാണ് മലയാളിയുടെ സ്വന്തം ചാലക്കുടിക്കാരന്‍ യാത്രയാകുന്നത്.