കോഴി ഇല്ലാതെ കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്ന വ്യാജമുട്ട മാര്‍ക്കറ്റുകളില്‍ വ്യാപകമാകുന്നു. നാടന്‍ കോഴിമുട്ടയുടെ നിറത്തിലെത്തുന്ന വ്യാജന് വിപണിയില്‍ ഡിമാന്റുണ്ടാക്കുന്നത് നാടന്‍മുട്ടയെന്ന പേരിലാണ്. ചൈനീസ് നിര്‍മ്മിത മുട്ടയെന്ന് പറയുന്ന വ്യാജന് വില കൂടുതലാണ്. തമിഴ്നാട്ടില്‍ നിന്നെത്തുന്ന കോഴിമുട്ടയ്ക്ക് പൊതുമാര്‍ക്കറ്റില്‍ നൂറെണ്ണത്തിന് മുന്നൂറ്റി അറുപത് രൂപയാണ് വില. ചില്ലറ വില്‍പ്പനക്കാര്‍ ഒന്നിന് നാല് രൂപ തോതിലാണ് ഈടാക്കുന്നത്. എന്നാല്‍ നാടന്‍മുട്ടയുടെ വ്യാജനായെത്തുന്ന ചൈനീസ് മുട്ടയ്ക്ക് അഞ്ച് മുതല്‍ ആറ് രൂപ വരെ വാങ്ങിയാണ് ചില്ലറ വില്‍പ്പന നടത്തുന്നത്. ചൈനയാണ് വ്യാജമുട്ടയുടെ ഉത്ഭവ കേന്ദ്രമെന്ന് പറയുന്നുണ്ടെങ്കിലും മറ്റു ചില രാജ്യങ്ങളിലും ഇത്തരം മുട്ടകള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് അറിയുന്നത്. തെരുവു വിഭവങ്ങളിലാണ് വ്യാജമുട്ടകള്‍ കൂടുതലായും ഉപയോഗിക്കുന്നത്.
നിറം നാടന്മുട്ടയുടേതാണെങ്കിലും തൊലി പരുക്കനാണ്. സാധാരണ കോഴിമുട്ട കേടുവന്നാല്‍ മാത്രമേ കുലുക്കിയാല്‍ ശബ്ദം കേള്‍ക്കൂ. എന്നാല്‍ വ്യാജമുട്ട കേടുവരില്ലെന്ന് മാത്രമല്ല എല്ലായിപ്പോഴു൦ കുലുക്കമുള്ളതായിരിക്കും. ഇതിന്റെ മഞ്ഞക്കരുവിന് നല്ല കട്ടിയുണ്ടായിരിക്കും. കോഴിമുട്ട പൊട്ടിച്ചാല്‍ തോടിനുള്ളില്‍ നേരിയ പാട കാണാന്‍ കഴിയും. ചൈനീസ് മുട്ടയ്ക്ക് ഇത് കാണാന്‍ കഴിയില്ല. കോഴിമുട്ട ഉടച്ചാല് നേരിയതോതില്‍ പച്ച ഇറച്ചിയുടെ ഗന്ധുണ്ടാകും. വ്യാജന് ഇതുണ്ടാകില്ല. അസ്ഥിദ്രവിക്കുക, കരള്‍ രോഗങ്ങള്‍, വൃക്കരോഗം, മറവിരോഗം തുടങ്ങി ചികിത്സിച്ചാലും രക്ഷകിട്ടാത്ത മാരക രോഗങ്ങളാണ് വ്യാജമുട്ടയുണ്ടാക്കുന്നത്. ഒരു കോഴിമുട്ടയുണ്ടാക്കുന്നതിന്റെ അഞ്ചിലൊന്ന് ചെലവ് മതി വ്യാജനുണ്ടാക്കാന്‍.