മികച്ച വിദ്യാഭ്യാസവും ജീവിതവും ലക്ഷ്യമിട്ട് ഏറെ പ്രതീക്ഷയോടെ സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുമ്പോള്‍ ഫലം വരുന്നതിനു മുന്നേ തോല്‍ക്കേണ്ടി വന്ന ഗതികേടിലാണ് സംസ്ഥാനത്തെ ആയിരത്തിലധികം എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍. പാഠഭാഗങ്ങള്‍ പഠിക്കാത്തതുകൊണ്ടോ സ്വകാര്യ പ്രശ്നങ്ങള്‍കൊണ്ടോ അല്ല, ചുവപ്പുനാടയുടെ ഊരാക്കുടുക്കുകളും അധികൃതരുടെ മുടന്തന്‍ ന്യായങ്ങളുമാണ് പഠനവൈകല്യമുള്ള ആയിരത്തിലധികം വിദ്യാര്‍ത്ഥികളുടെ ഭാവിയ്ക്കും സ്വപ്നങ്ങള്‍ക്കും മുന്നില്‍ ചോദ്യം ചിഹ്നം വരച്ചത്. എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ സഹായം ആവശ്യപ്പെട്ട് അപേക്ഷ നല്കിയ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും ഇത്തവണ അനുവാദം ലഭിച്ചിട്ടില്ല. പരീക്ഷയെഴുതാന്‍ പരസഹായത്തിന് അനുമതിയില്ലെന്ന കാര്യം പലരും അറിഞ്ഞത് പോലും പരീക്ഷാ ഹാളില്‍ എത്തിയപ്പോള്‍ മാത്രമാണ്.
സംസ്ഥാനത്തൊട്ടാകെ 4,76,373 കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതില്‍ 17,000 കുട്ടികളാണ് വിദ്യാഭ്യാസ വകുപ്പ് അഞ്ചുമാസം മുമ്പ് പുറത്തിറക്കിയ നിര്‍ദ്ദിഷ്ട ഫോമില്‍ സര്‍ക്കാര്‍ സൈക്യാട്രി, സൈക്കോളജി വിഭാഗം ഡോക്ടര്‍മാര്‍ നല്കിയ പഠന വൈകല്യ സര്‍ട്ടിഫിക്കറ്റ് കാണിച്ച് പ്രത്യേകം പരിഗണനയ്ക്കായി അപേക്ഷ നല്‍കിയത്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേരുടെയും അപേക്ഷ അധികൃതര്‍ തള്ളിക്കളയുകയാണുണ്ടായത്.
സംസ്ഥാനത്ത് ചില ജില്ലകളില്‍ പഠനവൈകല്യമുള്ള കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് അധികൃതര്‍ ഇതിന് നല്കുന്ന വിശദീകരണം. കോഴിക്കോട്, എറണാകുളം, കോട്ടയം, ജില്ലകളില്‍ പഠന വൈകല്യമുള്ള കുട്ടികള്‍ കൂടുതലുള്ള ചില വിദ്യാലയങ്ങളില്‍ ഐ.ഈ.ഡി.സെല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്. രാജന്റെ നേതൃത്വത്തിലുള്ള ഉദ്യാഗസ്ഥ സംഘം പരിശോധന നടത്തിയിരുന്നു. ഗവ. ഡോക്ടറുടെ പഠന വൈകല്യ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കുട്ടികളെ പരിശോധക സംഘം ഒരിക്കല്‍ കൂടി സ്ക്രീനിംഗിന് വിധേയമാക്കിയതുമാണ്. സംഘത്തിലുണ്ടായിരുന്ന റിസോഴ്സ് അധ്യാപകരെയാണ് ഇതിനായി നിയോഗിച്ചത്. കോഴിക്കോട് ജില്ലയില്‍ 45ഓളം സ്കൂളുകളിലാണ് ഐ.ഇ.ഡി സെല്‍ ഡി.ഡി.ഇ സന്ദര്‍ശനം നടത്തിയത്. ഡി.ഡി.ഇ സ്ക്വാഡ് നടത്തിയ പരീക്ഷ പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് മാനസിക പീഡനമായെന്ന് അന്നുതന്നെ പ്രധാനാധ്യാപകര്‍ പരാതിപ്പെട്ടിരുന്നു. അതിനുപുറമെയാണ് കുട്ടികള്‍ക്ക് മാനസികാഘാതമായി സഹായാനുമതിയും നിഷേധിക്കപ്പെട്ടത്.
ശരാശരിയോ അതില്‍ കൂടുതലോ ബുദ്ധിശേഷിയുള്ള ശരിയായ പഠനാനുഭവങ്ങള്‍ ലഭിച്ച കുട്ടികളില്‍ വായന, എഴുത്ത്, ഗണിതം എന്നിവയില്‍ പ്രയാസമനുഭവിക്കുന്ന അവസ്ഥയാണ് പഠനവൈകല്യം. ഐ.ക്യൂ അസസ്മെന്റ് നടത്തിയശേഷം ഡോക്ടര്‍ക്ക് മാത്രമേ വൈകല്യം നിര്ണയിക്കാനാകൂവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എസ്എസ്എല്‍സി പരീക്ഷക്ക് സ്ക്രൈബ്, വ്യാഖ്യാതാവ്, അധികസമയം എന്നീ ആനുകൂല്യങ്ങളാണ് പഠനവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാറുള്ളത്.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുള്ള എല്ലാ കുട്ടികള്‍ക്കും എസ്എസ്എല്‍സി പരീക്ഷക്ക് ഇത്തവണ പഠനവൈകല്യ പരീക്ഷാ ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്ന് ഐഇഡി സെല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര് രാജന് വ്യക്തമാക്കിയിരുന്നു. വിജയശതമാന വര്‍ധനക്കായി ചില സ്കൂളുകള്‍ അനര്‍ഹരായ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുള്ളതാണ് ഇതിന് കാരണമായി ചൂണ്ടികാണിച്ചത്. എറണാകുളത്തും കോഴിക്കോട്ടും 1000 രൂപ നല്കിയാല് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും അദ്ദേഹം ആരോപിച്ചു. കൃത്രിമമായി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയവര്‍ കോടതിയെ സമീപിച്ചാല്‍ നേരിടാന്‍ തെളിവുകളുണ്ടെന്നും ഡിഡിഇ ആര്. രാജന് കൂട്ടിച്ചേര്‍ത്തു.