വേനല്‍ചൂടും തെരഞ്ഞെടുപ്പ് ചൂടും കനത്തതോടെ വിപണിയിലെ താരം ഇപ്പോള്‍ കുടയാണ്. പാര്‍ട്ടി തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് തേടാന്‍ കുടപിടിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ വെയിലേറ്റ് വാടാതിരിക്കാനാണ് ഈ പുത്തന്‍ കുടകള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങുമ്പോള്‍ വെയിലിനെ വെല്ലാനും എതിരാളികളെ വെല്ലാനും കുട ആയുധമാക്കുകയാണ് പ്രവര്‍ത്തകര്‍. ഓരോ പാര്‍ട്ടികളുടെയും ചിഹ്നങ്ങള്‍ പതിച്ച കളര്‍ കുടകളാണ് വിപണിയില്‍ രാഷ്ടരീയ പാര്‍ട്ടികളുടെ മനസ് കീഴടക്കി വോട്ട് തേടാനൊരുങ്ങുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ തൊപ്പികളും സണ്ഗാര്ഡുകളും പ്രചാരണ രംഗത്തുണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ കുടകള്‍ രംഗത്തെത്തിയത്. പ്രചാരണ രംഗത്തിറങ്ങുന്ന പ്രവര്‍ത്തകര്‍ക്കു സ്ക്വാഡ് പ്രവര്‍ത്തനത്തിനും പ്രകടനങ്ങള്‍ക്കും ഉപയോഗിക്കാനായാണു കുടകള്‍.
വേനല്‍കാലത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വിപണി ലക്ഷ്യമിട്ട് പയ്യന്നൂരിലെ വ്യാപാരിയായ ഷെരീഫ് ആണു മഹാരാഷ്ട്രയിലെ താനയില്‍ നിന്നു രാ്ട്രീയ കുടകള്‍ വിപണിയിലെത്തിച്ചത്. 5,000ത്തോളം കുടകള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. 250 മുതല്‍ 275 രൂപ വരെയാണു വില. സിപിഎമ്മിനായി ചുവപ്പുനിറത്തിലുള്ള തുണിയില്‍ വെള്ള നിറംകൊണ്ട് അരിവാള്‍ ചുറ്റിക നക്ഷത്രവും കോണ്‍ഗ്രസിനായി ത്രിവര്‍ണ തുണിയില്‍ കൈപ്പത്തി ചിഹ്നവും മുസ്ലിം ലീഗിനായി പച്ചനിറത്തിലുള്ള തുണിയില്‍ ഏണി ചിഹ്നവുമായാണു കുടകള്‍ ഒരുക്കിയിരിക്കുന്നത്.