കടലോര മേഖലയായ മുകച്ചേരിയില്‍ കഴിഞ്ഞ ദിവസം രാവിലെ വലിയ ശബ്ദത്തോടെ രൂപപ്പെട്ട കുഴികള്‍ ഭയപ്പെടേണ്ടതല്ലെന്ന് വിദഗ്ദര്‍. രാവിലെ പതിനൊന്നു മണിയോടെയാണ് വലിയ ശബ്ദത്തോടെ പ്രദേശത്തെ ഭൂമിയില്‍ കുഴിയും വീടുകള്‍ക്ക് വിള്ളലും രൂപപ്പെട്ടത്. ഭൂമി കുലുക്കമാണെന്ന പ്രചാരണത്തെ തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി.
പ്രദേശത്തും വീടുകളിലും ആളുകള്‍ ഉണ്ടായിരുന്നപ്പോഴാണ് ഉഗ്ര ശബ്ദത്തോടെ ഭൂമിയില്‍ കുഴികള്‍ രൂപപ്പെട്ടത്. രണ്ടു സെക്കന്‍ഡിനകം ശബ്ദത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും വീടുകളില്‍ പ്രത്യക്ഷപ്പെട്ട വിള്ളല്‍ ഭീതിയായി. വലിയ വിള്ളലുകളാണ് പല വീടിന്റെയും ചുവരില്‍ ഉണ്ടായത്. ജിയോളജിക്കല്‍ അധികൃതര്‍ സ്ഥല പരിശോധന നടത്തി.
മുകച്ചേരിക്ക് തൊട്ടടുത്ത് ഇപ്പോള്‍ തണല്‍ പുനരധിവാസ കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണപ്പെട്ട വിള്ളലിനെപ്പറ്റിയും സംശയം ജനിക്കുന്നു. ഉത്തരേന്ത്യയില്‍ നിന്നു വടകരയില്‍ താമസമാക്കിയ കൊപ്ര വ്യാപാര കമ്പനിയായ ഷാ ആന്‍ഡ് ഷായുടെ കയ്യിലായിരുന്ന നിരവധി മുറികളുള്ള കെട്ടിടത്തില്‍ പലയിടത്തും വിള്ളല്‍ പരിഭ്രാന്തി പരത്തിയിരുന്നു. പത്തു വര്‍ഷം മുന്‍പുണ്ടായ വിളളലിനെപ്പറ്റി അന്ന് അന്വേഷണം നടന്നെങ്കിലും കാരണം വ്യക്തമായിരുന്നില്ല. കടലോര പ്രദേശമായ മുകച്ചേരിയിലില് വെള്ളം കെട്ടി നില്ക്കുന്ന പ്രദേശമാണ്.
ഇത്തരം പ്രദേശങ്ങളില്‍ പൊട്ടലും വിള്ളലും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ നിഗമനം. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ അന്തിമ റിപ്പോര്‍ട്ട് പുറത്തു വീടൂ. ഇനിയും അപകട സാധ്യതയുള്ളതിനാല്‍ മുന്‍ കരുതലായി ആംബുലന്‍സ് സൗകര്യം ഒരുക്കിയിട്ടുണ്ട്.