ഒന്നര മാസം മുന്‍പ് ഒരു സ്വാശ്രയ സംഘം ആരംഭിച്ച ശ്രമങ്ങളാണ് ഇപ്പോള്‍. കോഴിക്കോട് പാലാഴി കണ്ണാടത്തില്‍ താഴത്ത് ഇരുപത് സെന്റില്‍ വിളഞ്ഞ് നില്‍ക്കുന്നത്. പാലാഴി സ്വാശ്രയ സംഘം പാലാഴിയുടെ നേതൃത്വത്തില്‍ ഇരുപത് അംഗങ്ങള്‍ ചേര്‍ന്ന് പുഴയോരം ഫാര്‍മേഴ്സ് ക്ലബ്ബ് രൂപീകരിച്ച് കൃഷിഭവന്റെ സഹകരണത്തോടെയാണ് ജൈവപച്ചക്കറി കൃഷി തുടങ്ങിയത്.
കൃഷി ഭവന് വിത്തുകള്‍ നല്കുന്നതിനു പുറമെ കീടബാധ ഏല്‍ക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളും നല്കി. ജൈവവളമാണ് ഉപയോഗിച്ചത് എന്നതിനാല്‍ വളത്തിന് പണവും ചെലവായില്ല. ഒരു നാടിന്റെ കൂട്ടായ്മയില്‍ പയര്‍, പടവലം, വെണ്ട, വെള്ളരി, കയ്പ എന്നിവയെല്ലാം വിളവെടുപ്പിന് പാകമായിക്കഴിഞ്ഞു. വിഷു കഴിയും വരെയും വിഷരഹിത പച്ചക്കറി കഴിക്കാമെന്ന പ്രതീക്ഷയിലാണ് പാലാഴി ഗ്രാമം. വിഷുവിന് വിളവെടുക്കാന്‍ പാകത്തില്‍ കണിവെള്ളരി കൃഷിയും സ്വാശ്രയ സംഘം ആരംഭിച്ചു കഴിഞ്ഞു. സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു പുറമെ ബാക്കി വരുന്ന ജൈവപച്ചക്കറികള്‍ നാട്ടുകാര്‍ക്ക് ന്യായമായ വിലക്ക് വില്‍ക്കുന്നുമുണ്ട്. ആദ്യ ജൈവപച്ചക്കറി കൃഷി വിജയമായ അനുഭവക്കരുത്തില്‍ പച്ചക്കറി കൃഷി തുടരാന്‍ തന്നെയാണ് പാലാഴിയിലെ സ്വാശ്രയ സംഘത്തിന്റെ തീരുമാനം.