Home » ഇൻ ഫോക്കസ് » ലാലേട്ടന്റെ ഓര്‍മ്മകളിലെ ആണ്ടിയേട്ടന്‍

ലാലേട്ടന്റെ ഓര്‍മ്മകളിലെ ആണ്ടിയേട്ടന്‍

കോഴിക്കോടിന്റെ നാടകവേദികളില്‍ നിറഞ്ഞ സദസ്സിനെ കൈയ്യിലെടുത്ത കുഞ്ഞാണ്ടിയെ മറക്കാന്‍ കോഴിക്കോടുകാര്‍ക്കുമാത്രമല്ല സിനിമാ പ്രേമികള്‍ക്കുമാവില്ല. കോഴിക്കോടുകാരെ സംബന്ധിച്ചിടത്തോളം കുഞ്ഞാണ്ടിയെന്നത് ഒരു നാടക ചലച്ചിത്ര നടന്റെ പേര് മാത്രമായിരുന്നില്ല. സാമൂഹിക സേവനത്തിലൂടെ, മനുഷ്യ സ്‌നേഹത്തിലൂടെ അഭിനയചാതുരിയിലൂടെ ഹൃദയം കവര്‍ന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ആണ്ടിയേട്ടനായിരുന്നു. കുതിരവട്ടം പപ്പു, മാമുക്കോയ, ബാലന്‍ കെ. നായര്‍, സുധാകരന്‍, തുടങ്ങി അരങ്ങില്‍ നിന്നും വെള്ളിത്തിരയിലെത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അനുഗ്രഹീതതാരമായിരുന്നു കുഞ്ഞാണ്ടി. ഈഡിപ്പസ് രാജാവായി വേദിയെ ഇളക്കി മറിച്ച കുഞ്ഞാണ്ടി എന്ന ആണ്ടിയേട്ടന്‍ മോഹന്‍ലാലിന്റെ ഓര്‍മ്മകളില്‍ ഒരു വിസ്മയം തന്നെയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒടുവില്‍ ഉണ്ണികൃഷ്ണനും ഭരത് ഗോപിയും നെടുമുടി വേണുവിനുമൊപ്പമാണ് കോഴിക്കോട് കുതിരവട്ടത്തുള്ള കുഞ്ഞാണ്ടിയുടെ വീട്ടിലേക്ക് മോഹന്‍ലാല്‍ എത്തിയത്. അന്ന് സത്യന്‍ അന്തിക്കാടിന്റെ അപ്പുണ്ണിയുടെ ഷൂട്ടിംഗ് കോഴിക്കോട് നടക്കുന്നുണ്ടായിരുന്നു. കുഞ്ഞാണ്ടിയുടെ ക്ഷണം സ്വീകരിച്ച് എല്ലാവരും കുതിരവട്ടം പപ്പുവിന്റെ തൊട്ടടുത്തുള്ള കുഞ്ഞാണ്ടിയുടെ വീട്ടിലേക്ക് സന്ധ്യയോടെ തന്നെ ഒത്തുചേര്‍ന്നു. നാടകത്തെയും സിനിമയെയും ഒരുപോലെ സ്‌നേഹിക്കുന്നവര്‍ ഒത്തുചേര്‍ന്നപ്പോള്‍ സൗഹൃദ സംഭാഷണവും നീണ്ടു.

