കോഴിക്കോട് ചേവായൂരില്‍ സദാചാരഗുണ്ടകള്‍ ആക്രമിച്ച അമ്മക്കും മകനുമെതിരെ അമ്മയ്ക്കും മകനും വധഭീഷണി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വധഭീഷണിയുണ്ടായത്. അതിനിടെ നിസ്സാര വകുപ്പുകള്‍ ചുമത്തി പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും ആരോപണം ഉണ്ട്.
നൃത്ത പരിപാടിക്കു ശേഷം അര്‍ധരാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷീബക്കും മകനുമാണ് കഴിഞ്ഞ ദിവസം സദാചാരഗുണ്ടകളില്‍ നിന്ന് അക്രമമുണ്ടായത്. വഴി മധ്യേ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നതിനിടെ ഒരു സംഘം യുവാക്കള്‍ ശല്യപ്പെടുത്തി തുടങ്ങി. തുടര്‍ന്ന് ഇവരെ പിന്തുടര്ന്ന് ചേവായൂര്‍ സമീപത്ത് വെച്ച് ബൈക്കില്‍ നിന്ന് തള്ളി വീഴ്ത്തി മര്‍ദ്ദിക്കുകയായിരുന്നു. അമ്മയും മകനുമാണെന്ന് പറഞ്ഞിട്ടും വെറുതെ വിട്ടില്ല. സംഘം സഞ്ചരിച്ച ബൈക്കുകളില്‍ ഒന്നിന്റെ നമ്പര്‍ ഷീബ കുറിച്ചെടുത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇരു കേസുകളിലെയും ഭൂരിപക്ഷം പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സംഭവത്തില്‍ പന്തീരങ്കാവ് മാത്തറ ഇരിങ്ങല്ലൂര്‍ സ്വദേശികളായ ഷാമില്‍ അനീസ്, മുഹമ്മദ് സിനാജ്, സുബീഷ്, ജാഫര്‍ അസല്‍, ആസിഫ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഷീബ നല്കിയ ബൈക്ക് നമ്പര്‍ പിന്തുടര്ന്നാണ് ചോവായൂര്‍ പൊലീസ് പ്രതികളെ പിടിച്ചത്. എന്നാല്‍ നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് കേസ് ഒത്തുതീര്‍പ്പാക്കാനും ശ്രമം നടന്നിരുന്നു. ഇതും വിഫലമായതോടെയാണ് ഫോണിലൂടെ വധഭീഷണി എത്തിയത്. എന്നാല്‍ ഇനിയൊരു സ്ത്രീക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകരുതെന്നും അതുകൊണ്ട് കേസുമായി മുന്നോട്ടുപോകുമെന്നുമാണ് ഷീബയുടെയും കുടുംബത്തിന്റെയും തീരുമാനം.