കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സിപിഐഎം റാലിയ്ക്കിടെ റിപ്പോര്‍ട്ടിംഗിനായെത്തിയ ഏഷ്യാനെറ്റ് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ക്ഷമാപണവുമായി ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെയാണ് റാലിയ്ക്കിടെ റിപ്പോര്‍ട്ടിംഗിനായെത്തിയ മാധ്യമ പ്രവര്‍ത്തകരായ അനുമോദിനെയും അരവിന്ദിനെയും പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഈ പെരുമാറ്റത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നതായാണ് ജില്ലാ സെക്രട്ടറി പി. മോഹനനന്‍ മാസ്റ്റര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്നലെ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സി പി ഐ (എം) റാലി നടക്കുന്നതിനിടയില്‍ ഏഷ്യനെറ്റിന്റെ ഫോട്ടോഗ്രാഫര്‍ക്കും റിപ്പോര്‍ട്ടര്‍ക്കും മര്‍ദ്ദനമേല്‍ക്കാന്‍ ഇടയായ സംഭവത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരായ അനുമോദ്, അരവിന്ദ് എന്നിവരെ സന്ദര്‍ശിച്ച് ഇക്കാര്യം അവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവം ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ല. മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്രത്തേയും, അവകാശത്തേയും എപ്പോഴും വലിയ അളവില്‍ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സി.പി.ഐ.(എം). ഏതെങ്കിലും വിധത്തില്‍ ഉത്തരവാദപ്പെട്ട പാര്‍ടി പ്രവര്‍ത്തകര്‍ ആരെങ്കിലും ഈ സംഭവവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പാര്‍ട്ടി പരിശോധിക്കും. പാര്‍ടി പ്രവര്‍ത്തകര്‍ ആരെങ്കിലും ഇതുമായി ബന്ധമുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുക തന്നെ ചെയ്യും. സി.പി.ഐ.(എം)ന്റെ ഇക്കാര്യത്തിലുള്ള തുറന്ന നിലപാടും, സമീപനവും പൊതു സമൂഹവും, പാര്‍ടി പ്രവര്‍ത്തകരും മനസിലാക്കണമ്മെന്ന് അഭ്യര്‍ത്ഥിക്കുന്നു..