കേരള ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടിക്ക് അര്‍ഹനായ അന്യസംസ്ഥാനതൊഴിലാളി പോലീസില്‍ അഭയംതേടി. കോടിപതിയായ ബംഗാള്‍ സ്വദേശി മൊഫിജുല്‍ റഹ്മാന് ഷേഖാണ് ഭാഗ്യം രക്ഷിക്കാന്‍ പൊലീസില്‍ അഭയം തേടിയത്. പോലീസിന്റെ കാരുണ്യത്താല്‍ കാരുണ്യലോട്ടറി സമ്മാനം ഉറപ്പാക്കിയിരിക്കയാണ് ഈ യുവാവിപ്പോള്‍.
തിങ്കളാഴ്ച രാത്രി മുഴുവന്‍ ചേവായൂര്‍ പൊലീസിലായിരുന്നു സംരക്ഷണം. വികലാംഗനായ ലോട്ടറി വില്‍പ്പനക്കാരനോട് സഹതാപം തോന്നിയാണ് ലോട്ടറി എടുത്തത്. ഫലം വന്നപ്പോള്‍ ഒന്നാംസമ്മാനമായ ഒരു കോടി. പിന്നെ ഒന്നും ആലോചിച്ചില്ല. ടിക്കറ്റ് വല്ലവരും മോഷ്ടിക്കുന്നതിന് മുമ്പെ പൊലീസില്‍ അഭയം തേടി. എസ്ഐ യു കെ ഷാജഹാന് കനിഞ്ഞപ്പോള്‍ ഒരു രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍. ചൊവ്വാഴ്ച ടിക്കറ്റ് വെള്ളിമാട്കുന്ന് എസ്ബിഐ ശാഖയില്‍ ഏല്‍പ്പിച്ചപ്പോഴാണ് മൊഫിജുല്‍ റഹ്മാന്റെ മുഖത്ത് കോടീശ്വരന്റെ പുഞ്ചിരി വിടര്‍ന്നത്.
ജോലി തേടി ഒരാഴ്ച മുമ്പാണ് ബംഗാള്‍ ബര്‍ദ ഉത്തര്‍ ലക്ഷ്മിപുര്‍ സ്വദേശിയായ റഹ്മാന് ഷേഖ് എന്ന ഇരുപത്തിരണ്ടുകാരന് കോഴിക്കോട്ട് എത്തിയത്. ഇയാളുടെ അകന്ന ബന്ധുക്കള്‍ മൂഴിക്കലില്‍ കെട്ടിട നിര്‍മാണ തൊഴിലാളികളായുണ്ട്. ഇവര്‍ വിളിച്ചിട്ടാണ് കോഴിക്കോട്ട് എത്തിയത്. വെള്ളിയാഴ്ച വെള്ളിമാട്കുന്നില്നിന്നാണ് ലോട്ടറി എടുത്തത്. തിങ്കളാഴ്ച ഫലം നോക്കിയപ്പോഴാണ് ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ കെടി 215092 നമ്പര്‍ ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ച വിവരം ഇയാള്‍ അറിഞ്ഞത്. തിങ്കളാഴ്ച ശിവരാത്രി അവധിയായതിനാല്‍ ബാങ്ക് പ്രവര്‍ത്തിക്കില്ലെന്ന് മനസ്സിലാക്കിയ ഇയാള്‍ ചോവായൂര്‍ പൊലീസ് സ്റ്റേഷനിലെത്തി. ഒരുപാട് പേര് ഒരുമിച്ച് താമസിക്കുന്ന വാടക കെട്ടിടത്തില്‍ ലോട്ടറി സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയാണ് പൊലീസില്‍ അഭയം തേടിയത്. സംരക്ഷണം നല്കാന് പൊലീസ് തയ്യാറായതോടെ ചൊവ്വാഴ്ച രാവിലെ വരെ സ്റ്റേഷനില്‍ തങ്ങിയ ശേഷം പൊലീസ് സഹായത്തോടെ വെള്ളിമാട്കുന്ന് എസ്ബിഐ ശാഖയില്‍ ടിക്കറ്റ് ഏല്‍പ്പിച്ചു.
ഉടന്‍ നാട്ടിലേക്ക് മടങ്ങി ബിസിനസ് നടത്തി ജീവിക്കാനാണ് ആഗ്രഹമെന്ന് റഹ്മാന് ഷേഖ് പറഞ്ഞു. ഭാര്യ റഫീജ ബീവിയും പത്തുമാസം പ്രായമുള്ള മകളുമടങ്ങുന്നതാണ് കുടുംബം