കോഴിക്കോടന്‍ കുശിനിയില്‍ നിന്നും രുചിയും മണവുമുള്ള ഭക്ഷണങ്ങള്‍ സ്നേഹത്തിന്റെ മേമ്പൊടിയും ചാലിച്ച് വഴിയോരങ്ങളില്‍ സഞ്ചരിക്കുകയാണ്. സഞ്ചരിക്കുക എന്ന് അര്‍ത്ഥമുള്ള ഇക്കായീസ് എന്ന പേരില്‍ നാവില്‍ കൊതിയൂറുന്ന വിഭവങ്ങളുമായി താഴെക്കിടയില്‍ കിടക്കുന്ന സഹജീവികള്‍ക്ക് ജീവിതമാര്‍ഗമൊരുക്കി മുന്നേറുന്നു. പഴയ മെറ്റഡോര്‍ ടെംബോയില്‍ ഒരുക്കിയ കുഞ്ഞന്‍ റസ്റ്റോറന്റ് കോഴിക്കോടിന്റെ പ്രിയപ്പെട്ട ഭക്ഷണശാലയായി മാറിയത് ദിവസങ്ങള്‍ക്കുള്ളില്‍.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് പ്രവര്‍ത്തകരായ ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇക്കായീസ് എന്ന പേരില്‍ സഞ്ചരിക്കുന്ന ഭക്ഷണശാല ഒരുക്കിയത്. കോഴിക്കോട് ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കൊതിയൂറുന്ന മലബാര്‍ ഭക്ഷണങ്ങള്‍ ചൂടോടെ കഴിക്കാം എന്നതാണ് ഇക്കായീസിന്റെ ഒരു പ്രത്യേകത. ഉന്നക്കായ മുതല്‍ വെജും നോണ്വെജുമായ തനത് കോഴിക്കോടന്‍ രുചികള്‍ ഇവിടെ ലഭ്യമാണ്. എന്നാല്‍ ഉപഭോക്താക്കളുടെ വയറും മനസും നിറയ്ക്കുന്നതിനൊപ്പം സഹജീവികള്‍ക്ക് കൈതാങ്ങാവുന്നു എന്നതാണ് ഇക്കായീസിന്റെ പ്രധാന പ്രത്യേകത.
ഷെമീം അര്‍ഫാത്ത്, ഫുലൈജ്, നസീഫ്, ഷാസ് ആദിന്, ഷൈമ, ഷമീര്‍. എന്നി ആറു ചെറുപ്പക്കാരാണ് ഇക്കയീസ് സംഘത്തിലുള്ളവര്‍. എട്ട് ലക്ഷത്തോളം രൂപ ചിലവിട്ട് ആരംഭിച്ച ഇക്കായീസിന്റെ പ്രാഥമിക ലക്ഷ്യം സ്ത്രീ ശാക്തീകരണമാണ്. അതായിത് താഴെക്കിടയില്‍ കിടക്കുന്ന സഹജീവികള്‍ക്ക് സാമ്പത്തിക സ്ഥിരത നല്‍കാനായി തൊഴിലില്ലാത്ത വീട്ടമ്മമാര്‍ക്ക് തൊഴില്‍ നല്‍കുക. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കണം എന്ന് പഠനകലത്തുതന്നെ ലക്ഷ്യമിട്ടതിനാല്‍ ബിസിനസ് എന്ന തീരുമാനത്തിലെത്തിയപ്പോള്‍ സേവനത്തിനും മുന്‍തൂക്കം നല്കി. പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നതിനാല്‍ വിഷമമനുഭവിക്കുന്നവരെ കണ്ടെത്താനും സഹായിക്കാനും ഇവര്‍ക്ക് പെട്ടെന്ന് സാധിച്ചു. ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള സാധനങ്ങള്‍ ഇക്കായീസ് സംഘം വീട്ടമ്മമാര്‍ക്ക് എത്തിച്ചു കൊടുക്കും. അവരുണ്ടാക്കി നല്കുന്ന വിഭവങ്ങള്‍ക്ക് വിലയും നല്‍കും.
കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴിലെത്തിക്കാനായി കറിപ്പൊടികളും അച്ചാറുമുള്പ്പടെയുള്ള ഭക്ഷണ വസ്തുക്കള്‍ വിപണിയിലെത്തിക്കാനും ഇവര്‍ പദ്ധതിയിടുന്നു.