Home » മറുകാഴ്ച » വെള്ളിവെളിച്ചത്തിലെ സവര്‍ണബോധം തച്ചുടച്ച ദളിതന്‍

വെള്ളിവെളിച്ചത്തിലെ സവര്‍ണബോധം തച്ചുടച്ച ദളിതന്‍

എം എം രാഗേഷ്‌

വെള്ളിത്തിര പോയിട്ട് വേദി പോലും സ്വപ്‌നം കാണാനാവാത്ത ദളിതന്റെ മനസിലെ നായക സങ്കല്‍പത്തെ കലാഭവന്‍ മണിയിലൂടെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. സാധാരണക്കാരന് അപ്രാപ്യമാണ് വെള്ളിത്തിരയുടെ നടപ്പ് ശീലങ്ങളെന്ന ധാരണയെ പൊളിച്ചെഴുതിയ കലാഭവന്‍ മണി തന്റെ പൊള്ളുന്ന ജീവിതത്തിലെ തഴക്കവും തഴമ്പും ഒരുനടനാകാന്‍ ധാരാളമാണെന്ന് തെളിയിച്ചു. നാടന്‍ പാട്ടിന്റെ ജനകീയത തിരിച്ചറിഞ്ഞ മണി നാടന്‍ ശീലുകളിലൂടെ സാധാരണക്കാരന്റെ വീട്ടുകാരനായി. ഒരുകാലത്ത് കലാഭവന്‍ മണിയുടെ പുതുതായിറങ്ങിയ നാടന്‍പാട്ട്കാസറ്റിനായി നാട്ടിന്‍ പുറങ്ങളില്‍ നിന്ന് നഗരത്തിലെ കടകളിലേക്ക് സൈക്കിളുമായി പാഞ്ഞ കൂലിപ്പണിക്കാരായിരുന്നു മണിയുടെ ആരാധകരിലേറെയും. കല്ല്യാണവീടുകളില്‍, ക്ലബ്ബിന്റെ വാര്‍ഷിക വേദികളില്‍, കള്ളുഷാപ്പില്‍ എന്നുവേണ്ട നാലാള്‍കൂടുന്നിടത്തെല്ലാം മണിയുടെ പാട്ടുകളും ഒഴുകി നടന്നു. സിനിമാ ലോകത്തെത്തുമ്പോള്‍ സ്വാഭാവികമായും വന്നു ചേരുന്ന കൃത്രിമ ചേഷ്ടകള്‍ തന്നിലടിയാതിരിക്കാന്‍ താനൊരു ദളിതനാണെന്ന് മണി ഉറക്കെ പാടികൊണ്ടേയിരുന്നു. നൈമിഷികമായി വന്നുചേരുന്ന ഭാഗ്യം മാത്രമാണ് ഈ താരപദവിയെന്ന് ഓര്‍മ്മപ്പെടുത്തി വെള്ളിവെളിച്ചത്തിലെ പതിവ് ജാടകളെ വലിച്ച് കീറിയപ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു പുതിയ അനുഭവമായിരുന്നു. പിന്നിട്ട വഴികളിലെ കല്ലും മുള്ളും കണ്ണീരും വേദനയും മണി വീണ്ടും വീണ്ടും പാടിപ്പറഞ്ഞപ്പോള്‍ ആവര്‍ത്തനമെന്ന് പറഞ്ഞവര്‍ക്ക് അറിയില്ലായിരുന്നു, മണിയുടെ ഓരോ വാക്കും ഒരു ജനതയ്ക്ക് നല്‍കുന്നത് പ്രതീക്ഷയുടെ പൊന്‍കിരണങ്ങളാണെന്ന്.

