പ്രവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്ന ഹ്രസ്വ സിനിമകളുടെ പ്രത്യേക പാക്കേജുമായി മൂന്നാമത് മലബാര്‍ മൂവി ഫെസ്റ്റിവല്‍ കോഴിക്കോട് കൊയിലാണ്ടിയില്‍ നടക്കും. മാര്‍ച്ച് 18,19,20 തിയ്യതികളിലാണ് ഫെസ്റ്റിവല്‍. കേരള ചലച്ചിത്ര അക്കാദമിയും കൊയിലാണ്ടി നഗരസഭയും ആദി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മലബാര്‍ മൂവി ഫെസ്റ്റിവലിന്റെ ഡയരക്ടര്‍ ഡോ.സി.എസ്.വെങ്കിടേശ്വരനാണ്.
കുവൈറ്റിലെ നോട്ടം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പുരസ്ക്കാരം നേടിയ സിനിമകളാണ് മാര്‍ച്ച് 18 വെളളിയാഴ്ച കൊയിലാണ്ടി കൃഷ്ണ തിയ്യേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്. ആദ്യമായാണ് പ്രവാസി ഷോര്‍ട്ട് ഫിലിമുകളുടെ പ്രത്യേക പ്രദര്‍ശനം കേരളത്തില്‍ നടക്കുന്നത്. ബഹുമതിക്കര്‍ഹമായ ഹ്രസ്വ ഫിലിമുകളാണ് മലബാര്‍ മൂവി ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കുന്നത്. കുവൈറ്റ് ഡ്രീസ്(ജസ്റ്റിന് ഇലമ്പളളി),ഇറേസര്‍(രഞ്ജിഷ് മുണ്ടക്കല്‍),തേര്‍ഡ് ഐ(വിജു ആന്റണി),മിഴിയോരം(പ്രമോദ് സി.മോഹന്‍)ദി.മാന്‍,അവിരാമം(നിഷാദ് കാട്ടൂര്‍),ഫ്രൈഡേ ഹോളിഡേ, വെട്ടത്തിനെന്തൊരു വെളിച്ചം(സിയാദ് നൂര്‍)ക്ലേ(സീതാരാജ്) എന്നീ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഗോവ, കേരള രാജ്യാന്തര ചലച്ചിത്രോല്‍സവങ്ങളിലെ മികിച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അരവിന്ദന്, പി.കെ.നായര്‍, കലാഭവന്‍ മണി അനുസ്മരണ പ്രഭാഷണങ്ങള്‍, ഓപ്പണ്‍ ഫോറം, തുടങ്ങിയവയും ഉണ്ട്. സംവിധായകന് കുമാര്‍ സാഹ്നി, കെ.ആര്.മോഹനന്, മധുപാല്‍, നടന് ഇന്ദ്രന്‍സ്, കല്‍പ്പറ്റ നാരായണന്, വി.കെ.ജോസഫ്, ടി.പി.രാജീവന്, സി.എസ്.വെങ്കിടേശ്വരന്, സന്തോഷ് ഏച്ചിക്കാനം, ചെലവൂര്‍ വേണു, ദീദി ദാമോദരന്‍, കെ.ആര്.മനോജ്, ഗോപീകൃഷ്ണന്, കെ.ബി.വേണു, മനോജ് കാന, പി.എസ്.മനു എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഡെലിഗേറ്റഡ് പാസുകള്‍ക്ക് 94 47 54 37 47, 04 96 26 23 425, 98 46 89 84 58 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം