കോഴിക്കോട്: ഡിങ്കമത വിശ്വാസികളുടെ മഹാസമ്മേളനത്തിന് കോഴിക്കോടും വേദിയാകുന്നു. മാളത്തിലേക്ക് മടങ്ങുക എന്ന ചരിത്ര ദൗത്യത്തില്‍ പങ്കെടുത്തു കൊണ്ട് ജന ലക്ഷങ്ങള്‍ ഡിങ്ക മതം സ്വീകരിക്കുമെന്നും. ഈ സമ്മേളനം കോഴിക്കോട് നഗരത്തിന്റെ ചരിത്രം തന്നെ മാറ്റി മറിക്കുമെന്നും സംഘാടകര്‍ അവകാശപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ ചര്‍ച്ചയായ ആക്ഷേപഹാസ്യ ആശയമാണ് ഡിങ്കോയിസം. എറണാകുളത്ത് നടന്ന ജില്ലാ മൂഷിക സമ്മേളനത്തിന് തൊട്ടു പിന്നാലെയാണ് കോഴിക്കോട് ജില്ലയിലും ഡിങ്കോയിസ്റ്റുകള്‍ ഒത്തുചേരുന്നത്. ഡിങ്കോയിസം എന്ന വെബ്ബ്സൈറ്റിലൂടെ എന്തുകൊണ്ട് ഡിങ്കമതമെന്ന് പ്രചരിപ്പിക്കുന്നതിനൊപ്പം നവമാധ്യമങ്ങളിലൂടെ വിവിധ തരത്തിലുള്ള പ്രചാരണങ്ങളും ഇവര്‍ നടത്തുന്നുണ്ട്. കോഴിക്കോട് സമ്മേളനത്തിന്റെ വരവറിയിച്ചുകൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുമരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ മാസം 20ന് കോഴിക്കോട് മാനാഞ്ചിറയില്‍ വൈകുന്നേരം മൂന്നു മണിയ്ക്കാണ് ഡിങ്കോയ്സ്റ്റുകള് ഒത്തു ചേരുന്നത്.
