തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനാവശ്യമായ യോഗങ്ങള്‍ക്കും മറ്റുമുള്ള അനുമതി നേടുന്നതിനും ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. ഇ-പരിഹാരം, ഇ-അനുമതി എന്നീ പേരുകളില്‍ രണ്ട് വെബ്സൈറ്റുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ആരംഭിച്ചത്.
epariharam.kerala.gov.in എന്ന സൈറ്റില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്ത് പരാതികളും അധികൃതര്‍ക്ക് നല്‍കാനും പരാതിയിന്മേല് സ്വീകരിച്ച നടപടികളറിയാനും സാധിക്കും.
വെബ്സൈറ്റില്‍ കയറി മൊബൈല്‍ നമ്പര്‍ നല്കിയാല് ഒരു വണ്‍ടൈം പാസ്വേഡ് ലഭിക്കും. അതുപയോഗിച്ച് പരാതി നല്‍കാനുള്ള പേജിലേക്ക് കടക്കാം. പരാതികള്‍ സ്ഥാനാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാന്‍ അവസരമുണ്ട്.
കെട്ടിട ഉടമയുടെ അനുമതിയില്ലാതെ പോസ്റ്റര്‍ ഒട്ടിക്കുന്നതു മുതല്‍ എതിര്സ്ഥാനാര്ഥിക്കെതിരായ അപവാദപ്രചാരണം വരെ പരാതിയായി നല്‍കാം. വോട്ടര്‍പട്ടികയിലെ പിശകുകളും ബൂത്ത് സംബന്ധിച്ച പരാതികളും ചൂണ്ടിക്കാട്ടാം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കാനും വിവരങ്ങളറിയിക്കാനും ഇതുവഴി കഴിയും. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അനുമതികള്‍ക്കുള്ള അപേക്ഷ നല്‍കാനുമാണ് ഇ-അനുമതി (eanumathi.kerala.gov.in).
തെരഞ്ഞെടുപ്പ് യോഗങ്ങള്‍, റാലികള്‍, പ്രകടനങ്ങള്‍ സംഘടിപ്പിക്കുക, വാഹനങ്ങള്‍, ഉച്ചഭാഷിണി തുടങ്ങിയവ ഉപയോഗിക്കുക തുടങ്ങിയവയ്ക്കുള്ള അനുമതിയ്ക്ക് അപേക്ഷിക്കാനും അനുമതി നേടാനും ഇതുവഴി സാധിക്കും.
ഇതിനായി പൊലിസ് സ്റ്റേഷനുകളിലും മറ്റും കയറിയിറങ്ങുന്നത് ഒഴിവാക്കാം. തെരഞ്ഞെടുപ്പ് ആവശ്യത്തിന് ജില്ലയില്‍ സര്‍വീസ് നടത്തുന്ന നൂറുകണക്കിന് വാഹനങ്ങള്‍ കണ്ടെത്താനും ചുമതല ഏല്‍പ്പിക്കാനും ഏകോപിപ്പിക്കാനുമുള്ള സംവിധാനമെന്ന നിലയില്‍ ഇ-വാഹനം എന്ന പേരില്‍ ഓണ്‍ലൈന്‍ സംവിധാനവും കമ്മിഷന് തയാറാക്കിയിട്ടുണ്ട്.