Home » മറുകാഴ്ച » ചരിത്രം വിചിത്രം » സമ്പൂർണ്ണ മദ്യനിരോധനം ഒരു സമ്പൂർണ്ണ അസാധ്യത!

സമ്പൂർണ്ണ മദ്യനിരോധനം ഒരു സമ്പൂർണ്ണ അസാധ്യത!

ഗുജറാത്ത് മോഡൽ സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക് നീങ്ങുകയാണത്രേ ബിഹാർ!

ഗുജറാത്തിൽ സമ്പൂർണ്ണ മദ്യനിരോധനമാണെന്നോ! കേരളത്തിലെ മോഡിഭക്തരല്ലാതെ ആരു വിശ്വസിക്കുമത്?

അമ്പതു കൊല്ലമായി ഗുജറാത്തിൽ സമ്പൂർണ്ണ മദ്യനിരോധനമാണെന്നാണ് വെയ്പ്. (മോഡിയോ ബിജെപിയോ കൊണ്ടുവന്നതൊന്നുമല്ല, ഗാന്ധി പിറന്ന മണ്ണെന്ന നിലക്ക് എന്നേ വന്ന നിരോധനമാണത്)

എന്നാൽ, ഗുജറാത്തിൽ പോയവർക്കും അവിടെ പാർക്കുന്നവർക്കുമൊന്നും മദ്യം കിട്ടാൻ ‘മരിക്കേണ്ടിവരാറില്ല’. അത്രക്ക് സുലഭമാണ് മോഡി ഭരിച്ചിരുന്നപ്പോഴും ഇപ്പോഴും ഗുജറാത്തിൽ മദ്യം. എന്തെങ്കിലും പ്രയാസം മദ്യലഭ്യതക്ക് വരുമ്പോൾത്തന്നെ ഒന്ന് സംസ്ഥാനാതിർത്തിവരെ നീങ്ങണമെന്നുമാത്രം; അവിടെ ഗുജറാത്തിനുവേണ്ടിയുള്ള മദ്യബിസിനസ് വൻ ഇടപാടാണ്.

എന്നാൽ ഇതൊന്നും സർക്കാരിന് അഞ്ചിൻെറ പൈസ നികുതി കൊടുക്കുന്ന ഏർപ്പാടല്ല; സമ്പൂർണ്ണ മാഫിയാ ഏർപ്പാട്. വ്യാജനടിപ്പിച്ച് കുടിയൻെറ കരളു കരിയിച്ച്, മാഫിയ-രാഷ്ടീയ-ഉദ്യോഗസ്ഥസംഘം കേമനടിക്കുന്ന ദുഷ്ടവിദ്യ!

നല്ല മദ്യം ആവശ്യക്കാർക്ക് നല്ല വിതരണസംവിധാനങ്ങളിലൂടെ നല്ല നികുതിയീടാക്കി നൽകി, നികുതിപ്പണം നല്ല കാര്യത്തിന് ഉപയോഗിക്കുന്നതിനു പകരമുള്ള വെറും കളിപ്പീരല്ലേ നിരോധനം?

നിരോധനത്തോടെ, മാഫിയകൾക്ക് ഉപകരിക്കാൻ ബിഹാർ ഒഴിവാക്കാൻ പോകുന്നത് വർഷം 22,000 കോടി നികുതിപ്പണമാണ്. അതായത്, അഞ്ചുവർഷംകൊണ്ട് ഒരുലക്ഷ൦ കോടിയിലേറെ! ഫാസിസ്റ്റുവിരുദ്ധ-മാഫിയാ ഐക്യമുന്നണി അഞ്ചുവർഷംകൊണ്ട് ഇതിൽനിന്നുള്ള ഓഹരികൊണ്ട് പൂത്തുലയും!!

നമുക്ക് സംശയിക്കാം: ദളിത്-പിന്നാക്കജാതി രാഷ്ട്രീയംതന്നെയല്ലേ നിതീഷിനെ ജയിപ്പിച്ചത്? അതോ, ഗുജറാത്തിൽ ബിജെപിയുടെ ബഡാഭായിമാരായ വ്യാജമദ്യമാഫിയ ബിഹാറിൽ വേറെ കുപ്പായമിട്ടുവന്ന് ‘ഫാസിസ്റ്റ് വിരുദ്ധ’ മുന്നണിയിൽ അണി നിരന്നതോ?!

മദ്യനിരോധനം: ലോകചരിത്രം

മദ്യം സാമൂഹ്യവിപത്തുതന്നെ, തർക്കവിഷയമേയല്ല. എന്നാൽ, സമ്പൂർണ്ണ മദ്യനിരോധനം മാഫിയാരാജിനു വേണ്ടിയാണെന്നറിയാൻ ലോകം മുഴുവനുമൊന്നും നോക്കണ്ട. അമേരിക്ക മാത്രം മതി ഉദാഹരണം.