മലയാള സിനിമയില്‍ പതിവ് നായക സങ്കല്‍പത്തെ മറികടക്കാനുള്ള ബോധപൂര്‍വ്വമായ ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഓരോ കാലത്തും ഉണ്ടായിട്ടുണ്ട്. ഇന്ന് ന്യൂജനറേഷന്‍ സിനിമാക്കാലമെന്ന് പറയുമ്പോള്‍ അതിന് മുമ്പെ ആവഴി സാധ്യമാണെന്ന് തെളിയിച്ച നടനാണ് കലാഭവന്‍ മണിയെന്നു കാണാം. സാധാരണക്കാരനും കറുത്തവനുമായൊരുത്തന് മലയാള സിനിമയിലെ നായകനായും പ്രതിനായകനായും കൊമേഡിയനായും സ്വഭാവനടനായും ഭിന്നശേഷിക്കാരനായും ദളിതനായുമെല്ലാം ഒരേസമയം മാറാനാകുമെന്നും, അതിനും പ്രേക്ഷകരുണ്ടാകുമെന്നും കലാഭവന്‍ മണി തെളിയിച്ചു. ഇന്നത്തെ യുവതാരങ്ങള്‍ ശ്രദ്ധിക്കുന്ന വ്യത്യസ്തമായ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ് കലാഭവന്‍ മണിയുടെ പിന്നിട്ട അഭിനയ ജീവിതത്തിലുടനീളം കാണാം. മോശം സിനിമകളിലും വാണിജ്യ സിനിമകളിലും അന്യഭാഷാ സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും ശരീരഭാഷകൊണ്ട് ഒരു നടന്‍ എന്താകണമെന്ന് കലാഭവന്‍ മണി പ്രേക്ഷകര്‍ക്ക് കാണിച്ചു തന്നു. ഭാഷകളുടെ അതിര്‍ത്തികളില്ലാത്ത അഭിനയലോകം തനിക്ക് നിസ്സാരമെന്ന് മണിയുടെ ഓരോ കഥാപാത്രങ്ങളും വിളിച്ച് പറഞ്ഞപ്പോള്‍ ചലച്ചിത്ര മണിമാളികകളിലെ അഭിനയചക്രവര്‍ത്തിമാര്‍ പോലും ഈ ദളിതനെ മനസിലാരാധിച്ചു. മണിയുടെ മരണവാര്‍ത്തയറിഞ്ഞ് ഒരു ചാനലില്‍ മമ്മൂട്ടി പ്രതികരിച്ചത് ഇങ്ങനെയാണ്” ഇത്ര ചെറിയ പ്രായത്തില്‍ എത്രയെത്ര വൈവിദ്ധ്യമാര്‍ന്ന വേഷങ്ങള്‍, എനിക്ക് പോലും ഇതുപോലെ അവസരം ലഭിച്ചിട്ടില്ല. ചെയ്യാനുള്ള വേഷങ്ങളെല്ലാം ചെയ്ത് തീര്‍ത്തെന്ന് ദൈവത്തിന് തോന്നിക്കാണും’

ആരാധകരെ സമ്പാദിക്കുന്നതിന് തന്റെ രാഷ്ട്രീയം മറച്ചുവെയ്‌ക്കേണ്ടെന്നും അങ്ങനെയല്ലാതെയും ആരാധകരെ സംതൃപ്തിപ്പെടുത്താമെന്നും താരജീവിതത്തിലൂടെ കലാഭവന്‍ മണി കാണിച്ചു തന്നു. നിറത്തിന്റെ പേരില്‍ തന്റെ നായികമാരാകാന്‍ പലരും മടികാണിച്ച ദുരനുഭവം കലാഭവന്‍ മണി തുറന്ന് പറഞ്ഞപ്പോള്‍ മലയാള ചലച്ചിത്ര ലോകത്തെ തൊട്ടുകൂടായ്മയുടെ സാക്ഷ്യം കൂടിയായത്. കാലം കാത്തുവച്ച മധുര പ്രതികാരം പോലെ മണി പിന്നീട് ലോകസുന്ദരിയ്‌ക്കൊപ്പം കള്ളുചെത്തുകാരനായി തോളില്‍ കൈയ്യിട്ട് നിന്നപ്പോള്‍ നായക-പ്രതിനായക സ്ഥാനത്തിനുമപ്പുറമാണ് അഭിനയത്തിന്റെ സാദ്ധ്യതകള്‍ എന്ന് മണിയെ തള്ളിക്കളഞ്ഞവര്‍ തിരിച്ചറിഞ്ഞു. നാടന്‍ ശീലുകള്‍കൊണ്ടും ചേറില്‍ പൊതിഞ്ഞ തന്റെ മെയ് വഴക്കം കൊണ്ടും വെള്ളിത്തിരയിലേക്ക് നട്ടെല്ല് നിവര്‍ത്തി നടന്നുകയറിയ കലാഭവന്‍ മണി അഭ്രപാളിയിലെ സവര്‍ണ ബോധത്തെ തച്ചുടയ്ക്കാന്‍ ഒരു തലമുറയ്ക്ക് മുഴുവന്‍ ഊര്‍ജ്ജം നല്‍കിയാണ് യാത്രയാവുന്നത്. ഓരോ ദളിതന്റെയും ആത്മപ്രകാശനമാണ് കലാഭവന്‍ മണിയെന്ന നടനിലൂടെ പ്രേക്ഷകര്‍ ആസ്വദിച്ചത്.

Leave a Reply