മോഹന്‍ലാല്‍ ഒഴികെ കുഞ്ഞാണ്ടിയടക്കം അവിടെയെത്തിയവരെല്ലാം നാടക മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരായിരുന്നു. നാടക പ്രവര്‍ത്തനങ്ങളെ കുറിച്ചും അരങ്ങിലെ അഭിനയത്തെ കുറിച്ചും സംസാരിക്കുന്നതിനിടയില്‍ കുഞ്ഞാണ്ടിയുടെ പഴയ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ മോഹന്‍ലാലടക്കമുള്ള സംഘത്തെ കാണിച്ചുകൊടുത്തു. ഈഡിപ്പസ് രാജാവായി കുഞ്ഞാണ്ടി അഭിനയിച്ച നാടകത്തിലെ ഒരു രംഗത്തിന്റെ ഫോട്ടോയായിരുന്നു അത്. അറുപതുകളുടെ തുടക്കത്തില്‍ കേരളത്തിലെ നാടകാസ്വാദകരുടെ മനസ്സില്‍ കുഞ്ഞാണ്ടിയെന്ന നടന്‍ സ്ഥാനം ഉറപ്പിച്ച ഈഡിപ്പസിലെ ചിത്രം. ഈഡിപ്പസ് എന്ന കേന്ദ്ര കഥാപാത്രമായി കുഞ്ഞാണ്ടി അരങ്ങ്‌വാണ കാലത്തെ മുഴുവന്‍ ആവാഹിച്ച ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം. അതിനെക്കാള്‍ ശക്തമായൊരു കഥാപാത്രത്തെ ആണ്ടിയേട്ടന്‍ സിനിമയിലോ നാടകത്തിലോ പിന്നീട് അവതരിപ്പിച്ചിട്ടുണ്ടാവില്ലെന്നാണ് ചിത്രം കണ്ട മോഹന്‍ലാലിന് പോലും തോന്നിയത്. നാടകത്തില്‍ ക്രയോണിന്റെ വേഷമിട്ട ബാലന്‍ കെ. നായരും ഫോട്ടോയിലുണ്ടായിരുന്നു.

നാടകാസ്വാദകരുടെയും വിമര്‍ശകരുടെയും ശ്രദ്ധയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയ നാടകമായിരുന്നു ഈഡിപ്പസ്. ഈഡിപ്പസിലെ അഭിനയത്തിന് ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡും കുഞ്ഞാണ്ടിയെ തേടിയെത്തി. നാടകത്തിലെ ഒരു സംഭാഷണത്തെറ്റിന് മനംനൊന്ത് താന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടായിരുന്നെന്നും ആണ്ടിയേട്ടന്‍ ലാലിനോട് പറഞ്ഞു. എന്നാല്‍ അരങ്ങിനെ ആത്മാവായി കണ്ട, ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നില്‍ക്കുമ്പോഴും നാടകാഭിനയത്തിന് പ്രതിഫലം വാങ്ങാതിരുന്ന ആണ്ടിയേട്ടന്‍ കണ്ണീര്‍പൊഴിച്ചതില്‍ അത്ഭുതപ്പെടാന്‍ ലാലിനും സാധിച്ചില്ല. ‘പഴയ ബന്ധം’, ജീവിതം, പുഷ്പ വൃഷ്ടടി, തുടങ്ങി അരങ്ങില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത കുഞ്ഞാണ്ടി എന്ന അഭിനയപ്രതിഭയുടെ മുന്നില്‍ താന്‍ ഒന്നുമല്ലെന്ന് തോന്നിയ നിമിഷമായിരുന്നു അതെന്ന് മോഹന്‍ലാല്‍ ഓര്‍ക്കുന്നു.

അഹിംസ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് മോഹന്‍ലാല്‍ കുഞ്ഞാണ്ടിയെ പരിചയപ്പെടുന്നത്. വേഷങ്ങളുടെ വലിപ്പച്ചെറുപ്പം നോക്കാതം ക്യാമറയ്ക്ക് മുന്നിലെത്തിയ കുഞ്ഞാണ്ടി ഒരു അച്ഛന്റെ സ്‌നേഹ വാത്സല്യങ്ങളോടെയായിരുന്നു എന്നും എപ്പോഴും സംസാരിച്ചിരുന്നതെന്ന് ലാല്‍ ഓര്‍ക്കുന്നു. (മോഹന്‍ലാലിന്റെ ഓര്‍മ്മക്കുറിപ്പില്‍ നിന്നും)

Leave a Reply