കാഞ്ചനമാല-മൊയ്തീന് പ്രണയകഥകളിലൂടെ കേരളക്കരയുടെയാകെ മനസിലേക്ക് കുടിയേറിയ മുക്കം ഗ്രാമവും ഇരുവഞ്ഞിപ്പുഴയും ആരോഗ്യമുള്ള ഗ്രാമത്തിനായി ഒത്തൊരുമിക്കുകയാണ്. തിരക്കുകള്‍ക്കിടയില്‍ ആരോഗ്യസംരക്ഷണം മറന്നു പോകുന്ന കാലത്ത് ഒരു നാടിനെയാകെ ഒരു കുടക്കീഴില് അണിനിരത്തി അനായാസമായി ഹരിത ാരോഗ്യ പദ്ധതി സാധ്യമാണെന്ന് തെളിയിക്കുകയാണ് മുക്കം. വിഷമയമായ ഭക്ഷണവും ജീവിതശൈലി രോഗങ്ങളും മനുഷ്യന്റെ സൈ്വര്യ ജീവിതത്തിന് പ്രധാന വെല്ലുവിളിയായപ്പോള്‍ ഗ്രാമവാസികളെ മുഴുവന്‍ ഒത്തുചേര്‍ത്ത് അതിജീവനത്തിന്റെ പാതയൊരുക്കിയാണ് ഇപ്പോള്‍ മുക്കം ലോകത്തിന് മാതൃകയാവുന്നത്. ഗ്രാമവാസികളെ മുഴുവന്‍ പങ്കാളികളാക്കിയ ഹരിത ആരോഗ്യ പദ്ധതി രോഗമില്ലാത്ത ശരീരവും വിഷമില്ലാത്ത പച്ചക്കറിയും എന്ന മുദ്രാവാക്യവുമായാണ് ആരംഭിച്ചത്.
ഇരുവഞ്ഞിപ്പുഴയുടെ തീരത്തെ അഗസ്തമുഴി മൈതാനവും നടപ്പാതകളും ഗ്രാമവാസികളുടെ പ്രഭാത സവരിയ്ക്കും വ്യായാമത്തിനുമായി സജ്ജീകരിച്ചു. പ്രായ-ലിംഗ ഭേദമന്യേ ഗ്രാമവാസികളെല്ലാം പ്രഭാത സവാരിയ്ക്കും വ്യായാമങ്ങള്‍ക്കുമായി ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് ദിനം പ്രതി എത്തിച്ചേര്‍ന്നതോടെ ഗ്രാമത്തിന്റെ ഒത്തൊരുമയും ആത്മബന്ധവും ദൃഢമായി തുടങ്ങി. ഇതിനോടൊപ്പം തന്നെ ജൈവപച്ചക്കറി കൃഷിയ്ക്കും തുടക്കമായി. പ്രഭാത സവാരിയും വ്യായാമത്തിനുമൊപ്പം നാട്ടുതാര് തന്നെ പച്ചക്കറി കൃഷിയും ചെയ്യുന്നു. പച്ചക്കറി കൃഷിക്ക് പുഴയോരത്ത് എല്ലാ സൗകര്യങ്ങളും സഹായങ്ങളും അധികൃതര്‍ നല്‍കുന്നുണ്ട്.രാവിലെ വ്യായാമത്തിനു തിരക്കേറിയ റോഡുകളിലൂടെ പ്രഭാത സവാരി അപകടകരമാകുമെന്നതിനാല്‍ പരിഹാരമായാണ് അഗസ്ത്യന് മുഴി സ്റ്റേഡിയത്തില്‍ അഞ്ഞൂറ് മീറ്റര്‍ നീളത്തില്‍ നടപ്പാത നിര്‍മ്മിച്ചത്.
നടപ്പാത മാത്രമല്ല ഫുട്ബോള്‍, വോളിബോള്‍, ഷട്ടില്‍, കമ്പവലി തുടങ്ങിയവക്കുള്ള കോര്‍ട്ടുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് പ്രത്യേക കളിസ്ഥലം വേറെയും. അവധിക്കാലത്ത് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനവും നല്‍കുന്നുണ്ട്.
ജില്ലാ പഞ്ചായത്തും മുക്കം മുന്‍സിപ്പാലിറ്റിയും തിരുവമ്പാടി, കാരശേരി പഞ്ചായത്തുകളും കൈകോര്‍ത്ത് പദ്ധതിയ്ക്ക് എല്ലാ സഹായവും നല്കുന്നു. അഗസ്ത്യന് മുഴിയില്‍ പുതിയതായി രൂപം കൊണ്ട ഹരിത ആരോഗ്യ സമിതിയാണ് പദ്ധതിക്ക് നേതൃത്വവും നല്‍കുന്നത്. മുക്കത്തിന്റെ പ്രണയ നായകന്റെ ജീവന് കവര്‍ന്ന ഇരുവഞ്ഞിയെ മാത്രം അറിഞ്ഞവര്‍ ആരോഗ്യകരമായ നല്ലൊരു നാളേയ്ക്കായ് ഒരു ഗ്രാമം മുഴുവന്‍ അതേ പുഴയോരത്ത് ദിവസവും ഒത്തുചേര്‍ന്ന കഥയായിരിക്കും ഇനി കേള്‍ക്കുക.