Home » ഇൻ ഫോക്കസ് » നിരത്തിലെ ചോരക്കളി: കണ്ണുതുറക്കാത്ത അധികാരികളോട് ഒരിക്കല്‍കൂടി

നിരത്തിലെ ചോരക്കളി: കണ്ണുതുറക്കാത്ത അധികാരികളോട് ഒരിക്കല്‍കൂടി

റോഡിന്റെ അവസ്ഥ എത്ര പരിതാപകരമായാലും വാഹനങ്ങളുടെ അമിതവേഗത്തിന് യാതൊരു കുറവുമുണ്ടാകാറില്ല. പൊട്ടിപൊളിഞ്ഞ റോഡും അമിത വേഗതയും കൂടിയാവുമ്പോള്‍ റോഡില്‍ പൊലിയുന്ന ജീവിതങ്ങളുടെ എണ്ണം ദിനംപ്രതി കൂടുന്നു. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോള്‍ വാഹനമിടിച്ച് മരിച്ചു, അമിത വേഗത്തിലോടിയ ബസുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന്റെ കാല്‍ മുറിച്ചുമാറ്റി, ഒടുവിലിതാ ബസിന്റെ അമിതവേഗം ചോദ്യം ചെയ്ത യുവാവ് അതേ ബസിന്റെ ഇടിയേറ്റു മരിച്ചു. അപകടം വരുമ്പോള്‍ മാത്രം കണ്ണു തുറക്കുന്ന അധികാരികളും, റോഡിലിറങ്ങിയാല്‍ മറ്റുള്ളവര്‍ക്ക് ശ്രദ്ധയുണ്ടാകും എന്ന് കരുതി അലക്ഷ്യമായി വാഹനമോടിച്ച് അപകടങ്ങള്‍ തുടര്‍ക്കഥയാക്കിയവരും അറിയാന്‍… അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ വാഹനാപകടങ്ങള്‍ കുറയ്ക്കാനും ആവര്‍ത്തിക്കുന്നത് തടയാനും സാധിക്കുമെന്ന് മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തി പരിചയമുള്ള അഡ്വക്കേറ്റ് രതീഷ് കുമാര്‍ ആര്‍ പറയുന്നു.

ഇന്ത്യയിലെ നിയമങ്ങളുടെ പോരായ്മകൊണ്ട് മാത്രമല്ല അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നത്. മറിച്ച് റോഡിന്റെ ശോച്യാവസ്ഥയും ആള്‍ക്കാരുടെ മനോഭാവവും അപകടങ്ങള്‍ക്ക് പ്രധാന കാരണമാണ്. എന്നാല്‍ അപകടങ്ങള്‍ സംഭവിക്കുകയോ ആരെങ്കിലും മരണപ്പെടുകയോ ചെയ്താലും ലഭിക്കുന്ന ശിക്ഷ വളരെ ചെറുതാണെന്നതും പലപ്പോഴും കോടതിയ്ക്ക് വെളിയില്‍ തന്നെ കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതും തുടര്‍ച്ചയായി അപകടങ്ങള്‍ വരുത്താന്‍ ഇടയാക്കുന്നു.

വാഹനാപകടം കാരണം ഒരു വ്യക്തി മരണപ്പെട്ടാല്‍ അതിന് കാരണക്കാരാവുന്നവര്‍ക്ക് നേരെ മോട്ടോര്‍ വാഹന വകുപ്പ് 304 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യാറുള്ളത്. അതായിത് ജീവഹാനിയുണ്ടാവും വിധം അലക്ഷ്യമായും അമിതവേഗത്തിലും വാഹനമോടിക്കുക. കേസ് തെളിയിക്കപ്പെട്ടാല്‍ പരമാവധി രണ്ട് വര്‍ഷം തടവും പിഴയുമാണ് പ്രതിയ്ക്ക് ലഭിയ്ക്കുക. എന്നാല്‍ പലപ്പോഴും കേസുകള്‍ കോടതിയ്ക്ക് പുറമെ തന്നെ പരിഹരിക്കപെടുകയോ നഷ്ടപരിഹാരം നല്‍കി കേസില്‍ നിന്നും രക്ഷപ്പെടുകയോ ചെയ്യുന്നു എന്നത് പ്രധാന പോരായ്മയാണ്. ഒരു തവണ അപകടം വരുത്തി കേസില്‍ നിന്നും എളുപ്പം രക്ഷപ്പെട്ട ഒരു പ്രൊഫഷണല്‍ ഡ്രൈവറെ സംബന്ധിച്ച് കേസ് ഒതുക്കി തീരുന്നത് പിന്നീട് അപകടം വരുത്തിയാലും എളുപ്പം രക്ഷപ്പെടാം എന്ന അമിതാന്മവിശ്വാസം നല്‍കുന്നു. ഇതാണ് പലപ്പോഴും ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനും ആവര്‍ത്തിച്ചുള്ള അപകടങ്ങള്‍ക്കും കാരണം.

