സ്വകാര്യ ബസിന്റെ മത്സരയോട്ടത്തില് ഇന്നലെ നടുറോഡില്‍ പൊലിഞ്ഞത് ഒരമ്മയുടെ ഏക പ്രതീക്ഷയായ മകനെയാണ്. സ്വയം ജീവന് അവസാനിപ്പിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി മണിക്കൂറുകള്‍ക്കുള്ളിലാണ് അലോഷ്യസ് ബസ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഒരു നായകനെപോലെ നിറഞ്ഞു നിന്ന് അലോഷ്യസ് ജെയിംസ് നിമിഷങ്ങള്‍ക്കുള്ളില്‍ ദാരുണമായി മരണപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ കോഴിക്കോട് പണിക്കര്‍ റോഡ് കുന്നുമ്മല്‍ പ്രദേശവാസികള്ക്കാവുന്നില്ല. പിതാവിന്റെ മരണ ശേഷം അമ്മ ലിസിയും ഏകമകന് അലോഷ്യസും തനിച്ചായിരുന്നു താമസം.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ അത്താണിക്കലില്‍ വച്ച് അമിതവേഗത്തിലെത്തിയ ബസ് നടുറോഡില്‍ നിര്‍ത്തി ആളെ ഇറക്കിയപ്പോള്‍ അലോഷ്യസിന്റെ ബൈക്ക് ബസിന് പിന്നില്‍ ഉരസി. ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ബസ് ചുങ്കത്തെത്തിയപ്പോള്‍ ബസ് ജീവനക്കാര്‍ അസഭ്യം പറഞ്ഞു. ഇതോടെ ബൈക്ക് ബസിന് കുറുകെ നിര്‍ത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുത്താണ് അപകടം. ദേഹത്തുകൂടെ ചക്രം കയറിയിറങ്ങിയതിനെ തുടര്‍ന്ന് അലോഷ്യസ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.
സിറ്റി സെന്റ് ജോസഫ്സ് ദേവാലയത്തിലെ യൗസേപ്പിതാവിന്റെ തിരുനാളിന്റെ ഭാഗമായി വൈകിട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിയില്‍ പാടാന്‍ എത്തുമെന്നു സുഹൃത്തുക്കളോട് പറഞ്ഞാണ് അലോഷ്യസ് പോയത്. ഇന്നലെ രാവിലെ ആത്മഹത്യയ്ക്ക് ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ ബലം പ്രയോഗിച്ച് കീഴിപെടുത്തി പോലീസില്‍ ഏല്പിച്ചത് അലോഷ്യസായിരുന്നു. അലോഷ്യസിന്റെ പ്രവൃത്തിയെ നടക്കാവ് പോലീസ് അഭിനന്ദിക്കാനും മറന്നില്ല. ആത്മഹത്യാശ്രമം അലോഷ്യസും പോലീസും ചേര്‍ന്ന് പരാജയപ്പെടുത്തുന്നതിന്റെ വീഡിയോ സമീപവാസികളില്‍ പലരുടെയും മൊബൈലില്‍ ചിത്രീകരിച്ചിട്ടുമുണ്ട്. ഇതു കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് അത്താണിക്കലില്‍ വച്ച് അലോഷ്യസിന്റെ ജീവന് സ്വകാര്യബസ് കവര്‍ന്നെടുത്തത്.