ലിബറൽ രാജ്യമായിട്ടും, സാമൂഹ്യവിപത്ത് പരിഗണിച്ച് ഇരുപതാം നൂറ്റാണ്ടിൻെറ തുടക്കത്തിൽ സമ്പൂർണ്ണ മദ്യനിരോധനം കൊണ്ടുവന്നു അമേരിക്ക. മാഫിയകൾ തെഴുത്തു, വിപരീതഫലമായി! നിരോധനം പൂർണ്ണമായും അവർ പിൻവലിക്കുന്ന കാഴ്ചയും പതിറ്റാണ്ടുകൾക്കകംതന്നെ കണ്ടു.

ലോകരാജ്യങ്ങളിലൊന്നും മദ്യനിരോധനം വിജയിച്ചിട്ടില്ല, ഇസ്ലാംഭരണ രാഷ്ട്രങ്ങളിൽപ്പോലും.

രാജാജി നിരോധിച്ചു; തലൈവർ തിരിച്ചെത്തിച്ചു!

തമിഴ്നാടാണ് രാജ്യത്ത് നിരോധനം പലകുറി കണ്ടൊരു സംസ്ഥാനം. അവിടുത്തെ ചരിത്രം ഇങ്ങനെയാണ്:

മദിരാശി സംസ്ഥാനമായിരിക്കെ, ആദ്യമുഖ്യമന്ത്രിയായി ഉയർന്നപാടെ സി. രാജഗോപാലാചാരി സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കി. കോൺഗ്രസ് ഭരണം തുടർന്ന 1960-കൾ വരേക്കും, കാമരാജ് മുഖ്യമന്ത്രിയായി തുടർന്നതുവരേക്കും, സമ്പൂർണ്ണ മദ്യനിരോധനം തുടർന്നു.

ഡിഎ൦കെ മുഖ്യമന്ത്രിയായി കരുണാനിധി വന്നപ്പോൾ നിരോധനം എടുത്തുകളഞ്ഞു. രാജാജി നേരിട്ടഭ്യർത്ഥിച്ചിട്ടും കരുണാനിധി തീരുമാനം മാറ്റിയില്ല. അല്പവർഷത്തിനുശേഷം ഡിഎ൦കെ നിരോധനം വീണ്ടും കൊണ്ടുവന്നെങ്കിലും, എഐഡിഎ൦കെ നായകൻ സാക്ഷാൽ എ൦ജിആർ ജനങ്ങൾക്ക് സർക്കാരിൻെറ മദ്യം എത്തിച്ചുകൊടുത്തു. പിന്നെയിതേവരെ തമിഴ്ദേശത്ത് സമ്പൂർണ്ണ മദ്യനിരോധനം ഉണ്ടായിട്ടില്ല.

ഒരേ മനസ്സുള്ള ‘അമ്മയും മാണിസ്സാറും

ഇപ്പോൾ തലൈവി ജയലളിത, തെരഞ്ഞെടുപ്പിനു മുന്നോടിയായി മദ്യനിരോധനം കൊണ്ടുവന്നേക്കുമെന്നു കേൾക്കുന്നു.

ഇവിടെ നമ്മുടെ മാണിസ്സാറും പയ്യെപ്പയ്യെ സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക് കേരളത്തെ കൊണ്ടുവരാനുള്ള ശ്രമമായിരുന്നല്ലോ, ബിജു രമേശ് ഒഴികെയുള്ള മദ്യമുതലാളിമാരുടെ പിന്തുണയോടെ!

ഇങ്ങനെ നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന ‘അമ്മ’യെയും മാണിസ്സാറിനെയും പോലെയുള്ളവരെ (ഇരുവരും മോഡിക്കും പാർട്ടിക്കും പ്രിയപ്പെട്ടവർ!) നമ്മൾ ജയിലിലടച്ചു കാണാൻ ഉത്സാഹിക്കുന്നു..

ജനങ്ങൾക്ക് മദ്യമെത്തിച്ചുകൊടുക്കാൻ തീരുമാനിച്ചവരായിട്ടും എംജിആറിനെയും കരുണാനിധിയേയും നെഞ്ചിലിട്ടാരാധിക്കുന്നു..

വർക്കത്തു കെട്ടൊരു ജനത!

നല്ലതുചെയ്യുന്നവരെയും ചീത്ത ചെയ്യുന്നവരെയും തമ്മിൽ അറിയില്ല!

ആ നമ്മളെ പഠിപ്പിക്കാനായി, ഉമ്മൻചാണ്ടിയുടെയും മോഡിജിയുടെയും അനുഗ്രഹത്തോടെ, മുഖ്യമന്ത്രിയാവാൻതന്നെയാണ് അദ്ദേഹം വരുന്നത്..

ശ്രീ വെള്ളാപ്പള്ളി!

Leave a Reply