സാധാരണ വാഹനം ഉപയോഗിക്കുന്നവരെ സംബന്ധിച്ച് അപകടവും തുടര്‍ന്നുള്ള കേസും വലിയ തലവേദനയുണ്ടാക്കാറുണ്ട്. അതിനാല്‍ വാഹനമോടിക്കുമ്പോള്‍ അപകടമുണ്ടാവാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കും. അപകടം പറ്റിയവരും പലപ്പോഴും കേസിന്റെ പുറകെ പോകാതെ ഒത്തുതീര്‍പ്പിന് തയ്യാറാവുന്നതും ശരിയായ പ്രവണതയല്ല. ഇത് അപകടം വരുത്തിയവര്‍ക്ക് പണം ഉണ്ടെങ്കില്‍ ഒന്നും പ്രശ്‌നമല്ല എന്ന ആത്മവിശ്വാസം നല്‍കും.

ജീവഹാനിയും വലിയ നാശനഷ്ടങ്ങളും ഉണ്ടാവുന്ന തരത്തില്‍ വാഹനാപകടം വരുത്തിയവരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്ഡ് ചെയ്യാറുണ്ട്. ഒരു വര്‍ഷം വരെ മാത്രമാണ് സാധാരണഗതിയില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക. ജീവഹാനിവരെയുണ്ടായാലും പ്രതിയ്ക്ക് ലഭിയ്ക്കുന്നത് വളരെ ചെറിയ ശിക്ഷയാണെന്ന് ചുരുക്കം. കേസിന്റെ സാഹചര്യം പരിശോധിച്ച് ലൈസന്‍സ് റദ്ദ് ചെയ്യാന്‍ കോടതിയ്ക്ക് അവകാശം ഉണ്ട്. പക്ഷെ അത്തരം സംഭവം അപൂര്‍വ്വമാണ്.
കൃത്യവും ശക്തവുമായ നിയമങ്ങളും അത് നടപ്പിലാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാഹനങ്ങളെ നിരീക്ഷിക്കുകയും അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തവും മാതൃകാപരവുമായ ശിക്ഷണ നടപടികളും സ്വീകരിക്കണം. ഡ്രൈവര്‍മാരുടെ കരിയര്‍ ഗ്രാഫ് മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ട്‌മെന്റ് സൂക്ഷിക്കുകയും അത് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യണം. നിലവിലെ സാഹചര്യത്തില്‍ എന്‍ട്രി ചെയ്യുകയോ അത് കൃത്യമായി രേഖപ്പെടുത്തി പരിശോധിക്കുകയോ ചെയ്യുന്ന രീതി ഇന്ത്യയിലില്ല. പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തി ബസുകള്‍ക്ക് കൃത്യമായ സമയക്രമം പാലിക്കുകയും സമയം തെറ്റിച്ചാല്‍ പിഴയടക്കുകയോ റൂട്ട് ഇല്ലാതാക്കുകയോ അടക്കമുള്ള ശിക്ഷകള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യണം. പഞ്ചിംഗ് സംവിധാനം മത്സരയോട്ടത്തിന് പരിഹാരമാകും. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും പലപ്പോഴും അതെല്ലാം പ്രവര്‍ത്തനരഹിതമാകുന്നത് പ്രധാന പ്രശ്‌നമാണ്. നിരീക്ഷണ ക്യാമറകള്‍ക്കൊപ്പം ജിപിഎസ് സംവിധാനം നടപ്പിലാക്കിയാല്‍ വാഹനങ്ങളെ സ്ഥിരമായി നിരീക്ഷിക്കാനും അപകടം വരുത്തി നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ കണ്ടുപിടിക്കാനും എളുപ്പമാകും. ഇത് ഗതാഗത സംവിധാനം കൂടുതല്‍ എളുപ്പവും സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഇരുചക്രവാഹനങ്ങള്‍ ചെറിയ കുട്ടികള്‍ക്ക് പോലും വാങ്ങി നല്‍കുന്ന പ്രവണതയും ഏറി വരുന്നു. സിറ്റിയില്‍/ തിരക്കുള്ള റോഡില്‍ സിസി കുറഞ്ഞ വാഹനങ്ങള്‍ എന്ന നിയമം അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായകമാണ്. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണം. ഹെല്‍മറ്റ് ഉപയോഗിച്ചില്ലെങ്കിലുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കണം. സ്പീഡ് കൂടുതലാണെങ്കില്‍ ഹെല്‍മറ്റ് ധരിച്ചാലും അപകടം കുറയാറില്ല. എന്നാല്‍ സിസി കുറവുള്ള വണ്ടിയും നിര്‍ബന്ധമായ ഹെല്‍മറ്റും അപകടത്തിന്റെ വ്യാപ്തി കുറയ്ക്കും. ലൈസന്‍സ് ഇല്ലാത്തവര്‍ വാഹനം ഓടിച്ചാല്‍ ഭാവിയില്‍ ലൈസന്‍സ് ലഭിക്കാത്ത രീതിയില്‍ നിയമം ശക്തമാക്കണം.

Leave a Reply